21 November Thursday

കോൺഗ്രസ് പണം കൊണ്ടുവന്നു; സംഘർഷം ഉണ്ടാക്കിയത് പണം മാറ്റുന്നതിനെന്ന് എ എ റഹിം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

പാലക്കാട് > പാലക്കാട് തെരഞ്ഞെടുപ്പിനായി കോൺഗ്രസ് പണം കൊണ്ടുവെന്ന് എ എ റഹിം എംപി. പരിശോധന കോൺഗ്രസുകാർ അട്ടിമറിച്ചു എന്നും സംഭവത്തിൽ  സമഗ്രമായ അന്വേഷണം വേണമെന്നും എം പി പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോടിക്കണക്കിന് രൂപ കൊണ്ടുവന്നു എന്നതാണ്  ആരോപണം. അത് അന്വേഷിക്കേണ്ടതുണ്ട്. പരിശോധന സംഘം എല്ലാ രാഷ്ട്രീയ പാർടികളുടെ മുറിയും പരിശോധിച്ചു. എന്നാൽ പൊലീസ് പരിശോധന നടന്ന സമയത്ത് കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍ അക്രമം അഴിച്ചുവിട്ടു. പൊലീസെത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഷാനിമോൾ ഉസ്മാൻ മുറി തുറക്കാതിരുന്നത് അവിടെ പണം ഉള്ളതുകൊണ്ടായിരുന്നു. പിന്നീട് സംഘർഷാവസ്ഥ സൃഷ്ടിച്ച് പൊലീസിനെയും മാധ്യമ പ്രവർത്തകരുടെ ശ്രദ്ധ തിരിച്ചു. പണം മാറ്റുന്നതിനും കൃത്രിമം കാണിച്ചവരെ രക്ഷപ്പെടുത്തുന്നതിനുമുള്ള സമയം എടുക്കുകയായിരുന്നു അത്.

യുഡിഎഫ് സ്ഥാനാര്‍ഥി ആരോപണ വിധേയമായ സമയത്ത് ഹോട്ടലില്‍ വന്നിട്ടുണ്ടോ എന്നും ഹോട്ടലില്‍നിന്ന് ഒരു കാര്‍ സംശയാസ്പദമായി പുറത്തേക്ക് പോയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണം. ഹോട്ടലിലില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്നും റഹീം ആവശ്യപ്പെട്ടു. അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിലെ പ്രതിയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തുമായ ഫെനിയാണ് ഹോട്ടലിലേക്ക് സ്യൂട്ട്‌കേസുമായി എത്തിയതെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ ആരോപിച്ചു

തെരഞ്ഞെടുപ്പ്‌  അട്ടിമറിക്കാൻ കള്ളപ്പണം എത്തിച്ചതായി സംശയത്തെ തുടർന്ന് ഇന്നലെ രാത്രി 12നാണ് പാലക്കാട്‌ നഗരമധ്യത്തിലെ കെപിഎം  റീജൻസിലെ മുറികളിൽ പൊലീസ് പരിശോധന നടത്തിയത്. തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരും പരിശോധനക്കെത്തിയിരുന്നു. തമിഴ്നാട്‌ രജിസ്‌ട്രേഷനുള്ള അത്യാഡംബര കാറിലാണ്‌ പണം കൊണ്ടുവന്നതെന്നാണ്‌ ആരോപണം. സിപിഐ എമ്മിന്റെയും കോൺ​ഗ്രസിന്റെയും നേതാക്കളുടെ മുറികളിൽ പരിശോധന നടത്തി.

ഷാനിമോൾ ഉസ്‌മാന്റെ മുറിയിൽ പരിശോധനക്കെത്തിയപ്പോൾ വനിതാ പൊലീസ്‌ ഇല്ലെന്ന കാരണം ഉന്നയിച്ച്‌ തടഞ്ഞു. പിന്നീട്‌ വനിതാ പൊലീസ്‌ എത്തിയപ്പോൾ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരില്ലെന്ന വാദമുന്നയിച്ചും പരിശോധന തടയാൻ ശ്രമിച്ചു. ഇതിനുശേഷം കോൺഗ്രസുകാർ  സംഘടിച്ചെത്തി പൊലീസിനെയും മാധ്യമപ്രവർത്തകരെയും തടയുകയും മർദിക്കാൻ ശ്രമിക്കുകയുംചെയ്‌തു.  പരിശോധനക്ക്‌ പൊലീസ്‌ എത്തുന്നതിന്‌ തൊട്ടുമുമ്പാണ്‌ എംപിമാരായ ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ എന്നിവർ ഹോട്ടലിൽനിന്ന് പുറത്തേക്കുപോയത്‌. ഇതിന്റെ ദൃശ്യങ്ങൾ വാർത്താചാനലുകൾ പുറത്തുവിട്ടു.  പിന്നീട്‌ 1.20ന്‌ ഇവർ തിരിച്ചെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top