16 October Wednesday

കമ്പനി, എൽഎൽപി, പാർട്ണർഷിപ്... പുതിയ ബിസിനസിന് ഏത് വേണം?

അരുൺ ചാക്കോUpdated: Wednesday Oct 16, 2024

കൊച്ചി > പുതിയതായി സംരംഭം തുടങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് പൊതുവിൽ ഏതുതരത്തിലുള്ള  സ്ഥാപനമാണ് (ലീ​ഗൽ എന്റിറ്റി) വേണ്ടത് എന്ന സംശയം ഉയരുക സ്വാഭാവികമാണ്. പുതിയ ബിസിനസ് തുടങ്ങാൻ സ്വകാര്യ കമ്പനി, പൊതു (പബ്ലിക്) കമ്പനി, പരിമിതമായ  ബാധ്യതയുള്ള പങ്കാളിത്തം (ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് അഥവാ എൽഎൽപി), പങ്കാളിത്ത സ്ഥാപനം (പാർട്ണർഷിപ് ഫേം), ഏക ഉടമസ്ഥത (സോൾ പ്രൊപ്രൈറ്റർഷിപ്) തുടങ്ങിയ വിവിധ സാധ്യതകളുണ്ട്. ഓരോ ലീ​ഗൽ എന്റിറ്റിക്കും ഗുണവും ദോഷവും ഉണ്ടാകും.  ഇവ ഓരോന്നും കൃത്യമായി മനസ്സിലാക്കിവേണം ബിസിനസിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും അനുയോ​ജ്യമായത് ഏതെന്ന് തീരുമാനിക്കാൻ. ഇതിൽ ചിലതിന്റെ സാധ്യതകളും പരിമിതികളും പരിശോധിക്കാം.

ഏക ഉടമസ്ഥത

പേര് സൂചിപ്പിക്കുന്ന പോലെതന്നെ ഇതിൽ ബിസിനസ് ഉടമ ഒരാളായിരിക്കും. സോൾ പ്രൊപ്രൈറ്റർഷിപ് തുടങ്ങാൻ വളരെ എളുപ്പമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽനിന്നുള്ള ഒരു ലൈസൻസോടെ ഇത് ആരംഭിക്കാനാകും. നിങ്ങളുടേത് ഒരു സ്വയംതൊഴിൽ സംരംഭമാണെങ്കിൽ,  മറ്റാരെയും ഉൾപ്പെടുത്താതെ നിങ്ങളുടെ പൂർണമായ നിയന്ത്രണത്തിലുള്ള ഒരു ബിസിനസാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ ഇത് മികച്ച രീതിയാണ്. പിഎംഇജിപി  സ്കീമിന് കീഴിലുള്ള സർക്കാർ സബ്സിഡി ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സോൾ പ്രൊപ്രൈറ്റർഷിപ് സ്ഥാപനമായിരിക്കണം എന്ന നിബന്ധനയുമുണ്ട്. വ്യക്തി​ഗത നികുതിപോലെതന്നെയാണ് ഇതിന് നികുതി ബാധകമാകുക. സാധാരണ​ഗതിയിൽ വാർഷിക  വിറ്റുവരവ് രണ്ടുകോടി രൂപയ്ക്കുമുകളിൽ പോയാൽ ബാധകമാകുന്ന ആദായനികുതി നിയമപ്രകാരമുള്ള ഓഡിറ്റേ ആവശ്യമുള്ളൂ.

ഈ ​​ഗുണങ്ങളൊക്കെയുണ്ടെങ്കിലും മറ്റു നിക്ഷേപകരിൽനിന്ന് ബിസിനസിന്റെ ഷെയർ കൊടുത്ത് മൂലധനം സ്വരൂപിക്കാൻ ഇതിൽ നിയമപരമായി സാധ്യമല്ല. നഷ്ടമുണ്ടായാൽ അത് ഒറ്റയ്ക്ക് സഹിക്കേണ്ടിയും വരും. മാത്രവുമല്ല, ഏറ്റവും ചുരുങ്ങിയത് ഒരു എൽഎൽപിയുമായോ അല്ലെങ്കിൽ ഒരു കമ്പനിയുമായോ ബിസിനസ് ചെയ്യാനായിരിക്കും വലിയ കമ്പനികളും സർക്കാർ സ്ഥാപനങ്ങളുമൊക്കെ സാധാരണഗതിയിൽ താൽപ്പര്യപ്പെടുക. അതിനാൽ സംരംഭം വലിയതലത്തിലേക്ക് വളർത്താൻ താൽപ്പര്യമുണ്ടെങ്കിൽ ഏക ഉടമസ്ഥത  തെരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്.  



