23 December Monday
6 ഗ്രഹങ്ങളാണ്‌ ജനുവരിയിൽ വരിവരിയായി ആകാശത്ത്‌ ദൃശ്യമാകുക

ചക്രവാളത്തിൽ കാണാം ‘ഗ്രഹ കുടുംബം’

സ്വന്തം ലേഖകന്‍Updated: Wednesday Dec 11, 2024

മഞ്ചേരി > വാനനിരീക്ഷകർക്കും വിദ്യാർഥികൾക്കും കൗതുകക്കാഴ്‌ചയൊരുക്കി ഗ്രഹങ്ങളുടെ ‘കുടുംബം’ ആകാശത്ത്‌ വിരുന്നെത്തും. ഡിസംബറിൽ ചില ഗ്രഹങ്ങൾ കാണാമെങ്കിലും ജനുവരിയിൽ ആറ് ഗ്രഹങ്ങളാണ്‌ വരിവരിയായി ആകാശത്ത്‌ ദൃശ്യമാകുക. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, നെപ്ട്യൂൺ, യുറാനസ്, ബുധന്‍ എന്നീ  ഗ്രഹങ്ങളാണ്‌ 2025 ജനുവരിയിൽ ദൃശ്യമാകുകയെന്ന്‌  വാനനിരീക്ഷകന്‍ ഉണ്ണിക്കൃഷ്ണൻ മംഗലശേരി പറഞ്ഞു. ചൊവ്വ, ശുക്രൻ, വ്യാഴം, ശനി എന്നിവയെ നഗ്നനേത്രങ്ങൾകൊണ്ടും യുറാനസിനെയും നെപ്റ്റ്യൂണിനെയും ടെലിസ്കോപ്പിലൂടെയുമാണ്‌ കാണാനാകുക. രാത്രി 8.30വരെയാണ് ഗ്രഹങ്ങളെ വ്യക്തമായി കാണാൻ കഴിയുക. ആഴ്‌ചകളോളം ഇങ്ങനെ ദൃശ്യമായേക്കാം. ശുക്രൻ, ശനി, നെപ്ട്യൂണ്‍ എന്നീ ഗ്രഹങ്ങൾ രാത്രി 11.30മുതൽ മറഞ്ഞിരിക്കും. ചൊവ്വ, വ്യാഴം, യുറാനസ് എന്നിവ രാത്രി മുഴുവനുമുണ്ടാകും. സൂര്യനോട് അടുത്തിരിക്കുന്നതിനാൽ ശനി, ബുധൻ, നെപ്‌ട്യൂണ്‍ എന്നിവയെ സൂര്യാസ്തമയ സമയത്ത് ഒരുമിച്ച് കാണാൻ പ്രയാസമായിരിക്കും.

 ഉണ്ണിക്കൃഷ്ണൻ മംഗലശേരി

ഉണ്ണിക്കൃഷ്ണൻ മംഗലശേരി

ഈ ഡിസംബറില്‍ത്തന്നെ വ്യാഴത്തെയും ശനിയെയും ശുക്രനെയും കാണാന്‍ കഴിയും. പടിഞ്ഞാറ് ശുക്രന്‍, തലയ്‌ക്ക് മുകളിലായി ചന്ദ്രന്‍, തൊട്ടുകിഴക്ക് ശനി, കിഴക്ക് വ്യാഴം എന്നിങ്ങനെയായിരിക്കും ദൃശ്യമാവുക. ഉയർന്ന പ്രദേശങ്ങളില്‍നിന്നാണ് വ്യക്തമായ കഴ്ച ലഭിക്കുക. ടെലിസ്കോപ്പിലൂടെ വ്യാഴത്തിന്റെ ഗലീലിയൻ ഉപഗ്രഹങ്ങളെയും ശനിയുടെ വലയങ്ങളെയും കാണാനാകും. സ്റ്റെല്ലേരിയമുൾപ്പെടെയുള്ള മൊബൈൽ ആപ്പുകളിലൂടെയും ഈ പ്രതിഭാസം കാണാനാകുമെന്ന്‌ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top