21 December Saturday

എൺപത്‌ പാലങ്ങൾ, അഞ്ച്‌ ഫ്ളൈ ഓവറുകൾ; എ.സി റോഡ്‌ ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാകും

വെബ് ഡെസ്‌ക്‌Updated: Sunday Sep 13, 2020

തിരുവനന്തപുരം > പിണറായി സർക്കാരിൻ്റെ കീഴിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻ്റെ അഭിമാന പദ്ധതികളിലൊന്നായ ആലപ്പുഴ -ചങ്ങനാശ്ശേരി (എ.സി) റോഡിൻ്റെ ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാകുമെന്ന്‌ മന്ത്രി ജി സുധാകരൻ അറിയിച്ചു.

കേരളത്തിലെ പ്രധാന നാല് നദികളായ പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ എന്നിവയും വേമ്പനാട്ട് കായലും തീർക്കുന്ന ജലസമൃദ്ധിയിൽ ആറാടുന്ന സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന നെല്ലറയായ കുട്ടനാടിന് നടുവിലൂടെയാണ് എ.സി റോഡ് കടന്നു പോകുന്നത്. ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പ്രധാന പാത എല്ലാ വർഷവും മഴക്കാലത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെടുമായിരുന്നു. ഇതിന് ശാശ്വത പരിഹാരമായാണ് എ.സി റോഡിലെ എലിവേറ്റഡ് പാത എന്ന അഭിമാനപാതയുടെ നിർമ്മാണം.

പൊതുമരാമത്ത് വകുപ്പിൻ്റെ അഭ്യർത്ഥനയെ തുടർന്ന് പൊതുമരാമത്ത്, പ്ലാനിംഗ് ബോർഡ്, ജലവിഭവം, കൃഷി, ധനകാര്യം, തുടങ്ങിയ വകുപ്പുകളെ പങ്കെടുപ്പിച്ചു കൊണ്ട് ബഹു.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 14/12/2018, 18/5/2019 തീയതികളിൽ തിരുവനന്തപുരത്ത് നടന്ന ശില്പശാലയിൽ ആലപ്പുഴ മുതൽ പെരുന്ന വരെയുള്ള 24.18 കി.മീ പാത വെള്ളപ്പൊക്കത്തെ പൂർണ്ണമായും അതിജീവിക്കുന്ന തരത്തിൽ എലിവേറ്റഡ് പാത നിർമ്മിക്കുവാൻ ധാരണയായി.

വിശദമായ അലൈൻമെൻ്റ് പ്ലാൻ തയ്യാറാക്കുകയും മണ്ണിൻ്റെ ഘടനാ പരിശോധനകൾക്കായി 95 സ്ഥലത്ത് 75 മീറ്ററോളം ആഴത്തിൽ ബോറിംഗ് നടത്തി സാമ്പിളുകൾ 13 തരം പരിശോധനകൾക്ക് വിധേയമാക്കി. ഇടതു സർക്കാരിൻ്റെ പുതിയ കാലം, പുതിയ നിർമ്മാണം എന്ന ആശയത്തിലൂന്നിയാണ് നവീകരിക്കുന്ന റോഡിനും ഫ്ളൈ ഓവറുകൾക്കുമുള്ള ഡിസൈൻ തയ്യാറാക്കിയിട്ടുള്ളത്.
വാഹന ഗതാഗതത്തിന് 10 മീറ്റർ വീതിയുള്ള രണ്ടു വരിപ്പാതയും ഇരുവശത്തും നടപ്പാതയുമടക്കം 13 മീറ്റർ മുതൽ 14 മീറ്റർ വരെ വീതിയാണ് റോഡിനുണ്ടാവുക.

പ്രളയത്തിലെ ഉയർന്ന ജലനിരപ്പ് അടിസ്ഥാനമാക്കി റോഡ് ഉയർത്തുന്നതിനു വേണ്ടി ഈ പ്രദേശത്തെ പ്രത്യേക ഘടനയെ ആസ്പദമാക്കിയും മണ്ണിനെ സംബന്ധിച്ച സാങ്കേതിക വിദഗ്ദരുടെ നിർദ്ദേശ പ്രകാരവും 20 കി.മീറ്ററിൽ 3 തരത്തിലുള്ള നിർമ്മാണ രീതിയാണ് അവലംബിച്ചിട്ടുള്ളത്.

