08 September Sunday

സൈന്യത്തിൽ എൻസിസി 
സ്പെഷ്യൽ എൻട്രി

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

ഇന്ത്യൻ ആർമിയിൽ 57-ാമത് എൻസിസി സ്പെഷ്യൽ എൻട്രി സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് സർവീസ് കമീഷൻപ്രകാരമാണ്‌  തെരഞ്ഞെടുപ്പ്‌. 76 ഒഴിവുണ്ട് ( 6 വനിത).  അപേക്ഷകർ അവിവാഹിതരായിരിക്കണം. എൻസിസിക്കാർക്കു പുറമെ, സർവീസിലിരിക്കെ മരണപ്പെട്ട/പരിക്കേറ്റ/കാണാതായ സൈനികരുടെ ആശ്രിതർക്ക് എട്ടൊഴിവ് (പുരുഷൻ -7, വനിത -1) നീക്കിവെച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്  56,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ ലഫ്‌റ്റനന്റ്‌ റാങ്കിൽ നിയമിക്കും.  യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും എൻസിസിയുടെ സി സർട്ടിഫിക്കറ്റ് പരീക്ഷയിലുള്ള ബി ഗ്രേഡും. സർവീസിലിരിക്കെ മരണപ്പെട്ട/പരിക്കേറ്റ/കാണാതായ സൈനികരുടെ ആശ്രിതർക്ക് എൻസിസി സർട്ടിഫിക്കറ്റ് ആവശ്യമില്ല. അവസാനവർഷ ബിരുദവിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ 2025 ഏപ്രിൽ ഒന്നിനുമുൻപായി പ്രൊവിഷണൽ/ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റ് നേടിയിരിക്കണം. പ്രായം: 2025 ജനുവരി ഒന്നിന് 19-–-25 വയസ്‌ (അപേക്ഷകർ 2000 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനുമിടയിൽ ജനിച്ചവരാകണം).  അഭിമുഖം, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവ നടത്തിയാവും തെരഞ്ഞെടുപ്പ്. ശാരീരികയോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കരസേനയുടെ ചെന്നൈയിലുള്ള ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ പരിശീലനമുണ്ടാകും. ട്രെയിനിങ് പൂർത്തിയാക്കിയാൽ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് യോഗ്യത ലഭിക്കും.

വിശദവിവരങ്ങൾക്ക് www.joinindianarmy.nic.in  സന്ദർശിക്കുക. അവസാന തീയതി: ആഗസ്‌ത്‌ 9.

കരസേനയിൽ 
ടെക്‌നിക്കല്‍ സ്റ്റാഫ്‌

ഇന്ത്യൻ ആർമിയിൽ  64-ാമത്  ടെക്നിക്കൽ മെൻ കോഴ്‌സ്, 35-ാമത്  വിമെൻ കോഴ്‌സ് എന്നീ വിഭാഗങ്ങളിലേക്ക്‌ ഷോർട്ട്‌ സർവീസ്‌ കമീഷൻ അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വെബ്സൈറ്റ്  joinindianarmy.nic.in സന്ദർശിച്ച് അപേക്ഷിക്കാം.  അവസാന തീയതി ആഗസ്‌ത്‌ 14. എൻജിനിയറിങ് ബിരുദധാരികൾക്കാണ്‌  അവസരം. അവസാന വർഷക്കാർക്കും അപേക്ഷിക്കാം.  അവിവാഹിതരായിരിക്കണം.   1998 ഏപ്രിൽ 2-നും 2005 ഏപ്രിൽ 1-നുമിടയിൽ ജനിച്ചവരാകണം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top