വിതുര > സ്വന്തമായി വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കുന്നതിനായി രണ്ടുപതിറ്റാണ്ട് സമരമനുഷ്‌ഠിച്ച ചെറ്റച്ചലിലെ ആദിവാസികുടുംബങ്ങൾക്ക് എൽഡിഎഫ് സർക്കാർ നൽകിയ വാക്ക് യാഥാർഥ്യത്തിലേക്ക്. വിതുര പഞ്ചായത്തിലെ പൊട്ടൻച്ചിറ സമരഭൂമിയിലെ 18 പട്ടികവർഗകുടുംബങ്ങൾക്ക് ഭവനനിർമാണ ധനസഹായമായി ആറുലക്ഷം രൂപ വീതം
അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. സമരഭൂമിയിൽ സ്ഥിരതാമസമാക്കിയവരിൽ കൈവശാവകാശരേഖ ലഭ്യമായ 18 കുടുംബങ്ങൾക്കാണ് പ്രത്യേക കേസായി പരിഗണിച്ച് തുക അനുവദിച്ചത്. ഒരു വീടിന് ആറ് ലക്ഷം രൂപ നിരക്കിൽ അഞ്ച് ഗഡുക്കളായി തുക ലഭ്യമാക്കും.
സമരഭൂമിയിൽ 20 വർഷമായി താമസിക്കുന്ന 33 കുടുംബങ്ങൾക്ക് വ്യക്തിഗത വനാവകാശം നേരത്തേ നൽകിയിട്ടുണ്ട്. ഈ പ്രദേശത്ത് 19 കുടുംബങ്ങളാണ് കുടിൽകെട്ടി താമസിക്കുന്നത്. ഇവർക്ക് വിതുര പഞ്ചായത്തിൽനിന്ന് വീട്ടുനമ്പർ ലഭിച്ചിട്ടുണ്ടെങ്കിലും ഷെഡ്ഡുകൾ ജീർണാവസ്ഥയിലായതിനാൽ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രത്യേക ഭവനനിർമാണ പാക്കേജ് അനുവദിക്കുന്നതിന് വകുപ്പ് ശുപാർശ ചെയ്യുകയായിരുന്നു. തുടർന്നാണ് കൈവശാവകാശരേഖ ലഭ്യമായ 18 കുടുംബങ്ങൾക്ക് ഭവന നിർമാണത്തിന് ആറ് ലക്ഷം രൂപ നൽക്കാൻ സർക്കാർ അനുമതി നൽകിയത്.
ഒരു കുടുംബത്തിന് മറ്റൊരു പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിച്ചിട്ടുണ്ട്. വിതുര, കുറ്റിച്ചൽ പഞ്ചായത്തുകളിലെ ചെറ്റച്ചൽ, പാങ്കാവ് എന്നീ പട്ടികവർഗ നഗറുകളിലെ 128 കുടുംബങ്ങൾക്ക് വനാവകാശ നിയമപ്രകാരം കൈവശാവകാശരേഖയും ലാൻഡ് ബാങ്ക് പദ്ധതിപ്രകാരം പൂവച്ചൽ പഞ്ചായത്തിലെ ഒമ്പത് കുടുംബങ്ങൾക്കുള്ള പട്ടയ വിതരണവും ചെറ്റച്ചലിൽ സംഘടിപ്പിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..