21 November Thursday

ബിഡിജെഎസ്‌ നേതാവിൽനിന്ന്‌ 25 ലക്ഷം രൂപ പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

ചെറുതുരുത്തിയിൽ പണം പിടികൂടിയ കാറിനുള്ളിൽ പൊലീസ് പരിശോധിക്കുന്നു



ചേലക്കര
ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ബിഡിജെഎസ്‌ നേതാവിൽനിന്ന്‌ 25 ലക്ഷംരൂപ പിടിച്ചെടുത്തു. കോൺഗ്രസ്‌ നേതാക്കളുമായി അടുത്തബന്ധമുള്ള ഷൊർണൂർ കുളപ്പുള്ളി ചുള്ളിപ്പറമ്പിൽ ജയന്റെ കാറിൽനിന്ന്‌ 19.7 ലക്ഷം രൂപയും വീട്ടിൽനിന്ന്‌ അഞ്ച്‌ ലക്ഷം രൂപയുമാണ്‌ പിടികൂടിയത്‌. ചെറുതുരുത്തി തളിക്കുളം ബിഡിഒ  റെജികുമാറിന്റെ നേതൃത്വത്തിലുള്ള എൻഫോഴ്‌സ്‌മെന്റ്‌ സംഘം നടത്തിയ പരിശോധനയിലാണ്‌ 19.70 ലക്ഷം പിടികൂടിയത്‌. കെഎൽ 51 പി 4500 നമ്പർ ‘കിയ’ കാറിന്റെ പുറകിൽ സൂക്ഷിച്ചിരുന്ന ബാഗിലായിരുന്നു പണം. കാറിൽ ഇയാളെ കൂടാതെ മകൻ ജയകൃഷ്‌ണനും ഡ്രൈവറും  ഉണ്ടായിരുന്നു.

ചോദ്യം ചെയ്യലിൽ  പരസ്‌പര വിരുദ്ധ മൊഴികളാണ്‌ ജയൻ നൽകിയത്‌. വർക്ക്‌ഷോപ്പിലേക്ക്‌ സ്‌പെയർ പാർട്‌സ്‌ വാങ്ങാൻ എറണാകുളത്തേയ്‌ക്ക്‌ പോവുകയാണെന്ന്‌ ആദ്യം പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ്‌ സംഘം നൽകിയ വിവരമനുസരിച്ച്‌ ആദായനികുതി വകുപ്പ്‌  കുളപ്പുള്ളിയിലെ ജയന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അഞ്ച്‌ ലക്ഷം രൂപകൂടി കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വീട്‌  പുതുക്കിപ്പണിയാൻ ടൈൽസ്‌ വാങ്ങാൻ പോകുകയാണെന്ന്‌ മാറ്റിപ്പറഞ്ഞു. സുഹൃത്തിന്‌ കൊടുക്കാൻ കൊണ്ടുപോവുകയാണെന്നും പറഞ്ഞു. പണവും കാറും കണ്ടുകെട്ടി. രാത്രിയും ചോദ്യം ചെയ്യൽ തുടർന്നു. ജയന്റെയും മകന്റെയും ഫോണും വീട്ടിൽനിന്ന്‌ രേഖകളും പിടിച്ചെടുത്തു.

25 ലക്ഷം രൂപ ബാങ്കിൽനിന്ന്‌ പിൻവലിച്ച രേഖയും ഇയാളിൽനിന്ന്‌ കണ്ടെത്തി. പണം തെരഞ്ഞെടുപ്പ്‌ അട്ടിമറിക്ക്‌ കൊണ്ടുവന്നതാണെന്നും  മറ്റിടങ്ങളിലും എത്തിച്ചതായും സംശയിക്കുന്നു.  കോൺഗ്രസ്‌ നേതാക്കളുമായി അടുത്തബന്ധമുള്ള ഇയാളെ ചേലക്കരയിലേക്ക്‌ പണം കടത്താൻ  ഉപയോഗിച്ചതായും കരുതുന്നു. ബിജെപിയുടെ കൊടകര കുഴൽപ്പണക്കടത്തിനും പാലക്കാട്ട്‌ കോൺഗ്രസിന്റെ  ട്രോളിബാഗിലെ  പണം കടത്തിനും പിന്നാലെയാണ്‌ ചേലക്കരയിലെ സംഭവം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top