പങ്കാളിത്ത സ്ഥാപനം

ചുരുങ്ങിയത് രണ്ടുപേരുണ്ടെങ്കിൽ ഒരു പാർട്ണർഷിപ് ഫേം രജിസ്റ്റർ ചെയ്യാം. പങ്കാളികൾ തമ്മിലുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ഇത് പ്രവർത്തിക്കേണ്ടത്. ചില്ലറ വ്യാപാരസ്ഥാപനങ്ങൾ, പ്രൊഫഷണൽ, കൺസൾട്ടൻസി സ്ഥാപനങ്ങൾ, ഫാമിലി ബിസിനസ് തുടങ്ങിയവയ്ക്ക്  പാർട്ണർഷിപ് ഫേം തെരഞ്ഞെടുക്കാവുന്നതാണ്. രണ്ടുകോടി രൂപയ്ക്കുമുകളിൽ മൊത്തം വിറ്റുവരവ് ഉണ്ടെങ്കിൽമാത്രമാണ് ഇതിലും ആദായനികുതി നിയമമനുസരിച്ചുള്ള ഓഡിറ്റ് നിർബന്ധമാകുന്നത്. 30 ശതമാനമാണ് നിലവിൽ ബാധകമായ ആദായനികുതിനിരക്ക്. ആദായനികുതി അടച്ചശേഷം ലാഭം പാങ്കാളികൾക്ക് വിതരണം ചെയ്യുമ്പോൾ അതിന്മേൽ വീണ്ടും നികുതി നൽകേണ്ടതില്ല.

പരിധിയില്ലാത്ത ബാധ്യതയാണ് ഇതിന്റെ ഒരു പ്രധാന ന്യൂനത. അതിനാൽ ഇടപാടുകാരുമായി ബന്ധപ്പെട്ട റിസ്ക് കൂടുതലുള്ള ആശുപത്രി, പണമിടപാട് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ഇത് തെരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. ഒരു പങ്കാളി ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരെയും ബാധിക്കും. വിദേശ നിക്ഷേപം (എഫ്ഡിഐ) സ്വീകരിക്കാൻ അനുവാദവുമില്ല.

സ്റ്റാർട്ടപ്പുകൾക്ക് മികച്ചത് കമ്പനി

കമ്പനികൾ എന്ന  ലീഗൽ എന്റിറ്റി പ്രധാനമായും  ഒറ്റയാൾ (വൺ പേഴ്സൺ) കമ്പനി, സ്വകാര്യ (പ്രൈവറ്റ്) കമ്പനി, പൊതു (പബ്ലിക്) കമ്പനി എന്നിങ്ങനെ മൂന്നു തരത്തിലുണ്ട്. കമ്പനികാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള രജിസ്ട്രാർ ഓഫ് കമ്പനീസ്‌വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
കമ്പനികളിൽ സ്ഥാപനത്തിന്റെ ദൈനംദിന,  മാനേജ്മെന്റ് കാര്യങ്ങൾ നടപ്പിലാക്കുന്നത് ഡയറക്ടർ ബോർഡായിരിക്കും. എന്നാലും കമ്പനിയുടെ യഥാർഥ ഉടമസ്ഥർ അതിന്റെ ഓഹരി ഉടമകളായിരിക്കും.  അവരുടെ ഓഹരിമൂലധനം എത്രയാണോ അത്രവരെമാത്രമായിരിക്കും അവരുടെ ബാധ്യത. അതായത് എല്ലാ "കമ്പനി'കൾക്കും പരിമിതമായ ബാധ്യത  (ലിമിറ്റഡ് ലയബിലിറ്റി) എന്ന ആനൂകൂല്യം ലഭ്യമാകും.

