19 September Thursday

സിവിൽ സർവീസസ് 
പരീക്ഷയ്‌ക്ക് 
തയ്യാറെടുക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

യൂണിയൻ പബ്ലിക്ക് സർവീസ് കമീഷൻ ഓരോ വർഷവും നടത്തി വരുന്ന ഏറ്റവും വലിയ മത്സരപരീക്ഷയാണ്‌ സിവിൽ സർവീസസ് പരീക്ഷ. സിലബസിന്റെ വൈവിധ്യം, അപേക്ഷകരുടെ ബാഹുല്യം, പരീക്ഷയുടെ വിവിധഘട്ടങ്ങളിലെ നിലവാരവും മത്സരതീവ്രതയും പരീക്ഷയെ വ്യത്യസ്തമാക്കുന്നു. പരീക്ഷയ്‌ക്കുള്ള വിജ്‌ഞാപനം ജനുവരി 22 ന്‌ പ്രസിദ്ധീകരിക്കും. പ്രിലിമിനറി മെയ് 25നും മെയിൻ പരീക്ഷ ആഗസ്‌തിലും നടക്കും.

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഇന്ത്യൻ റവന്യു സർവീസ്, ഇന്ത്യൻ പോസ്റ്റൽ സർവീസ്, ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ്‌ സർവീസ്, ഇന്ത്യൻ ഇൻഫർമേഷൻ സർവീസ്, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ്, ഇന്ത്യൻ ഡിഫെൻസ് അക്കൗണ്ട്സ് സർവീസ് തുടങ്ങിയ കേന്ദ്രസർക്കാരിനു കീഴിലുള്ള 21 സേവന മേഖലകളിലെ ഉന്നത ജോലികളിലേക്കാണ് വർഷംതോറും സിവിൽ സർവീസസ് പരീക്ഷയിലൂടെ നിയമനം നടത്തുന്നത്. കഴിഞ്ഞ തവണ യുപിഎസ്‌സി ഇറക്കിയ സിവിൽ സർവീസസ് പരീക്ഷാവിജ്ഞാപനം1056 ഒഴിവുകൾക്ക് വേണ്ടിയായിരുന്നു.

എത്ര തവണ എഴുതാം 

ജനറൽ വിഭാഗത്തിലുള്ളവർക്ക് ഉയർന്ന പ്രായപരിധിക്ക് വിധേയമായി ആറു തവണയും ഒബിസി/ഭിന്നശേഷി വിഭാഗക്കാർക്ക് ഒമ്പത് തവണയും സിവിൽ സർവീസസ് പരീക്ഷ എഴുതാം. പട്ടികജാതി, വർഗ വിഭാഗത്തിലുള്ളവർക്ക് പ്രായപരിധിക്കുള്ളിൽ എത്ര അവസരവും പ്രയോജനപ്പെടുത്താം. പ്രിലിമിനറി പരീക്ഷയുടെ ഒരു പേപ്പറിന് ഹാജരായാൽ ഒരു അവസരമായി കണക്കാക്കും. പരീക്ഷാഫീസ് നൂറ് രൂപ . വനിതകളും പട്ടികജാതി, വർഗ, ഭിന്നശേഷിക്കാരും ഫീസ് നൽകേണ്ട.

യോഗ്യത

അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. മാർക്ക് നിബന്ധനയില്ല. ഡിഗ്രി അവസാന വർഷ ക്ലാസിൽ പഠിക്കുന്നവർക്കും ഇന്റേൺഷിപ് ചെയ്യുന്ന എംബിബിഎസ്/ ബിഡിഎസ് വിദ്യാർഥികൾക്കും അപേക്ഷിക്കാം. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമ്പോഴേക്കും യോഗ്യത തെളിയിച്ചാൽ മതി. പ്രായം 21നും 32 വയസ്സിനുമിടയിലായിരിക്കണം. ഒബിസി, പട്ടികജാതി, വർഗ വിഭാഗക്കാർക്ക് യഥാക്രമം മൂന്ന്/അഞ്ച് വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് ഉണ്ട്. ഇത് വിമുക്തഭടന്മാർക്ക് മൂന്നുവർഷംമുതൽ അഞ്ചുവർഷംവരെയും ഭിന്നശേഷിക്കാർക്ക് പത്ത്‌വർഷംവരെയുമാണ്.

