തിരുവനന്തപുരം > പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വർഗീയ ശക്തികളുമായി കൂട്ടുചേർന്നെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം എ കെ ബാലൻ. ചരിത്രത്തിൽ ആദ്യമായാണ് ഒരു ആർഎസ്എസ് നേതാവ് ആർഎസ്എസിൽ നിന്ന് രാജി വയ്ക്കാതെ യുഡിഎഫിനൊപ്പം പ്രവർത്തിക്കുന്നത്. യുഡിഎഫിനും ആർഎസ്എസിനും ഇടയിലെ പാലമായിരുന്നു സന്ദീപ് വാര്യർ. സന്ദീപ് വാര്യരിലൂടെ ആർഎസ്എസിലെ ഒരു വിഭാഗത്തിന്റെ വോട്ട് യുഡിഎഫിൽ എത്തി. എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും യുഡിഎഫ് ഒപ്പം നിർത്തിയെന്നും ഇക്കാര്യത്തിൽ സരിൻ നൽകിയ മുന്നറിയിപ്പ് പൂർണ്ണമായും ശരിയായെന്നും എ കെ ബാലൻ പറഞ്ഞു.
ഇതുവരെ സ്വീകരിച്ചു പോന്ന നയത്തിൽ നിന്ന് മാറാൻ സിപിഐ എമ്മിനും എൽഡിഎഫിനും കഴിയില്ല. നിലപാടിൻ്റെ ഭാഗമായാണ് ഡോ. പി സരിൻ എൽഡിഎഫിലേക്ക് വന്നത്. പാലക്കാട് എൽഡിഎഫ് നില മെച്ചപ്പെടുത്തി. രണ്ടാം സ്ഥാനത്തേക്കുള്ള വരവിന്റെ നല്ല സൂചനയായി തെരഞ്ഞെടുപ്പ് ഫലത്തെ കാണാം. അടിസ്ഥാന വോട്ട് ഒന്നും നഷ്ടപ്പെട്ടില്ല. ശക്തമായ പ്രകടനം നടത്താൻ എൽഡിഎഫിന് കഴിഞ്ഞു. സരിനെ പാർടി ഒപ്പം നിർത്തുമെന്നും കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രമായി അദ്ദേഹം മാറുമെന്നും എ കെ ബാലൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..