അന്തിക്കാട് > പീച്ചേടത്ത് അശോകന്റെയും ഭാര്യ കോമളയുടെയും ലോകത്ത് ഇനി സുന്ദരൻ ഇല്ല. അവർ നൽകിയ എല്ലാ പരിചരണവും കരുതലുകളും വിഫലമാക്കി അന്തിക്കാട് ഹൈലവൽ കനാലിൽ സുന്ദരനെ ചത്തനിലയിൽ കണ്ടെത്തി. കഴുത്തിൽ വ്രണങ്ങളും ഒരുപാട് അസുഖങ്ങളുമായി തെരുവിൽ അലഞ്ഞു നടന്നിരുന്ന തെരുവുനായയെ പത്ത് വർഷം മുമ്പാണ് അന്തിക്കാട്ടുകുളത്തിന്റെ സമീപത്തുനിന്ന് പിടികൂടുന്നത്. പരിചരിച്ച് ആവശ്യമായ ഭക്ഷണവും ചികിത്സയും നൽകി സുന്ദരൻ എന്ന് പേരുമിട്ട് വളർത്തി.
ഇതിനിടയിൽ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കു മുമ്പാണ് കഴുത്തിൽ ഗുരുതരമായ ഒരു രോഗം ബാധിച്ചതിനെത്തുടർന്ന് തൃശൂരിലെ വെറ്ററിനറി ആശുപത്രിയിൽ കൊണ്ടുപോയത്. ആവശ്യമായ ചികിത്സ നൽകി തിരികെ കൊണ്ടുവന്ന് അന്തിക്കാട്ടുകുളത്തിന്റെ സമീപത്ത് സുരക്ഷിതമായ ഒരു സ്ഥലത്ത് കെട്ടിയിട്ടു. ഇതിനിടെ സുന്ദരനെ ആരോ കെട്ടഴിച്ചു വിട്ടു. ദിവസങ്ങളോളം അശോകനും കോമളവും അന്വേഷിച്ചു. പിന്നീടാണ് ചണ്ടിയും കുളവാഴയും നിറഞ്ഞ അന്തിക്കാട് ഹൈലെവൽ കനാലിൽ ചത്ത നിലയിൽ കണ്ടെത്തിയത്.
ചത്തു പൊന്തിയിട്ട് ദിവസങ്ങൾ കഴിഞ്ഞതിനാൽ ജഡം പുഴുവരിക്കാൻ തുടങ്ങിയിരുന്നു. ഹൈ ലെവൽ കനാലിൽനിന്ന് ഉറവയായി സമീപത്തെ കിണറുകളിലേക്കും മറ്റും വെള്ളം എത്താൻ സാധ്യതയുള്ളതിനാൽ ഇരുവരും സാഹസികമായി കനാലിലിറങ്ങി ജഡം കരയ്ക്കടുപ്പിച്ചു. കൂലിപ്പണിക്കാരനായ അശോകന്റെ വീട്ടിൽ ഒരു ഡസനോളം നായ്ക്കളുണ്ട്. പല വിധ അസുഖങ്ങളാലും മറ്റും പലരും വീടുകളിൽനിന്ന് നട തള്ളിയ നായ്ക്കളാണ് അധികവും. അടച്ചുറപ്പുള്ള ഒരു വീടോ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളോ ഇല്ലെങ്കിലും ഇവിടെ ഇവരെല്ലാം സനാഥരാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..