കൊല്ലം> കൊല്ലം– ചെങ്കോട്ട റെയിൽവേ പാത തുറന്നിട്ട് ഒരുനൂറ്റാണ്ടും 20 വർഷവും. 94 കിലോമീറ്റർ നീളുന്ന മീറ്റർഗേജ് പാത 1904 നവംബർ 26നാണ് ഔദ്യോഗികമായി നാടിനു സമർപ്പിച്ചത്. 21 ആചാരവെടികളുടെ അകമ്പടിയോടെ പച്ചക്കൊടി വീശി ആദ്യ കൽക്കരി തീവണ്ടിയെ കൊല്ലം സ്റ്റേഷൻ മാസ്റ്റർ രാമയ്യ യാത്രയാക്കിയത് ചരിത്രത്തിലേക്ക്. കേരളത്തിലെ ഏറ്റവും പഴക്കംചെന്ന റെയിൽവേ പാതകളിലൊന്നും തിരുവിതാംകൂറിലെ ആദ്യ തീവണ്ടിപ്പാതയുമാണിത്.
1873ൽ ആണ് അന്നത്തെ മദ്രാസ് സർക്കാർ കൊല്ലത്തെയും ചെങ്കോട്ടയെയും ബന്ധിപ്പിച്ച് മീറ്റർഗേജ് റെയിൽപ്പാത ആലോചിച്ചത്. മുഖ്യ വ്യവസായകേന്ദ്രവും തിരുവിതാകൂറിന്റെ മധ്യഭാഗവുമായ കൊല്ലത്തേക്കാൾ ഉചിതമായ മറ്റൊരുസ്ഥലം പാത ആരംഭിക്കാൻ ഉണ്ടായിരുന്നില്ല. സർക്കാർ അനുവദിച്ച 17 ലക്ഷം രൂപയും റെയിൽവേയുടെ ഏഴുലക്ഷം രൂപയും തിരുവിതാംകൂർ ദിവാനായിരുന്ന രാമയ്യങ്കാർ അനുവദിച്ച ആറുലക്ഷം രൂപയും ആയിരുന്നു മൂലധനം. 1888ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന ഉത്രം തിരുന്നാളിന്റെ കാലത്ത് സർവേ തുടങ്ങി. 1900-ൽ നിർമാണം ആരംഭിച്ചു. പുഴകൾക്കു കുറുകെ പാലം പണിതും മലനിരകൾ തുരന്ന് തുരങ്കങ്ങൾ നിർമിച്ചും ശ്രമകരമായ ജോലികൾ ആയിരുന്നു. 1902-ൽ പാത പൂർത്തിയാക്കി. ആദ്യം ചരക്കുതീവണ്ടി ഓടിച്ച് പരീക്ഷിച്ച പാതയിൽ 1904 ജൂലൈ ഒന്നിന് ആദ്യ യാത്രാവണ്ടി ഓടി.
ശക്തമായ മഴയിൽ തുരങ്കങ്ങളുടെ ചുവരുകൾ തകർന്നതിനാൽ ഉദ്ഘാടനദിവസം തീവണ്ടി ഓടിയത് കൊല്ലത്തുനിന്ന് പുനലൂർ വരെ മാത്രം. പാത ബ്രോഡ്‌ഗേജാക്കുന്ന ജോലികൾ ആരംഭിച്ചത് 94 വർഷത്തിനുശേഷം. 106 വർഷത്തിനുശേഷം 2010 മെയ് 10-ന് കൊല്ലം മുതൽ പുനലൂർവരെ 45 കിലോമീറ്റർ ദൂരത്തിൽ ആദ്യ ബ്രോഡ്‌ഗേജ് ട്രെയിൻ ഓടി. 49 കിലോമീറ്റർ നീളുന്ന പുനലൂർ-–-ചെങ്കോട്ട പാതയിലും ഗേജ്മാറ്റം പൂർത്തിയാക്കി. എട്ട് വർഷത്തിനുശേഷം 2018-ൽ ആണ് കൊല്ലം മുതൽ ചെങ്കോട്ട വരെയും ബ്രോഡ്‌ഗേജ് ട്രെയിൻ ഓടിയത്. പിന്നെയും വർഷങ്ങളെടുത്തു പാത വൈദ്യുതീകരിക്കാൻ. 2022 ജൂൺ ഒമ്പതിനാണ് കൊല്ലം– പുനലൂർ പാതയിൽ ആദ്യ വൈദ്യുതി ട്രെയിൻ ഓടിയത്. 2024 ജൂലൈ 27-ന് പുനലൂർ- ചെങ്കോട്ട പാതയിലും വൈദ്യുതി ട്രെയിൻ എത്തി.
എന്നാൽ, ആവശ്യത്തിന് ട്രെയിൻ സർവീസ് ഇല്ലെന്നത് ഇന്നും പരാതിയായി അവശേഷിക്കുന്നു. വിനോദസഞ്ചാരികളുടെ ഇഷ്ടയാത്രയാണ് ഈ പാത തുറന്നിട്ടിരിക്കുന്നത്. സഹ്യപർവതനിരകളുടെ മടക്കുകളിലൂടെ നീളുന്ന യാത്രയും കാഴ്ചയും അന്നുമിന്നും ദൃശ്യചാരുത പകരുന്നതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..