മൂന്നു ഘട്ടം

പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് ( അഭിമുഖം) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രക്രിയയാണ് സിവിൽ സർവീസസ് പരീക്ഷ. പ്രിലിമിനറി പരീക്ഷ ഒരു സ്ക്രീനിങ് ടെസ്റ്റിന് തുല്യമാണ്. ഇതിൽ പാസാകുന്നവർ മെയിൻ പരീക്ഷയ്‌ക്ക് ഹാജരാകണം. മെയിൻ പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്നവരെ പേഴ്സണാലിറ്റി ടെസ്റ്റിന്‌ (അഭിമുഖം) വിളിക്കും.

പ്രിലിമിനറി പരീക്ഷ

പ്രിലിമിനറി പരീക്ഷയ്‌ക്ക് രണ്ട് പേപ്പറുകൾ ഉണ്ട്. ഓരോ പേപ്പറിനും രണ്ട് മണിക്കൂറും 200 മാർക്ക് വീതവും. പേപ്പർ ഒന്നിൽ 100 ചോദ്യങ്ങളും പേപ്പർ രണ്ടിൽ 80 ചോദ്യങ്ങളും ഉണ്ടാകും. എല്ലാ ചോദ്യങ്ങളും മൾട്ടിപ്പിൾ ചോയ്സ് ഒബ്ജക്റ്റീവ് മാതൃകയിലുള്ളവയാണ്. തെറ്റായ ഉത്തരത്തിന് ചോദ്യത്തിനു നേരെയുള്ള മാർക്കിന്റെ 1/3 നെഗറ്റീവ് മാർക്ക് ആയി മാറും.  ഉത്തരം നൽകാതിരുന്നാൽ നെഗറ്റീവ് മാർക്ക് ഇല്ല.

ഒന്നാം പേപ്പറിൽ ദേശീയ- അന്തർദേശീയ സമകാലിക സംഭവങ്ങൾ, ഇന്ത്യ–-- ലോക ഭൂമിശാസ്ത്രം, ഇന്ത്യാ ചരിത്രം, ഇന്ത്യൻ ദേശീയപ്രസ്ഥാനം, ഇന്ത്യൻ രാഷ്ട്രീയം, ഭരണഘടന, പഞ്ചായത്തീരാജ്, പൊതുനയം, ഇന്ത്യൻ സമ്പദ്‌ഘടന, സുസ്ഥിര വികസനം, ജനറൽ സയൻസ്,പരിസ്ഥിതി, ജൈവ വൈവിധ്യവും കാലാവസ്ഥാ വ്യതിയാനവും തുടങ്ങിയ മേഖലകളിൽനിന്നുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. പേപ്പർ രണ്ടിൽ ആശയവിനിമയം, സംഖ്യാവബോധം, യുക്തിയും വിശകലന ശേഷിയും, പൊതുവായ മാനസിക കഴിവ്, തീരുമാനമെടുക്കലും പ്രശ്നപരിഹാരവും, കോംപ്രിഹെൻഷൻ  തുടങ്ങിയ മേഖലയിൽനിന്നുള്ള ചോദ്യങ്ങളായിരിക്കും.

മെയിൻ പരീക്ഷ 

മെയിൻ പരീക്ഷയ്‌ക്ക് ഒമ്പത് പേപ്പറുകൾ ഉണ്ട്. എല്ലാം  വിവരണാത്‌മക രീതിയിൽ ഉത്തരമെഴുതേണ്ടവ. മെയിൻ പരീക്ഷയുടെ ആദ്യ രണ്ടു പേപ്പറുകൾ (പേപ്പർ എ & ബി) ഭാഷയിലെ കഴിവ് കണക്കാക്കാനുള്ളതാണ്. ഇതിൽ പേപ്പർ - എ അപേക്ഷകന് തെരഞ്ഞെടുക്കാവുന്ന ഒരു ഇന്ത്യൻ ഭാഷയും പേപ്പർ - ബി ഇംഗ്ലീഷുമാണ്. സമയം ഓരോ പേപ്പറിനും 3 മണിക്കൂറും മാർക്ക് 300 വീതവും. ഈ ആദ്യ രണ്ടു പേപ്പറുകളിൽ 25 ശതമാനം മാർക്ക് ലഭിച്ചാൽ മാത്രമേ മറ്റ് ഏഴ് പേപ്പറുകളുടെ മൂല്യനിർണയം പരിഗണിക്കുകയുള്ളൂ. 

