വാളയാർ> കിഴക്കേ അട്ടപ്പള്ളത്ത് കാട്ടുപന്നിയെ പിടിക്കാൻ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽനിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. വാളയാർ കിഴക്കേ അട്ടപ്പള്ളം മാഹാളിക്കാട് മോഹനൻ (62), മകൻ അനിരുദ്ധ് (21) എന്നിവരാണ് മരിച്ചത്. ബുധൻ വൈകിട്ട് 6.30നാണ് അപകടം. അട്ടപ്പള്ളം സ്വദേശി ജയരാമന്റെ പണിക്കാരനായ മോഹനൻ പാടത്ത് വെള്ളം തിരിക്കാനെത്തിയപ്പോഴാണ് ഷോക്കേറ്റത്. നാട്ടുകാരനായ സനാദൻ ഉടൻ മോഹനന്റെ വീട്ടിൽ വിവരമറിയിച്ചു. തുടർന്ന്, സ്ഥലത്തെത്തിയ അനിരുദ്ധ് അച്ഛൻ വീണുകിടക്കുന്നത് കണ്ട് വെള്ളത്തിലിറങ്ങി.
ഇതോടെ ഇയാൾക്കും ഷോക്കേറ്റു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കാട്ടുപന്നിയെ പിടിക്കാൻ പാടത്തെ വൈദ്യുതി ലൈനിൽനിന്ന് വെള്ളത്തിലേക്ക് വൈദ്യുതി കണക്‌ഷൻ നൽകിയതായി പ്രദേശവാസികൾ കണ്ടെത്തി. പിന്നീട് കണക്‌ഷൻ ഓഫാക്കിയശേഷമാണ് മൃതദേഹം മാറ്റിയത്. അനധികൃതമായി വൈദ്യുതിക്കുരുക്കുവച്ചത് ആരെന്ന് കണ്ടെത്താൻ വാളയാർ പൊലീസ് അന്വേഷണമാരംഭിച്ചു. വാളയാർ പൊലീസ്, കഞ്ചിക്കോട് അഗ്നിരക്ഷാസേന എന്നിവർ സംഭവസ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഇന്ദിര. മകൾ: മോനിഷ. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് അനിരുദ്ധ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..