ഒറ്റയാൾ കമ്പനി തുടങ്ങാൻ ഒരു ഓഹരി ഉടമയും അയാൾ നിർദേശിക്കുന്ന ഒരു നോമിനിയും മതി. ജോലികൾ  ഔട്ട്സോഴ്സ് ചെയ്യുന്നവർക്കും മറ്റും അത്  ഒരു ലീഗൽ എന്റിറ്റിയുടെ പേരിൽ ചെയ്യാൻ ഒറ്റയാൾ കമ്പനികൾ വളരെ ​ഗുണകരമാണ്. സ്വകാര്യ കമ്പനി രജിസ്റ്റർ ചെയ്യാൻ കുറഞ്ഞത് രണ്ട് ഓഹരിയുടമയും രണ്ട് ഡയറക്ടറും വേണം. ഒരാൾക്ക് ഓഹരിയുടമയും ഡയറക്ടറുമാകാമെന്നതിനാൽ രണ്ടു പേരുണ്ടെങ്കിൽ സ്വകാര്യ കമ്പനി രൂപീകരിക്കാവുന്നതാണ്. എന്നാൽ, പബ്ലിക് കമ്പനി രൂപീകരിക്കാൻ കുറഞ്ഞത് ഏഴ് ഓഹരിയുടമകളും  മൂന്ന് ഡയറക്ടർമാരും ആവശ്യമാണ്.

സ്റ്റാർട്ടപ്പുകൾപോലുള്ള സംരംഭങ്ങൾക്ക്  വിദേശനിക്ഷേപം സ്വരൂപിക്കാനും വിദേശവായ്പ സ്വീകരിക്കാനും ഏറ്റവും നല്ലത് കമ്പനിയായി രജിസ്റ്റർ ചെയ്യുകയാണ്. ഇൻവെസ്റ്റ്മെന്റ് ബാങ്കർമാർ, വെഞ്ചർ ക്യാപിറ്റലുകൾ തുടങ്ങിയവരിൽനിന്ന് നിക്ഷേപം നേടുക താരമ്യേന കൂടുതൽ എളുപ്പമായിരിക്കും. ഉപയോക്താക്കൾ കൂടുതലും വിദേശത്തുനിന്നാണെങ്കിൽ 'കമ്പനി'  കൂടുതൽ സഹായകരമാകും. ഉപയോക്താക്കൾക്കും ഉടമസ്ഥർക്കും ഇതിൽ മികച്ച നിയമപരിരക്ഷയും ലഭിക്കും.

എന്നാൽ, വായ്പയെടുക്കുന്നതിനും കൊടുക്കുന്നതിനും കമ്പനിനിയമങ്ങളിൽ വളരെയധികം നിബന്ധനകളുമുണ്ട്. ആദാനനികുതി നിയമത്തിൽ പറയുന്ന ഓഡിറ്റിനുപുറമെ വിറ്റുവരവ് പരിഗണിക്കാതെ കമ്പനിനിയമം അനുസരിച്ചുള്ള ഓഡിറ്റും വേണ്ടിവരും.



അപരിചിതരെ പങ്കാളിയാക്കാൻ എൽഎൽപി

പങ്കാളിത്ത സംരംഭങ്ങൾ പല കാരണങ്ങൾകൊണ്ട് അതീവ ജാ​ഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. എപ്പോഴും പങ്കാളികളെല്ലാം മുൻപരിചയക്കാരായിരിക്കണം എന്നില്ലല്ലോ. അത്തരത്തിൽ വ്യക്തിപരമായി പരിചയം ഇല്ലാത്തവരുമായി ചേർന്ന് ബിസിനസ് ചെയ്യാൻ ആ​ഗ്രഹിക്കുന്നെങ്കിൽ അതിന് ഏറ്റവും അനുയോജ്യമാകുക പരിമിതമായ ബാധ്യതയുള്ള പങ്കാളിത്തം അഥവാ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് എന്ന എൽഎൽപിയാണ്.

