22 December Sunday

പണപെരുപ്പം: ഇന്ത്യൻ വിപണിയിൽ നിന്നും നിക്ഷേപം തിരിച്ചു പിടിക്കാൻ മത്സരം... സ്‌റ്റോക്ക്‌ റിവ്യൂ

കെ ബി ഉദയ ഭാനുUpdated: Sunday Oct 20, 2024

തിരുവനന്തപുരം> പണപെരുപ്പം ഉയർത്തുന്ന ഭീഷണികൾ മുൻ നിർത്തി വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ നിന്നും നിക്ഷേപം തിരിച്ചു പിടിക്കാൻ തുടർച്ചയായ മൂന്നാം വാരത്തിലും മത്സരിച്ചു. ഈമാസം അവർ ഇതിനകം 90,000 കോടി രൂപ വില മതിക്കുന്ന ഓഹരികളാണ്‌ വിറ്റുമാറിയത്‌. കൊറോണ കാലത്തിന്‌ ശേഷം വിദേശ ഓപ്പറേറ്റർമാർ ഇത്രയേറെ ഭീതിയോടെ വിപണിയെ വീക്ഷിച്ചിട്ടില്ല. സുരക്ഷിത നിക്ഷേപമെന്ന നിലയ്‌ക്ക്‌ പണം ഇന്ത്യയിൽ നിന്നും ചൈനയിലേയ്‌ക്ക്‌ അവർ മാറ്റുകയാണ്‌.

റീട്ടെയിൽ പണപ്പെരുപ്പ നിരക്ക്‌ ആഗസ്റ്റിലെ 3.65 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 5.49 ശതമാനമായി ഉയർന്നു. സാമ്പത്തിക വശത്ത്‌ നിന്ന്‌ വീക്ഷിക്കുമ്പോൾ സ്ഥിതികൂടുതൽ സങ്കീർണമാകാൻ ഇടയുണ്ട്‌. രണ്ടാം പാദത്തിലെ തിളക്കമാർന്ന ജി ഡി പി കണക്കുകളാണ്‌ വാരാന്ത്യം ബിജിങ്‌ പുറത്ത്‌ വിട്ടത്‌. നാണയപെരുപ്പം ചൈനയിൽ കുറഞ്ഞു നിൽക്കുന്നതും ബ്ലൂചിപ്പ്‌ ഓഹരികളുടെ വെയിറ്റേജ്‌ താഴ്‌ന്ന്‌ നിൽക്കുന്നതും രാജ്യാന്തര ഫണ്ടുകളെ ആകർഷിച്ചു. ബോംബെ സൂചിക 156 പോയിൻറ്റും നിഫ്‌റ്റി സൂചിക 110 പോയിൻറ്റും പ്രതിവാര നഷ്‌ടത്തിലാണ്‌.

കോർപ്പറേറ്റ്‌ മേഖലയിൽ നിന്നുള്ള തിളക്കമാർന്ന ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകളെ വിപണി കാത്ത്‌ നിൽക്കുകയാണ്‌. ഈവാരം എച്ച്‌ ഡി എഫ്‌ സി ബാങ്കും ഐ സി ഐ സി ഐ ബാങ്കും മികച്ച ഫലം പുറത്തുവിടും. ഇൻഫോസീസ്‌ ടെക്‌നോളജി രണ്ടാം പാദത്തിൽ മികച്ച പ്രവർത്തന ഫലം പുറത്തുവിട്ടിട്ടും ഓഹരി വില രണ്ട്‌ ശതമാനം കുറഞ്ഞു.

ആഭ്യന്തര ഫണ്ടുകൾ 16,384 കോടി രൂപയുടെ നിക്ഷേപം നടത്തി. ഒക്‌ടോബറിൽ അവർ ഇതിനകം 74,176 കോടി രൂപയുടെ ഓഹരികളാണ്‌ ശേഖരിച്ചത്‌. വിദേശ ധനകാര്യസ്ഥാപനങ്ങൾ മാസാരംഭം മുതൽ വിൽപ്പനകാരാണ്‌. കഴിഞ്ഞവാരം അവർ 21,823 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഒക്‌ടോബറിലെ അവരുടെ മൊത്തം ഓഹരി വിൽപ്പന 91,218 കോടി രൂപയാണ്‌. വിദേശ ഫണ്ടുകൾ രൂപ വിറ്റ്‌ ഡോളർ ശേഖരിക്കാൻ കാണിച്ച മത്സരം ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപയുടെ റെക്കോർഡ്‌ മൂല്യ തകർച്ചയ്‌ക്ക്‌ ഇടയാക്കി, വാരാന്ത്യം വിനിമയ നിരക്ക്‌ 84.07 ലാണ്‌.

