21 December Saturday

രൂപയുടെ മൂല്യതകർച്ചയിൽ മറുമരുന്നില്ലാതെ കേന്ദ്രം... സ്‌റ്റോക്ക്‌ റിവ്യൂ

കെ ബി ഉദയ ഭാനുUpdated: Monday Nov 18, 2024

രൂപയുടെ മൂല്യ തകർച്ച അത്യന്തം ഗുരുതരാവസ്ഥയിലേയ്‌ക്ക്‌ നീങ്ങുമ്പോഴും മറുമരുന്ന്‌ കണ്ടെത്താനാവാതെ ധനമന്ത്രാലയം ഇരുട്ടിൽ തപ്പുന്നു. സാമ്പത്തിക മേഖലയെ പിടികൂടിയ വ്യാധി മൂർച്ചിക്കും മുന്നേ ബാധ്യതകൾ പണമാക്കി മാറ്റാൻ വിദേശ ധനകാര്യസ്ഥാപനങ്ങൾ തുടർച്ചയായ ഏഴാം വാരത്തിലും മത്സരിച്ചത്‌ ഓഹരി ഇൻഡക്‌സുകളിൽ വൻ വിള്ളലുളവാക്കി. സെപ്റ്റംബർ അവസാനം സർവകാല റെക്കോർഡ്‌ നിലവാരത്തിൽ നീങ്ങിയ സെൻസെക്‌സും നിഫ്‌റ്റിയും ഇതിനകം പത്ത്‌ ശതമാനം ഇടിഞ്ഞു. ഈ ചുരുങ്ങിയ കാലയളവിൽ ബി എസ് ഇ സൂചിക 8398 പോയിൻറ്റും എൻ എസ്‌ ഇ സൂചിക 2745 പോയിൻറ്റും താഴ്‌ന്നു. പിന്നിട്ടവാരം സെൻസെക്‌സ്‌ 1906 പോയിൻറ്റും നിഫ്‌റ്റി സൂചിക 616 പോയിൻറ്റും ഇടിഞ്ഞു.

ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ കനത്ത നിക്ഷേപകരായി രംഗത്ത്‌ നിറഞ്ഞു നിൽക്കുകയാണെങ്കിലും മുൻ നിര രണ്ടാം നിര ഓഹരികളുടെ തകർച്ചയെ തടയാനായില്ല. സെപ്തംബർ അവസാനം സെൻസെക്സ് റെക്കോർഡായ 85,978 ലേയ്‌ക്കും നിഫ്‌റ്റി റെക്കോർഡായ 26,277 പോയിൻറ്റ്‌ വരെയും ഉയർന്നിരുന്നു. കഴിഞ്ഞ വാരം സൂചിക രണ്ടര ശതമാനം ഇടിഞ്ഞു. തകർച്ചയുടെ ആക്കം കണക്കിലെടുത്താൽ അതേ വേഗത്തിൽ തിരിച്ചു കയറാനുള്ള സാധ്യതകൾക്ക്‌ മങ്ങലേൽക്കുകയാണ്‌. ഈ വാരം ഇടപാടുകൾ നാല്‌ ദിവസങ്ങളിൽ ഒതുങ്ങും. മഹാരാഷ്‌ട്ര  തെരഞ്ഞടുപ്പ്‌ മൂലം ബുധനാഴ്‌ച്ച വിപണി അവധിയാണ്‌. ഗുരുനാനാക്ക്‌ ജയന്ത്രി പ്രമാണിച്ച്‌ കഴിഞ്ഞ വെളളിയാഴ്‌ച്ചയും വിപണി പ്രവർത്തിച്ചില്ല. വിദേശ ധനകാര്യസ്ഥാപനങ്ങൾ ഓപ്പറേറ്റർമാർ പോയവാരം 9683 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. നവംബറിൽ അവർ ഇതിനകം 29,533 കോടി രൂപയുടെ ഓഹരികളാണ്‌ വിറ്റുമാറിയത്‌. ഒക്‌ടോബറിലെ അവർ പിൻവലിച്ചത്‌ 1,28,546 കോടി രൂപയാണ്‌.

