അമേരിക്കൻ തെരഞ്ഞടുപ്പ് ഫലം ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ച് ഉലച്ചു. വിദേശ ഓപ്പറേറ്റർമാർ നിഷേപം തിരിച്ചു പിടിക്കാൻ കാണിച്ച മത്സരത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ ആഭ്യന്തര ഫണ്ടുകൾക്കായില്ല. ഇതിനിടയിൽ ഡോളർ സൂചികയിലെ മുന്നേറ്റം കണ്ട് രാജ്യാന്തര ഫണ്ടുകൾ ഇന്ത്യയിലെ നിക്ഷേപം തിരിച്ചു പിടിക്കാനും തിടുക്കം കാണിച്ചു. ബിഎസ്ഇ റിയാലിറ്റി സൂചിക നാല് ശതമാനവും പവർ ഇൻഡക്സ് രണ്ടര ശതമാനം കുറഞ്ഞു. അതേ സമയം ഐടി ഇൻഡക്സിൽ ഉണർവ് ദൃശ്യമായി. സെൻസെക്സ് 237 പോയിന്റ്റും നിഫ്റ്റി സൂചിക 156 പോയിന്റ്റും പ്രതിവാര നഷ്ടത്തിലാണ്.
സെൻസെക്സ് 79,724 പോയിന്റിൽ നീങ്ങിയ അവസരത്തിലാണ് വിദേശ ഓപ്പറേറ്റർമാർ മുൻ നിര രണ്ടാം നിര ഓഹരി വിൽപ്പനയ്ക്ക് തിടുക്കം കാണിച്ചത്. ഇതോടെ സമ്മർദ്ദത്തിൽ അകപ്പെട്ട വിപണി 78,311 ലേയ്ക്ക് ഇടിഞ്ഞു. ആദ്യ തകർച്ച കണ്ട് ആഭ്യന്തര ഫണ്ടുകൾ രക്ഷകരായി രംഗത്ത് എത്തി വിപണിയെ 80,529 വരെ കൈപിടിച്ച് ഉയർത്തി. വിദേശ ഫണ്ടുകൾ വാരമദ്ധ്യം വീണ്ടും വിൽപ്പനക്കാരുടെ മേലങ്കി അണിഞ്ഞത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി. സെൻസെക്സ് വ്യാപാരാന്ത്യം 79,486 പോയിന്റ്റിലാണ്. ഈ വാരം വിപണിക്ക് 78,349 - 77,212 പോയിന്റ്റിൽ താങ്ങും 80,576 - 81,666 ൽ പ്രതിരോധവുമുണ്ട്.
നിഫ്റ്റി 24,304 ൽ നിന്നും 23,830 ലേയ്ക്ക് താഴ്ന്ന ശേഷമുള്ള തിരിച്ചു വരവിൽ 24,531 ലേയ്ക്ക് ചുവടുവെച്ചെങ്കിലും അധികം നേരം ഉയർന്ന തലത്തിൽ പിടിച്ചു നിൽക്കാൻ സൂചികയ്ക്കായില്ല. ഇതിനിടയിൽ അമേരിക്കൻ തെരഞ്ഞടുപ്പ് ഫലം പുറത്ത് വന്നതോടെ ഇന്ത്യൻ മാർക്കറ്റ് ആടി ഉലഞ്ഞു. മാർക്കറ്റ് ക്ലോസിങിൽ 24,148 പോയിന്റ്റിലാണ്. നിഫ്റ്റി 23,809 ലെ സപ്പോർട്ട് നിലനിർത്തി 24,509- 24,870 റേഞ്ചിലേയ്ക്ക് മുന്നേറാൻ ശ്രമിക്കാം. ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ 23,470 ലേയ്ക്ക് പരീക്ഷണങ്ങൾക്ക് മുതിരാം. സാങ്കേതിമായി വീക്ഷിച്ചാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെന്റ് സെല്ലിങ് മൂഡിലാണ്.
മുൻ നിര ഓഹരികളായ ഇൻഫോസീസ്, റ്റി സി എസ്, ടെക് മഹീന്ദ്ര, എച്ച് സി എൽ, മാരുതി, എച്ച് ഡി എഫ് സി ബാങ്ക് ഓഹരികൾ പ്രതിവാര നേട്ടത്തിലാണ്. വിൽപ്പന സമ്മർദ്ദത്തിൽ സൺ ഫാർമ്മ, ആക്സിസ് ബാങ്ക്, ഇൻഡസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടേഴ്സ്, ആർ ഐ എൽ, എച്ച് യു എൽ, എയർ ടെൽ, സൺ ഫാർമ്മ, ഐ റ്റി സി തുടങ്ങിയ ഓഹരി വിലകൾ താഴ്ന്നു.
വിദേശ ഓപ്പറേറ്റർമാർ 19,638 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 14,391 കോടി രൂപയുടെ നിക്ഷേപം കഴിഞ്ഞവാരം നടത്തി. യു എസ് ഫെഡ് റിസർവ് വാരാവസാനം പലിശ നിരക്ക് കുറച്ചു. ഈ വർഷം ഇത് രണ്ടാം തവണയാണ് അവർ പലിശയിൽ ഭേദഗതി വരുത്തുന്നത്. സമ്പദ്ഘടന ശക്തമാക്കാൻ നടത്തുന്ന നീക്കം ഡോളറിനെ ശക്തമാക്കും. സെപ്റ്റംബറിൽ 50 ബേസിസ് പോയിന്റ്റും ഇത്തവണ 25 ബേസിസ് പോയിന്റ്റും കുറച്ച അവർ അടുത്ത യോഗത്തിൽ വീണ്ടും കുറവ് പ്രഖ്യാപിക്കാം.
രൂപയ്ക്ക് റെക്കോർഡ് മുല്യ തകർച്ച. ഡോളറിന് മുന്നിൽ പിടിച്ചു നിൽക്കാൻ ഇന്ത്യൻ നാണയം ക്ലേശിക്കുകയാണ്. ആർ ബി ഐ കരുതൽ ധനം ഇറക്കിയെങ്കിലും തകർച്ച തടയാനായില്ല. രൂപ 84.10 ൽ നിന്നും പ്രതിരോധങ്ങൾ തകർത്ത് 84.37 ലേയ്ക്ക് ഇടിഞ്ഞു. പുതിയ സാഹചര്യത്തിൽ രൂപ 84.49 നെ ഉറ്റ് നോക്കാം. ഈ മാസം വിനിമയ നിരക്ക് 84.10 - 84.60 റേഞ്ചിൽ നീങ്ങാം.
വിദേശ നാണ്യ ശേഖരത്തിൽ ഇടിവ്. നവംബർ ഒന്നിന് അവസാനിച്ച വാരത്തിൽ കരുതൽ ധനം 260 കോടി ഡോളർ ഇടിഞ്ഞ് 68,213 കോടി ഡോളറിലേയ്ക്ക് താഴ്ന്നതായി കേന്ദ്ര ബാങ്ക്. സെപ്റ്റംബർ 27 ന് അവസാനിച്ച വാരം കരുതൽ ധനം 70,000 കോടി രൂപയ്ക്ക് മുകളിലായിരുന്നു. ആഗോള സ്വർണ വിപണിക്ക് തളർച്ച. സാർവദേശീയ വിപണിയിൽ ട്രോയ് ഔൺസിന് 2750 ഡോളറിൽ നിന്നും വിൽപ്പന സമ്മർദ്ദത്തിൽ 2647 വരെ ഇടിഞ്ഞ ശേഷം സ്വർണം 2684 ഡോളറിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..