22 December Sunday

കൊച്ചി കപ്പല്‍ശാലയ്ക്ക് 188.92 കോടി അറ്റാദായം

വാണിജ്യകാര്യ ലേഖകൻUpdated: Saturday Nov 9, 2024

കൊച്ചി
കൊച്ചി കപ്പൽശാല നടപ്പുസാമ്പത്തികവർഷം സെപ്തംബർ 30ന് അവസാനിച്ച രണ്ടാംപാദത്തിൽ 188.92 കോടി സംയോജിത അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിൽ 181.52 കോടിയായിരുന്നു. നാലുശതമാനമാണ്  വളർച്ച. കമ്പനിയുടെ പ്രവർത്തനവരുമാനം മുൻവർഷം രണ്ടാംപാദത്തിലെ 1011.71 കോടിയിൽനിന്ന്‌ 13 ശതമാനം വർധിച്ച് 1143.19 കോടിയായെന്നും കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.


രണ്ടാംപാദത്തിൽ പലിശ, നികുതി തുടങ്ങിയവയ്ക്കുമുമ്പുള്ള ലാഭം (ഇബിഐടിഡിഎ) മുൻ സാമ്പത്തികവർഷം ഇതേപാദത്തിലെ 191.2 കോടിയിൽനിന്ന് 3.2 ശതമാനം ഉയർന്ന് 197.3 കോടിയായി. എന്നാൽ, കമ്പനികളുടെ ലാഭക്ഷമതയുടെ അളവുകോലായി കണക്കാക്കുന്ന  ഇബിഐടിഡിഎ മാർജിൻ 18.9 ശതമാനത്തിൽനിന്ന്‌ 17.3 ശതമാനമായി കുറഞ്ഞു. 1.6 ശതമാനമാണ് ഇടിവ്.


ഓഹരി ഉടമകൾക്ക് ഇടക്കാല ലാഭവിഹിതമായി ഓഹരി ഒന്നിന് നാലു രൂപ (80 ശതമാനം) വീതം നൽകാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. 20 വരെ കമ്പനിയുടെ ഓഹരികൾ കൈവശമുള്ളവർക്ക് ഡിസംബർ ആറിനകം ഇത് ലഭ്യമാകും. യുഎസ് ഡോളറിൽ കടപ്പത്രമിറക്കി 50 ദശലക്ഷം ഡോളർ (ഏ​കദേശം 422 കോടി) സമാഹരിക്കാനും ബോർഡ് അനുമതി നൽകി.


ഇബിഐടിഡിഎ മാർജിൻ 1.6 ശതമാനം ഇടിഞ്ഞതോടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (ബിഎസ്ഇ) കപ്പൽശാലയുടെ ഓഹരിമൂല്യം 4.99 ശതമാനം ഇടിഞ്ഞു. ഓഹരിവില 76.20 രൂപ കുറഞ്ഞ് 1449.45 രൂപയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top