ബിഎസ്ഇഐടി സൂചിക ഉയർന്നു, എന്നാൽ പവർ, മെറ്റൽ സൂചികൾക്ക്‌ തളർച്ച നേരിട്ടു. ഇൻഫോസീസ്‌, ടെക്‌ മഹീന്ദ്ര, എച്ച്‌ സി എൽ തുടങ്ങിയ ഐ റ്റി ഓഹരികൾ മികവ്‌ കാണിച്ചപ്പോൾ എച്ച്‌ ഡി എഫ്‌ സി ബാങ്ക്‌, ആക്‌സിസ്‌ ബാങ്ക്‌, ഐ സി ഐ സി ഐ ബാങ്ക്‌, എസ്‌ ബി ഐ, ടാറ്റാ മോട്ടേഴ്‌സ്‌, മാരുതി, എം ആൻറ്‌ എം, ആർ ഐ എൽ, എച്ച്‌ യു എൽ, എയർടെൽ, ടാറ്റാ സ്‌റ്റീൽ, എൽ ആൻറ്‌ റ്റി ഓഹരികൾക്ക്‌ തിരിച്ചടിനേരിട്ടു. ബോംബെ സെൻസെക്‌സ്‌ 79,486 ൽ നിന്നും 80,093 ലേയ്‌ക്ക്‌ കയറിയ വേളയിൽ വിദേശ ഓപ്പറേറ്റർമാർ സൃഷ്‌ടിച്ച വിൽപ്പന സമ്മർദ്ദത്തിൽ സൂചിക 77,411 ലേയ്‌ക്ക്‌ താഴ്‌ർന്ന ശേഷം വാരാന്ത്യം 77,580 പോയിൻറ്റിലാണ്‌. വിദേശ വിൽപ്പന തുടരുന്ന സാഹചര്യത്തിൽ 76,629 - 75,679 റേഞ്ചിലേയ്‌ക്ക്‌ വിപണി സാങ്കേതിക പരീക്ഷണങ്ങൾ നടത്താം, മുന്നേറാൻ ശ്രമം നടത്തിയാൽ 79,311 ൽ പ്രതിരോധമുണ്ട്‌.

നിഫ്‌റ്റി 24,148 ൽ നിന്നുള്ള തകർച്ചയിൽ മുൻവാരം വ്യക്തമാക്കിയ 23,470 ലെ ആദ്യ സപ്പോർട്ട്‌ 14 പോയിൻറ്റിന്‌ നിലനിർത്തി. 664 പോയിൻറ്‌ ഇടിഞ്ഞ്‌ 23,484 താങ്ങ്‌ കണ്ടെത്തി.   വാരാന്ത്യം സൂചിക 23,532 പോയിൻറ്റിലാണ്‌. ഈ വാരം നിഫ്‌റ്റിക്ക്‌ 23,233 – 22,935 ൽ താങ്ങും 24,080 - 24,629 റേഞ്ചിൽ പ്രതിരോധവുമുണ്ട്‌. വിദേശ നിക്ഷേപകരുടെ പിൻമാറ്റവും രൂപയുടെ മൂല്യ തകർച്ചയും പണപ്പെരുപ്പം കുതിച്ചു കയറുന്നതുമെല്ലാം വിപണിയുടെ മുന്നേറ്റത്തിന്‌ തടസഘടകങ്ങളാണ്‌. ഡോളറിന്‌ മുന്നിൽ രൂപയുടെ മൂല്യം 84.37 ൽ നിന്നും 84.52 ലേയ്‌ക്ക്‌ ഇടിഞ്ഞു.  രൂപയുടെ നിലവിലെ അവസ്ഥ വിലയിരുത്തിയാൽ നാണയം 84.70- 84.90 ലേയ്‌ക്ക്‌ ദുർബലമാകാം. വിദേശ നാണയ കരുതൽ ശേഖരത്തിൽ വീണ്ടും ഇടിവ്‌. ആറാഴ്ചകളിൽ കരുതൽ ശേഖരം 29 ബില്യൺ ഡോളർ കുറഞ്ഞതിനടയിൽ ഡോളറിന്‌ മുന്നിൽ രൂപയുടെ മൂല്യം 0.8 ശതമാനം ഇടിഞ്ഞു. നവംബർ എട്ടിന് അവസാനിച്ച വാരം കരുതൽ ധനം 6.48 ബില്യൺ ഡോളർ കുറഞ്ഞ് 675.7 ബില്യൺ ഡോളറായി. സെപ്തംബർ അവസാന 705 ബില്യൺ ഡോളറായിരുന്നു കരുതൽ ധനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top