ആലപ്പുഴ > എല്ലാ മാസവും ഏഴിന് മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പ് ലംഘിച്ച ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കെതിരെ 108 ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധം പണിമുടക്കിലേക്ക്. സർവീസ് പൂർണമായും നിർത്തിവച്ച് ചൊവ്വാഴ്‌ച സെക്രട്ടറിയറ്റ് മാർച്ചും സൂചന പണിമുടക്കും നടത്തുമെന്ന് കേരള സ്‌റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) അറിയിച്ചു.
കമ്പനിയുമായി നടത്തിയ ചർച്ചയിൽ പരിഹാരമായില്ല. 3.84 കോടി കമ്പനിക്ക് നൽകി, 54 ലക്ഷംകൂടി നൽകാമെന്ന് കെഎംഎസ്‌സിഎൽ അറിയിച്ചിട്ടും കമ്പനി ശമ്പളനിഷേധ നിലപാടിലാണ്. 2019 മുതലാണ് കനിവ് 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനമാരംഭിക്കുന്നത്. നടത്തിപ്പ് ചുമതല ഹൈദരാബാദ് ആസ്ഥാനമായ ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കാണ്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ ഒരു കൃത്യതയും പാലിച്ചിട്ടില്ല. സിഐടിയു പ്രക്ഷോഭം നടത്തിയാണ് എല്ലാ മാസവും ഏഴിനകം ശമ്പളം നൽകുമെന്ന ഉറപ്പ് നേടിയത്. അതാണ് ലംഘിക്കുന്നത്.
ശമ്പളം എന്നുമുതൽ നൽകുമെന്ന ഉറപ്പുനൽകാൻ കേരളത്തിന്റെ ഓപ്പറേഷൻ ചുമതലക്കാരൻ ശരവണൻ അരുണാചലത്തിന് ചർച്ചയിൽ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ തിങ്കൾമുതൽ സമരം ശക്തിപ്പെടുത്തുകയാണെന്ന് കേരള സ്‌റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതാക്കൾ പറഞ്ഞു. നിപാ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ട ആംബുലൻസുകളെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..