14 November Thursday

നെല്ല്‌ സംഭരണം: സപ്ലൈകോയ്‌ക്ക്‌ 175 കോടി രൂപ അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

തിരുവനന്തപുരം> സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷൻ കർഷകരിൽനിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്‌. കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ 900 കോടി രൂപ കുടിശികയാണ്‌. 2017 മുതലുള്ള കുടിശിക തുകയാണിത്‌.

കേന്ദ്ര സർക്കാർ വിഹിതത്തിന്‌ കാത്തുനിൽക്കാതെ, നെല്ല്‌ സംഭരിക്കുമ്പോൾതന്നെ കർഷകർക്ക് വില നൽകുന്നതാണ്‌ കേരളത്തിലെ രീതി. സംസ്ഥാന സബ്‌സിഡിയും ഉറപ്പാക്കി നെല്ലിന്‌ ഏറ്റവും ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ താങ്ങുവില നൽകുമ്പോൾ മാത്രമാണ്‌ കർഷകന്‌ നെൽവില ലഭിക്കുന്നത്‌.

കേരളത്തിൽ പിആർഎസ്‌ വായ്‌പാ പദ്ധതിയിൽ കർഷകന്‌ നെൽവില ബാങ്കിൽനിന്ന്‌ ലഭിക്കും. പലിശയും മുതലും ചേർത്തുള്ള വായ്‌പാ തിരിച്ചടവ്‌ സംസ്ഥാന സർക്കാർ നിർവഹിക്കും. കർഷകന്‌ നൽകുന്ന ഉൽപാദന ബോണസിന്റെയും വായ്‌പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ്‌ തീർക്കുന്നത്‌. ഇതിലൂടെ നെല്ല്‌ ഏറ്റെടുത്താൽ ഉടൻ കർഷകന്‌ വില ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കുന്നു. വായ്‌പാ ബാധ്യത കർഷകന്‌ ഏറ്റെടുക്കേണ്ടി വരുന്നതുമില്ല. കേരളത്തിൽ മാത്രമാണ്‌ നെൽ കർഷകർക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top