ഇന്ത്യൻ ലിമിറ്റഡ് ലയബിലിറ്റി  പാർട്ണർഷിപ് ആക്ട്‌ 2008 പ്രകാരം ഒരു എൽഎൽപി രജിസ്റ്റർ ചെയ്യാൻ കുറഞ്ഞത് രണ്ടുപേർ വേണം. പരമാവധി പരിധിയില്ല. പാർട്ണർഷിപ് ഫേമുകളിലെ പാർട്ണർഷിപ് ഡീഡ് പോലെ എൽഎൽപിയിൽ പങ്കാളികൾതമ്മിലുള്ള  ധാരണകളും അവരുടെ ഉത്തരവാദിത്വങ്ങളും വ്യക്തമാക്കുന്ന എൽഎൽപി എ​ഗ്രിമെന്റ് ഉണ്ടാകും. ഇതായിരിക്കും ഓരോ പങ്കാളിയുടെയും മൂലധനനിക്ഷേപം, ലാഭം വീതംവയ്‌ക്കേണ്ട അനുപാതം, വോട്ടിങ് അനുപാതം, മറ്റ് പ്രത്യേക നിബന്ധനകൾ തുടങ്ങിയവ വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം സ്ഥാപനം പ്രവർത്തിക്കേണ്ടത്. പങ്കാളികളുടെ  മൂലധനനിക്ഷേപം, ലാഭവിഹിതം, വോട്ടവകാശം എന്നിവ ഒരേ അനുപാതത്തിൽ വേണമെന്ന് നിർബന്ധമില്ല. വായ്പയെടുക്കാനും കൊടുക്കാനും തടസ്സങ്ങളും സാധാരണ​ഗതിയിലില്ല. നിബന്ധനകളോടെ വിദേശനിക്ഷേപം സ്വീകരിക്കുകയും ചെയ്യാം.

പാർട്ണർഷിപ് ഫേമിന്റെ ഏറ്റവും വലിയ ന്യൂനതയായ പരിധിയില്ലാത്ത ബാധ്യത  ബാധകമല്ല എന്നതാണ് എൽഎൽപിയുടെ ഏറ്റവും വലിയ ​ഗുണം. പങ്കാളികളുടെ ബാധ്യത അവരുടെ മൂലധനനിക്ഷേപം എത്രയാണോ അത്രവരെമാത്രമായിരിക്കും. സ്റ്റാർട്ടപ് ഇന്ത്യപോലുള്ള സർക്കാർ ഏജൻസികളുടെ പിന്തുണയും പാർട്ണർഷിപ് ഫേമിനേക്കാൾ കൂടുതൽ ലഭിക്കാനും സാധ്യതയുണ്ട്.

എൽഎൽപിയുടെ ഒരുവർഷത്തെ മൊത്തവിറ്റുവരവ്  40 ലക്ഷംരൂപയ്ക്ക് മുകളിലോ  മൊത്തം ക്യാപിറ്റൽ കോൺട്രിബ്യൂഷൻ 25 ലക്ഷത്തിന് മുകളിലോ ആണെങ്കിൽ എൽഎൽപി നിയമം 2008 പ്രകാരം ഓഡിറ്റ് ചെയ്യണം. കൂടാതെ, വിറ്റുവരവ് രണ്ടുകോടി രൂപയിലധികമായാൽ ആദായനികുതിനിയമം അനുസരിച്ചും ഓഡിറ്റ് ചെയ്യേണ്ടതാണ്.

എല്ലാത്തരം ബിസിനസുകൾക്കും എൽഎൽപി തെരഞ്ഞെടുക്കാവുന്നതാണ്. റിസ്ക് കൂടിയ സംരംഭങ്ങളായ ആശുപത്രി, റിയൽ എസ്റ്റേറ്റ്, പണമിടപാട്, റസ്റ്റോറന്റുകൾ തുടങ്ങിയവയ്ക്ക് ബാധ്യതയുടെ കാര്യത്തിൽ  കൂടുതൽ നിയമപരിരക്ഷ ലഭ്യമാകുമെന്നതിനാൽ എൽഎൽപി മികച്ച സാധ്യതയാണ്.

(ചാർട്ടേഡ് അക്കൗണ്ടന്റാണ് ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top