ഒന്നാമത്തേത് 2.9 കി.മീ ബി.എം.ബി.സി മാത്രം ചെയ്ത് റോഡ് നിലനിർത്തുന്നതിനും രണ്ടാമത്തേത് 8.27 കി.മീ കയർ ഭൂവസ്ത്രത്തിൻ്റെ പാളികൾ കൊണ്ട് വശങ്ങൾ ശക്തിപ്പെടുത്തിയും മൂന്നാമത്തേത് 9.0 കി.മീ ജിയോ ഗ്രിഡും കയർ ഭൂവസ്ത്രത്താൽ എൻ കേസ് ചെയ്ത സ്റ്റോൺ കോളവും ഉപയോഗിച്ചുള്ള ഇംപ്രൂവ്മെൻറുമാണ് അവലംബിച്ചിരിക്കുന്നത്.

നിലവിലെ റോഡിൻ്റെ ഒരു വശത്ത് ജലാശയവും മറുഭാഗത്ത് പാടവും വരുന്ന ഭാഗത്ത് റോഡിന് സമാനമായ രീതിയിലും റോഡിൻ്റെ ഒരു ഭാഗത്ത് ജലാശയവും മറുഭാഗത്ത് വീടുകളും വരുന്ന സ്ഥലങ്ങളിൽ പ്രദേശവാസികളുടെ സഞ്ചാരത്തിന് തടസ്സം വരാത്ത രീതിയിൽ സർവീസ് റോഡും നൽകിയാണ് ഫ്ളൈ ഓവറുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഒന്നാം കര പാലത്തിനും മങ്കൊമ്പ് ജംഗ്ഷനുമിടയിലെ 370 മീറ്ററും മങ്കൊമ്പ് ജംഗ്ഷനും കൾവെർട്ടിനും ഇടയിലെ 440 മീറ്ററും തെക്കേക്കര ഭാഗത്ത് 240 മീറ്ററും ജ്യോതി ജംഗ്ഷനും പറശ്ശേരിൽ പാലത്തിനുമിടയിൽ 250 മീറ്ററും പൊങ്ങ കൾവെർട്ടിനും പണ്ടാരക്കളത്തിനുമിടയിൽ 485 മീറ്ററും നീളത്തിലാണ് ഫ്ളൈ ഓവറുകൾ ക്രമീകരിച്ചിക്കുന്നത്. ഫ്ളൈ ഓവറുകളുടെ ആകെ നീളം 1.785 കിലോമീറ്ററാണ്.

നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാൻ ഒൻപത് കോസ് വേകൾ 400 മീറ്റർ ആകെ നീളത്തിൽ നൽകിയിട്ടുണ്ട്. കൂടാതെ റോഡിലുടനീളം 67 സ്ഥാനങ്ങളിൽ 3 മീറ്റർ വീതമുള്ള പുതിയ കൾവെർട്ട് നിർമ്മിക്കുവാനും ഡി.പി.ആറിൽ നിർദ്ദേശമുണ്ട്. എ സി റോഡിൽ കാൽ നടപ്പാത ഇല്ലാത്തതും വീതി കുറഞ്ഞതുമായ പാലങ്ങളായ കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങളിലും പുതുക്കുന്ന റോഡിൻ്റെ ഘടനക്കനുസരിച്ച്‌ ഇരു വശങ്ങളിൽ നടപ്പാത നൽകി വീതി കൂട്ടിയാണ് പണിയുക.

നടപ്പാതകളുടെ അടിയിൽ ഒരു വശത്ത് ഓടയും മറുവശത്ത് ഡക്റ്റും കനാലിൻ്റേയും പാടശേഖരങ്ങളുടേയും ഭാഗത്ത് വശങ്ങളിൽ ഉടനീളം ക്രാഷ് ബാര്യറും സോളാർ ലൈറ്റുകളും കാത്തിരിപ്പു കേന്ദ്രങ്ങളും ബസ് ബേകളും സ്ഥാപിക്കുന്നതാണ്.

625 കോടി നിർമ്മാണ ചിലവുള്ള 80 പാലങ്ങളും 5 ഫ്ളൈ ഓവറുകളുമുള്ള ഈ പദ്ധതി പൂർത്തീകരണത്തിന് മൂന്ന് വർഷമാണ് സമയ പരിധി കണക്കാക്കിയിരിക്കുന്നത്. ഇടതു സർക്കാരിൻ്റെയും പൊതുമരാമത്ത് വകുപ്പിൻ്റെയും അഭിമാന മുഖമാവുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൻ്റെ ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാവുന്നതോടു കൂടി നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാനാവും ‐ മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top