കൊച്ചി > മമ്മൂട്ടിക്ക് 73–-ാം പിറന്നാൾദിനത്തിൽ ആശംസ നേർന്ന് ആരാധകരും സിനിമ, -സാംസ്‌കാരിക ലോകവും. കൊച്ചിയിലെ വസതിയിൽ കുടുംബത്തോടൊപ്പം കേക്ക് മുറിച്ചായിരുന്നു മമ്മൂട്ടിയുടെ ആഘോഷം. ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ സൽമാൻ, കൊച്ചുമകൾ മറിയം എന്നിവർക്കൊപ്പമാണ് മമ്മൂട്ടി പിറന്നാൾമധുരം പങ്കിട്ടത്. താരത്തിന് ആശംസ നേരാൻ നൂറുകണക്കിന് ആരാധകർ അർധരാത്രിയോടെ വീടിനുമുന്നിൽ എത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടിയുമൊത്തുള്ള ചിത്രം സമൂഹമാധ്യമ പേജിൽ പങ്കിട്ട് ആശംസ നേർന്നു. ‘പ്രിയപ്പെട്ട മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ’ എന്ന കുറിപ്പോടെയായിരുന്നു ഫെയ്‌സ്‌ബുക് കുറിപ്പ്. മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രവും ‘ഹാപ്പി ബർത്ത്ഡേ ഡിയർ ഇച്ചാക്ക’ എന്ന കുറിപ്പുമിട്ടാണ് മോഹൻലാൽ ആശംസ അറിയിച്ചത്.
വരാനിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പിറന്നാൾദിനത്തിൽ മമ്മൂട്ടി ആരാധകർക്കും സിനിമാലോകത്തിനുമായി സമൂഹമാധ്യമ പേജിൽ പങ്കിട്ടത്. തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചിത്രത്തോടുകൂടിയ പോസ്റ്ററിനുകീഴിൽ ആരാധകർ ലൈക്കും കമന്റുകളും നിറച്ചു.
ചെമ്പ് ടൂറിസം ഗ്രാമമാകും
നടൻ മമ്മൂട്ടിയുടെ ജന്മസ്ഥലമായ കോട്ടയം ജില്ലയിലെ ചെമ്പ്, ടൂറിസം ഗ്രാമമാക്കാനൊരുങ്ങി ടൂറിസം വകുപ്പ്. മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ ശനിയാഴ്ച മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഫെയ്സ്‍ബുക്കിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. ഉത്തരവാദിത്വ ടൂറിസം മിഷന്റെ സ്ത്രീസൗഹാർദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളിൽ ഒന്നാണ് ചെമ്പ്. ഗ്രാമീണ വിനോദസഞ്ചാര സാധ്യതകളെ മികച്ച നിലയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന വളരെ മനോഹരമായ ഒരു ഗ്രാമമാണിത്. വില്ലേജ് ലൈഫ് എക്സിപീരിയൻസ് ടൂർ പാക്കേജുകളിലൂടെ സഞ്ചാരികളെ ചെമ്പിലേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കിവരുന്നുണ്ട്. പ്രദേശവാസികൾക്ക് ആവശ്യമായ പരിശീലനവും നൽകി. കായലോര ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണ് ചെമ്പെന്നും മന്ത്രി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..