പാലക്കാട്
ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും മറച്ചുവയ്‌ക്കാനില്ലെന്ന് മുൻ മന്ത്രി എ കെ ബാലൻ. 2017 ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് സിനിമ മേഖലയിൽ കണ്ടുവരുന്ന തെറ്റായ പ്രവണത മനസിലാക്കാനും അത് ആവർത്തിക്കാതിരിക്കാനും കമ്മിറ്റിയെ വച്ചത്. കമ്മിറ്റിയെ ഇല്ലാതാക്കാൻ വരെ ശ്രമം നടന്നു. അതിനെ സർക്കാർ മറികടന്നു. 2019 ൽ ജസ്‌റ്റിസ് ഹേമ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് കൈമാറി. ഹേമ കമ്മിറ്റിക്ക് മുന്നിൽ തെളിവ് നൽകിയ ചിലർ സ്വകാര്യത ഹനിക്കുന്ന ഒന്നും പ്രസിദ്ധപ്പെടുത്തരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ഉറപ്പ് കമ്മിറ്റിയും അവർക്ക് നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് പല കാര്യങ്ങളും തുറന്നുപറഞ്ഞത്. അത് ഒരിക്കലും പുറത്തുവിടരുതെന്ന് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. അത്തരം കാര്യങ്ങൾ എന്തെന്ന് സർക്കാരിന്റെ മുന്നിലില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് കേസ് എടുക്കാനുമാകില്ല. ആര് ആർക്കെതിരെ മൊഴി നൽകിയെന്ന് വ്യക്തമാക്കിയിട്ടില്ല. പീഡനം സംബന്ധിച്ച് ആരുടെയും പരാതിയില്ല. പിന്നെ എങ്ങനെ കേസ് എടുക്കും.
സിനിമാ മേഖല പ്രതിസന്ധിയിലാക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുണ്ട്. സിനിമ മന്ത്രിയായിരിക്കെ അക്കാര്യം ബോധ്യപ്പെട്ടിരുന്നു. ചില ഇത്തിൾക്കണ്ണികളുണ്ട്. അവരെ സർക്കാർ ഒഴിവാക്കിയെന്നും എ കെ ബാലൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..