നിഫ്‌റ്റി 24,964 പോയിൻറ്റിൽ നിന്നും 25,199 പോയിൻറ്‌ വരെ കയറിയെങ്കിലും 25,229 ലെ പ്രതിരോധം മറികടക്കാനായില്ല. ഈ അവസരത്തിൽ ഉടലെടുത്ത വിൽപ്പന തരംഗത്തിൽ സൂചിക 24,700 ലെ സപ്പോർട്ട്‌ തകർത്ത്‌ 24,570 ലേയ്‌ക്ക്‌ ഇടിഞ്ഞങ്കിലും വാരാന്ത്യം 24,854 പോയിൻറ്റിലാണ്‌. സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ 24,549 ആദ്യ താങ്ങ്‌ നഷ്‌ടപ്പെട്ടാൽ സൂചിക 24,245 വരെ തളരാം. അനുകൂല വാർത്തകൾക്ക്‌ സൂചികയെ 25,178 - 25,550 പോയിൻറ്റിലേയ്‌ക്ക്‌ ഉയർത്താനുമാകും.

സെൻസെക്‌സ്‌ മുൻവാരത്തിലെ 81,381 ൽ നിന്നും തുടക്കത്തിൽ 82,189 ലേയ്‌ക്ക്‌ ഉയർന്നെങ്കിലും പ്രതിരോധമായ 82,206 ലേയ്‌ക്ക്‌ ചുവടുവെക്കാനായില്ല. ഈ അവസരത്തിൽ ബ്ലൂചിപ്പ്‌ ഓഹരികളിലെ വിൽപ്പന സമ്മർദ്ദം സൂചികയെ 80,409 ലേയ്‌ക്ക്‌ തളർത്തിയെങ്കിലും മാർക്കറ്റ്‌ ക്ലോസിങിൽ വിപണി 81,224 പോയിൻറ്റിലാണ്‌. വിൽപ്പന സമ്മർദ്ദം തുടർന്നാൽ വിപണിക്ക്‌ 80,371 - 79,518 ൽ സപ്പോർട്ടുണ്ട്‌. തിരുത്തൽ പുതിയ നിക്ഷേപത്തിന്‌ അവസരമാക്കി ബയ്യർമാർ രംഗത്ത്‌ ഇറങ്ങിയാൽ സെൻസെക്‌സ്‌ 82,133– 83,042 ലേയ്‌ക്ക്‌ തിരിച്ചു വരവ്‌ നടത്താം.

മുൻ നിര ഓഹരികളായ ടാറ്റാ സ്‌റ്റീൽ, ടാറ്റാ മോട്ടേഴ്‌സ്‌, മാരുതി, എം ആൻഡ് എം, ഇൻഡസ്‌ ബാങ്ക്‌, ആർഐഎൽ, റ്റിസിഎസ്‌, എച്ച്‌യുഎൽ, സിപ്ല, ഇൻഫോസീസ്‌, ഒഎൻജിസി തുടങ്ങിയ ഓഹരികൾക്ക്‌ തിരിച്ചടിനേരിട്ടപ്പോൾ സൺ ഫാർമ്മ, ഡോ. റെഡീസ്‌, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, ഐസിഐസിഐ ബാങ്ക്‌, വിപ്രോ, എയർടെൽ, ഹിൻഡാൽക്കോ തുടങ്ങിയവയിൽ നിക്ഷേപകർ പിടിമുറുക്കി. സാർവദേശീയ സ്വർണ വില സർവകാല റെക്കോർഡിൽ. ന്യൂയോർക്കിൽ ട്രോയ്‌ ഔൺസിന്‌ 2656 ഡോളറിൽ നിന്നും 2700 ലെ പ്രതിരോധം ആദ്യമായി മറികടന്ന്‌ 2723 ഡോളറിലേയ്‌ക്ക്‌ ഉയർന്ന ശേഷം 2720 ഡോളറിലാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top