05 November Tuesday
പട്ടികവിഭാഗ സംവരണത്തിൽ ഉപവർഗീകരണം

സുപ്രീംകോടതി വിധിക്കെതിരെ 
കേന്ദ്രനിയമം കൊണ്ടുവരണം: പുന്നല ശ്രീകുമാർ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

കൊല്ലം > പട്ടികവിഭാഗ സംവരണത്തിൽ ഉപവർഗീകരണത്തിന് സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന സുപ്രീംകോടതിവിധിക്കെതിരെ പാർലമെന്റിൽ നിയമംകൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന്‌ കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ആവശ്യപ്പെട്ടു.

കൊല്ലം സി കേശവൻ സ്മാരക ഹാളിൽ സംസ്ഥാന ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധി കേരളത്തിൽ നടപ്പാക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിൽ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടിക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്താൻ സർക്കാർ തയ്യാറാകണം. പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പട്ടികവിഭാഗങ്ങൾക്ക് പ്രാതിനിധ്യമില്ലാത്ത അവസ്ഥ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മേൽത്തട്ട്പരിധി സംബന്ധിച്ച സുപ്രീംകോടതിവിധി മറികടക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തണമെന്നും സംവരണം പാലിക്കാതെ ഉന്നതപദവികളിൽ നേരിട്ട്‌ നിയമനം നടത്താനുള്ള തീരുമാനം കേന്ദ്രസർക്കാർ പൂർണമായും പിൻവലിക്കണമെന്നും ജനറൽ കൗൺസിൽ പ്രമേയം പാസാക്കി. പ്രസിഡന്റ് പി എ അജയഘോഷ് അധ്യക്ഷനായി. ട്രഷറർ എ സനീഷ്‌കുമാർ, എൻ ബിജു, എ പി ലാൽകുമാർ, പി എൻ സുരൻ, പി ജെ സുജാത, പി വി ബാബു,  ആർ വിജയകുമാർ, അഖിൽ കെ ദാമോദരൻ, കെ രാജൻ, സി സത്യവതി തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top