കരുമാല്ലൂർ
കളമശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന ‘സ്നേഹവീട്’ പദ്ധതിയിൽ ഒമ്പതാമത്തെ വീടിന് മന്ത്രി പി രാജീവ് കല്ലിട്ടു. കരുമാല്ലൂർ കീഴ്ത്തറപ്പറമ്പ് പുളിക്കൽവീട്ടിൽ അംബിക ശ്രീധരനാണ് വീട് നിർമിച്ചുനൽകുന്നത്.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എസ് ഷഹ്ന അധ്യക്ഷയായി. അംബികയുടെ ഭർത്താവ് ശ്രീധരൻ 22 വർഷംമുമ്പ് മരിച്ചതാണ്. കേൾവിയും സംസാരശേഷിയും ജന്മനാ ഇല്ലാത്ത മകൻ പി എസ് ശ്രീജിത്, ഭാര്യ, രണ്ടു കുട്ടികൾ, സ്വകാര്യ മെഡിക്കൽ ഷോപ്പിൽ ഫാർമസിസ്റ്റായ മകൾ പി എസ് ആര്യ എന്നിവർ അംബികയ്ക്കൊപ്പമാണ് താമസം. നിർധനരായ ഇവർക്ക് 500 ചതുരശ്രയടി വിസ്തീർണത്തിൽ എട്ടുലക്ഷം രൂപ മുടക്കിയാണ് വീട് നിർമിച്ചുനൽകുന്നത്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, സിയാൽ, സുഡ്കെമി, ഇൻകെൽ എന്നിവയുടെ സാമ്പത്തികസഹായത്തോടെ രാജഗിരി ഫൗണ്ടേഷന്റെ മേൽനോട്ടത്തിലാണ് വീടിന്റെ നിർമാണം.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ജില്ലാപഞ്ചായത്ത് അംഗം കെ വി രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ശ്രീലത ലാലു, റംല ലത്തീഫ്, സംഘാടകസമിതി കൺവീനർ വി എൻ സുനിൽ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..