തിരുവനന്തപുരം > സര്‍ക്കാര്‍ സര്‍വീസില്‍ സ്‌പോട്‌സ് ക്വാട്ടയില്‍ പുതുതായി സൃഷ്ടിച്ച 195 തസ്തികകളിലെ നിയമന ഉത്തരവ് ഈ മാസം 20 ന് താരങ്ങള്‍ക്ക് കൈമാറും. വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവ് കൈമാറുക. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒന്നിച്ച് സ്‌പോട്‌സ് ക്വാട്ടയില്‍ നിയമനം നല്‍കുന്നത്.
2010-14 കാലയളവില്‍ മുടങ്ങിക്കിടന്ന സ്‌പോട്‌സ് ക്വാട്ട നിയമനത്തിന് പ്രസിദ്ധീകരിച്ച റാങ്ക്പട്ടികയില്‍നിന്നാണ് നിയമനം നടത്തുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്ന നിയമനമാണിത്. ഒരു വര്‍ഷം 50 പേരെയാണ് സ്‌പോട്‌സ് ക്വാട്ടയില്‍ നിയമിക്കേണ്ടത്. ഇതുപ്രകാരം 2010 മുതല്‍ 2014 വരെയുള്ള അഞ്ചുവര്‍ഷത്തെ നിയമനത്തിനാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഈ കണക്കു പ്രകാരം 250 പേര്‍ക്ക് നിയമനം നല്‍കണം. ഒരു തസ്തികയില്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷിന് പ്രത്യേക പരിഗണനയില്‍ നേരത്തെ നിയമനം നല്‍കിയിരുന്നു. മറ്റൊരു തസ്തികയിലെ നിയമനം ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഒരേ കായികതാരം തന്നെ ഒന്നിലധികം വര്‍ഷങ്ങളിലെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 195 പേര്‍ മാത്രമാണ് അഞ്ചു വര്‍ഷത്തെ റാങ്ക് പട്ടികയിലുമായി ആകെ ഉള്ളത്. അതത് വര്‍ഷങ്ങളിലെ ബാക്കി വന്ന ഒഴിവുകളിലേക്ക് നിയമനത്തിന് വൈകാതെ നടപടി സ്വീകരിക്കും. ഓരോ വര്‍ഷത്തെയും ഒഴിവുകളിലേക്ക് പരിഗണിക്കാന്‍ നേരത്തെ നല്‍കിയ അപേക്ഷകള്‍ പരിശോധിച്ച് സെലക്ഷന്‍ കമ്മിറ്റി പുതിയ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കും.
സന്തോഷ് ട്രോഫി കിരീടം ചൂടിയ കേരളാ ടീമിലെ ജോലിയില്ലാതിരുന്ന 11 താരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ എല്‍ഡി ക്ലാര്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്തികയില്‍ കഴിഞ്ഞ ദിവസം ജോലിയില്‍ പ്രവേശിച്ചിരുന്നു. ഒപ്പം കേരളാ പോലീസില്‍ നിയമിതരായ 58 കായികതാരങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമന ഉത്തരവ് കൈമാറിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..