ഇന്ത്യൻ ഓഹരി വിപണി ഒക്‌ടോബറിലെ തകർച്ചയ്‌ക്ക് ശേഷം നവംബറിൽ കരുത്ത് തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾക്ക് ദീപാവലി മുഹൂർത്ത വ്യാപാരം അവസരം ഒരുക്കി. ദീപാവലി മുഹൂർത്ത കച്ചവടത്തിൽ സെൻസെക്‌സും നിഫ്‌റ്റിയും ഉണർവ് കാഴ്‌ച്ചവെച്ചത് പ്രദേശിക നിക്ഷേപകരെ വിപണിയിലേയ്‌ക്ക് ആർക്ഷിക്കും. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളും രംഗത്ത് നിക്ഷപകരായി നിലകൊള്ളാം. എന്നാൽ സെപ്‌തംബറിൽ ഇന്ത്യൻ വിപണിയിലേയ്‌ക്ക് പണം വാരി എറിഞ്ഞ വിദേശ ഓപ്പറേറ്റർമാർ ഒക്‌ടോബറിൽ നിക്ഷേപം തിരിച്ചു പിടിക്കാൻ കാണിച്ച വ്യഗ്രത തുടർന്നാൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാകും.
സെൻസെക്‌സ് 321 പോയിൻറ്റും നിഫ്‌റ്റി സൂചിക 118 പോയിൻറ്റും പ്രതിവാര മികവിലാണ്. ആഗോള വിപണികൾ അമേരിക്കൻ തെരഞ്ഞടുപ്പിനെ ഉറ്റ് നോക്കുകയാണ്, ഇതിനിടയിൽ യു എസ് ഫെഡ് റിസർവ് അടുത്ത യോഗത്തിൽ പലിശ നിരക്ക് സംബന്‌ധിച്ച് പുതിയ പ്രഖ്യാപനങ്ങൾക്ക് നീക്കം നടത്താം. സാർവദേശീയ വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടങ്ങളും കോർപ്പറേറ്റ് മേഖല ഈ വാരം പുറത്തുവിടുന്ന ത്രൈമാസ പ്രവർത്തന ഫലങ്ങളെയും നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റ് നോക്കുന്നു.
വിദേശ ഫണ്ടുകൾ ഒക്‌ടോബറിൽ 1.28 ലക്ഷം കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. പിന്നിട്ടവാരം വിദേശ ഓപ്പറേറ്റർമാർ 14,415 കോടി രൂപ പിൻവലിച്ചു. അതേ സമയം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിപണിക്ക് ശക്തമായ പിൻതുണ നൽകി കഴിഞ്ഞ മാസം ഒരു ലക്ഷം കോടി രൂപയുടെ ഓഹരികൾ വാരികൂട്ടി. കഴിഞ്ഞവാരത്തിലെ അവരുടെ നിക്ഷേപം 10,163.85 കോടി രൂപയാണ്.
ഫോറെക്‌സ് മാർക്കറ്റിൽ രൂപയ്‌ക്ക് റെക്കോർഡ് മുല്യ തകർച്ച. ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 84.10 ലേയ്‌ക്ക് ദുർബലമായി. മൂന്നാഴ്‌ച്ചയായി രൂപയ്‌ക്ക് താങ്ങ് പകരാൻ ആർ ബി ഐ വിപണിയിൽ ശക്തമായ ഇടപെടൽ നടത്തിയത് 84.40 ലേയ്‌ക്ക് ഇടിയാനുള്ള സാധ്യതകളെ താൽക്കാലികമായി തടഞ്ഞു നിർത്തിയെങ്കിലും വർഷാന്ത്യതോടെ ദുർബലാവസ്ഥ രൂക്ഷമാകാനാണ് സാധ്യത. ഇതിനിടയിൽ അമേരിക്ക പലിശ നിരക്കിൽ ഭേഗതികൾ വരുത്തി ഡോളറിനെ ശക്തമാക്കുമെന്നതും രൂപയിലെ സമ്മർദ്ദം ഇരട്ടിപ്പിക്കാം.
24,180 പോയിൻറ്റിൽ ഇടപാടുകൾ തുടങ്ങിയ നിഫ്‌റ്റി തുടക്കത്തിൽ 24,500 ലേയ്‌ക്ക് അടുത്ത സന്ദർഭത്തിൽ വിദേശ ഓപ്പറേറ്റർമാർ സൃഷ്‌ടിച്ച വിൽപ്പനയിൽ സൂചിക 24,155 ലേയ്‌ക്ക് ഇടിഞ്ഞങ്കിലും മാർക്കറ്റ് ക്ലോസിങിൽ 24,304 പോയിൻറ്റിലാണ്. ഈവാരം വിപണിക്ക് 24,478 – 24,657 പോയിൻറ്റിൽ പ്രതിരോധമുണ്ട്. വിപണിയുടെ താങ്ങ് 24,132 - 23,965 പോയിൻറ്റിലാണ്.
സെൻസെക്‌സ് 79,402 ൽ നിന്നും 80,531 പോയിൻറ്റിലേയ്‌ക്ക് ചുവടുവെച്ച സന്ദർഭത്തിലാണ് വിദേശ ഇടപാടുകാർ വീണ്ടും വിൽപ്പന സമ്മർദ്ദവുമായി രംഗത്ത് ഇറങ്ങിയതോടെ സൂചിക 79,300 ലേയ്‌ക്ക് ഇടിഞ്ഞു. എന്നാൽ വെളളിയാഴ്‌ച്ച നടന്ന ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ അപ്രതീക്ഷിച്ച തിരിച്ചു വരവിൽ 79,724 ലേയ്‌ക്ക് കയറി.
ഇൻഫോസീസ്, വിപ്രോ, റ്റി സി എസ്, ടെക് മഹീന്ദ്ര, സൺ ഫാർമ്മ, എച്ച് ഡി എഫ് സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ടാറ്റാ മോട്ടേഴ്‌സ്, മാരുതി, എയർടെൽ ഓഹരികൾക്ക് തിരിച്ചടിനേരിട്ടു. ടാറ്റാ സ്‌റ്റീൽ, എം ആൻറ് എം, ആർ ഐ എൽ, എച്ച് യു എൽ, ഐ സി ഐ സി ഐ ബാങ്ക്, എസ് ബി ഐ തുടങ്ങിയ ഓഹരികളിൽ വാങ്ങൽ താൽപര്യം ദൃശ്യമായി. സാർവദേശീയ സ്വർണ വിപണിയിൽ റെക്കോർഡ് മുന്നേറ്റം. ട്രോയ് ഔൺസിന് 2749 ഡോളറിൽ നിന്നും റെക്കോർഡായ 2790 വരെ ഉയർന്നു. ഈ അവസരത്തിൽ ഫണ്ടുകൾ ലാഭമെടുപ്പിന് കാണിച്ച ഉത്സാഹത്തെ തുടർന്ന് വാരാന്ത്യം നിരക്ക് 2735 ഡോളറിലേയ്‌ക്ക് ഇടിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..