പുണെ
മഹാരാഷ്ട്രയില്‍ സ്വകാര്യ ഏവിയേഷന്‍ കമ്പനിയുടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മലയാളി പൈലറ്റ് അടക്കം മൂന്നുപേര്‍ മരിച്ചു. പൈലറ്റുമാരായ കൊല്ലം കുഴിമതിക്കാട് വിളയിൽ വീട്ടിൽ ക്യാപ്‌റ്റൻ ഗിരീഷ് കെ പിള്ള (53), ഡൽഹി സ്വദേശി ക്യാപ്‌റ്റൻ പരംജിത്ത് സിങ് (64), നവി മുംബൈ സ്വദേശി എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനിയര്‍ പ്രിതംചന്ദ് ഭരദ്വാജ് (56) എന്നിവരാണ് മരിച്ചത്.വേറെ യാത്രക്കാർ ഉണ്ടായിരുന്നില്ല.
ഹെറിറ്റേജ് ഏവിയേഷന്റെ അഗസ്റ്റ എ109എസ് ഗ്രാന്‍ഡ് ഇരട്ടഎന്‍ജിന്‍ ഹെലികോപ്ടറാണ് ബുധന്‍ രാവിലെ 7.40 ഓടെ തകര്‍ന്നത്. പുണെയിലെ ഓക്സ്ഫോര്‍ഡ് കൗണ്ടി ഗോള്‍ഫ് കോഴ്സ് ഹെലിപാഡിൽനിന്ന് മുംബൈയിലെ ജൂഹുവിലേക്ക് പുറപ്പെട്ട കോപ്റ്റർ പറന്നുയര്‍ന്ന് അഞ്ചു മിനിറ്റിനകം ബാവ്ധന്‍ പ്രദേശത്തെ കുന്നിൻ മുകളിൽ തകര്‍ന്നുവീഴുകയായിരുന്നു.നിയന്ത്രണംവിട്ട് നിലംപതിച്ച ഹെലികോപ്‌റ്റര്‍ കത്തിയമര്‍ന്നു. മൂന്നു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
കനത്ത മൂടൽമഞ്ഞിൽ കാഴ്ച മറഞ്ഞതും സാങ്കേതിക തകരാറുമാകാം അപകടകാരണമെന്ന് സംശയിക്കുന്നു. വിശദമായ അന്വേഷണത്തിന് ഡിജിസിഎ ഉത്തരവിട്ടു.
വ്യോമസേനയിൽ വിങ് കമാൻഡറായിരുന്നു ഗിരീഷ്. വിരമിച്ചശേഷം ഡൽഹി ഹെറിറ്റേജ് ഏവിയേഷൻ കമ്പനിയിൽ പൈലറ്റായി ജോലിചെയ്യുകയായിരുന്നു.
അച്‌ഛൻ:പരേതനായ ഭാസ്കരൻപിള്ള. അമ്മ ശാന്ത ബി പിള്ള . ഭാര്യ: പരേതയായ മഞ്ജു പിള്ള. മക്കൾ: രേവതി പിള്ള (അനിമേഷൻ വിദ്യാർഥി, ചണ്ഡീഗഡ്), രാഹുൽ പിള്ള (എൻജിനിയറിങ് വിദ്യാർഥി, ചെന്നൈ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..