ഇനിയുള്ള ഏഴുപേപ്പറുകളിൽ  പേപ്പർ 1 ൽ ഉപന്യാസരചനയ്‌ക്കായുള്ള ചോദ്യങ്ങൾ ഉണ്ടാകും. ഫലപ്രദവും കൃത്യതയോടെയുമുള്ള വാക്കുകളിൽ ഉത്തരമെഴുതണം. പേപ്പർ 2 (ജനറൽ സ്റ്റഡീസ് - ഒന്ന്) ഇന്ത്യൻ ചരിത്രം, പൈതൃകം- സംസ്കാരം, ലോകം - സമൂഹം, അതിന്റെ ഭൂമിശാസ്ത്രം, ചരിത്രം എന്നിങ്ങനെയാണ് വിഷയങ്ങൾ.

പേപ്പർ 3 ( ജനറൽ സ്റ്റഡീസ്- രണ്ട് ) ഇന്ത്യൻ ഭരണഘടന, ഭരണം, സാമൂഹ്യനീതി, അന്താരാഷ്ട്ര ബന്ധങ്ങൾ, സംഘടനകൾ തുടങ്ങിയവയിൽ നിന്നുള്ള ചോദ്യങ്ങളായിരിക്കും. പേപ്പർ 4 ( ജനറൽ സ്റ്റഡീസ് - മൂന്ന്) ഇന്ത്യൻ സാമ്പത്തിക രംഗം, ആസൂത്രണം, സർക്കാർ ബജറ്റിങ്, ഭൂപരിഷ്കരണം, ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങൾ, ഇൻഫർമേഷൻ ടെക്നോളജി, ദുരന്ത നിവാരണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ളതാണ്. പേപ്പർ 5 ( ജനറൽ സ്റ്റഡീസ് - നാല്)ൽ അഭിരുചി, അഖണ്ഡത, നൈതികത, സാമൂഹ്യ പ്രശ്നങ്ങളോടുള്ള സമീപനം തുടങ്ങിയവ പ്രതിപാദിക്കുന്ന ചോദ്യങ്ങളായിരിക്കും. പേപ്പർ 6,7 ഇവ അപേക്ഷകന് തെരഞ്ഞെടുക്കാവുന്ന ഐച്ഛികവിഷയങ്ങളാണ്.

പേഴ്സണാലിറ്റി ടെസ്റ്റ്    

മെയിൻ പരീക്ഷയിലെ ഏഴ് പേപ്പറുകളുടെ ആകെയുള്ള 1750 മാർക്കിൽ ഏറ്റവും മികച്ച മാർക്ക് നേടുന്നവരെ പേഴ്സണാലിറ്റി ടെസ്റ്റ്/അഭിമുഖത്തിന് വിളിക്കും.  ഈ വ്യക്തിത്വ പരീക്ഷയ്‌ക്ക് 275 മാർക്കാണ് ഉള്ളത്. ഒരു പാനൽ നടത്തുന്ന ഈ അഭിമുഖം 30 മുതൽ 45 മിനിറ്റുവരെ ദൈർഘ്യമുള്ളതായിരിക്കും. ബയോഡാറ്റയിൽ കാണിച്ച വിവരങ്ങളിൽനിന്നും, പഠിച്ച വിഷയങ്ങൾ, പൊതുവിഷയങ്ങൾ, സമകാലിക സംഭവങ്ങൾ തുടങ്ങിയവയിൽനിന്നുള്ള ചോദ്യങ്ങൾ വരാം. അപേക്ഷകന്റെ വീക്ഷണം, സമീപനം, സാഹചര്യങ്ങളെ മെരുക്കിയെടുക്കുവാനുള്ള കഴിവ് ഇവയെല്ലാം വിലയിരുത്തും.

മറ്റ് വിവരങ്ങൾ

പ്രിലിമിനറി പരീക്ഷയ്‌ക്ക് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂർ, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലും മെയിൻ പരീക്ഷയ്‌ക്ക് തിരുവനന്തപുരം ,ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും സെന്ററുകൾ ലഭിക്കും. മെയിൻ പരീക്ഷയുടെ എല്ലാ പേപ്പറുകളും ഇംഗ്ലീഷിലോ മലയാളം ഉൾപ്പെടെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ട പ്രാദേശിക ഭാഷയിലോ എഴുതാം. വിവരങ്ങൾക്ക്‌: www.upsc.gov.in,upsconline.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top