23 December Monday

ചെറുകിട വിമാനക്കമ്പനികൾക്കുള്ള ഹബ്ബാകാൻ സിയാൽ സൗകര്യമൊരുക്കും: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Monday Sep 2, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സിയാൽ ജീവനക്കാർ നൽകുന്ന ഒരുകോടി രൂപ സിയാൽ എംഡി എസ്‌ സുഹാസ്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറുന്നു


കൊച്ചി
ചെറുനഗരങ്ങളിലേക്ക്‌ സർവീസ്‌ നടത്താൻ സഹകരണം ആരാഞ്ഞ്‌ നിരവധി പുതിയ എയർലൈനുകൾ സിയാലിനെ സമീപിച്ചിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റഗുലേറ്ററി ഏജൻസികളുടെ അനുമതി ലഭിക്കുന്നമുറയ്‌ക്ക്‌ അത്തരം ചെറുകിട വിമാനക്കമ്പനികൾക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ്ബ്‌ എന്നനിലയിൽ പ്രവർത്തിക്കാൻ സിയാൽ സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 0484 എയ്‌റോ ലോഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹ്യപ്രതിബദ്ധത ഉയർത്തി യാത്രക്കാരുടെ ക്ഷേമത്തിനായി ഒട്ടേറെ വികസനപ്രവർത്തനങ്ങൾ സിയാലിൽ ആസൂത്രണം ചെയ്‌തുവരുന്നു. 550 കോടി ചെലവിട്ടുള്ള രാജ്യാന്തര ടെർമിനൽ വികസനമാണ്‌ ഏറ്റവും പ്രധാനം. മൂന്നുവർഷത്തിനുള്ളിൽ ഇത്‌ പൂർത്തിയാക്കാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. 160 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന കൊമേഴ്സ്യൽ സോൺ വികസനത്തിനും സിയാൽ തുടക്കമിട്ടു.

സംസ്ഥാന സർക്കാർ പ്രധാന നിക്ഷേപക സ്ഥാനത്തുള്ള കോർപറേറ്റ്‌ സ്ഥാപനമാണ്‌ സിയാൽ. വിമാനത്താവളങ്ങൾ ഉൾപ്പെടെ പൊതുമേഖലയിലെ സ്ഥാപനങ്ങളെ പൂർണമായും സ്വകാര്യമേഖലയ്‌ക്ക്‌ തീറെഴുതണമെന്ന വാദം ശക്തമാകുന്ന കാലമാണിത്‌. എന്നാൽ, സംസ്ഥാനത്ത്‌ നടപ്പാക്കിയ ഈ മോഡൽ അനുകരണീയമായ ഒന്നാണെന്ന്‌ എല്ലാവരും സമ്മതിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽപ്പനയ്‌ക്ക്‌ വയ്‌ക്കുമ്പോൾ അത്‌ ഏറ്റെടുത്ത്‌ നടത്തുന്ന സമീപനമാണ്‌ സംസ്ഥാന സർക്കാരിന്റേത്‌. ജനോപകാരപ്രദമായി വ്യവസായങ്ങളെയും സേവനങ്ങളെയും നിലനിർത്തുകയാണ്‌ ഇതിലൂടെ ലക്ഷ്യംവയ്‌ക്കുന്നത്‌. വിമാനത്താവള സ്വകാര്യവൽക്കരണം വലിയതോതിലാണ്‌ രാജ്യത്ത്‌ നടക്കുന്നത്‌. സ്വകാര്യ ഓപ്പറേറ്റർമാർക്ക്‌ കൈമാറിയ പല വിമാനത്താവളങ്ങളും സാധാരണ യാത്രക്കാർക്ക്‌ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുന്നു. എന്നാൽ, സംസ്ഥാന സർക്കാർ മുഖ്യനിക്ഷേപം നടത്തിയിട്ടുള്ള സിയാലിന്റെ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒന്നും കാണാനാകില്ല. രാജ്യത്തെ ഏറ്റവും കുറഞ്ഞ യൂസർ ഡെവലപ്‌മെന്റ്‌ ഫീസ്‌, പാർക്കിങ്‌ ലാൻഡിങ്‌ ഫീസ്‌ എന്നിവയെല്ലാം സിയാലിന്റെ പ്രത്യേകതയാണ്‌. എയ്‌റോ ലോഞ്ച്‌ യാഥാർഥ്യമാക്കിയതിലൂടെ വിമാനത്താവളം വികസനയാത്രയിൽ പുതിയ കാൽവയ്‌പ്‌ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top