22 November Friday

ഓടുന്ന ട്രെയിൻ റദ്ദാക്കി; പകരം സ്‌പെഷ്യൽ കൊള്ള

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

പാലക്കാട്‌ > ഓടുന്ന ട്രെയിൻ റദ്ദാക്കി സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചും റെയിൽവേയുടെ കൊള്ള. ആഴ്‌ചയിൽ മൂന്നുദിവസം വീതം ഓടിക്കൊണ്ടിരുന്ന പാവങ്ങളുടെ എസി ട്രെയിൻ എന്നറിയപ്പെടുന്ന യശ്‌വന്ത്‌പുർ – കൊച്ചുവേളി ഗരീബ്‌രഥ്‌ റദ്ദാക്കിയാണ്‌ ബംഗളൂരുവിൽനിന്ന്‌ ഓണം സ്‌പെഷ്യൽ എന്ന പേരിൽ ട്രെയിൻ ഓടിക്കുന്നത്‌.

യശ്‌വന്ത്‌പുരിൽനിന്ന്‌ കൊച്ചുവേളിയിലേക്ക്‌ ഗരീബ്‌രഥിൽ 845 രൂപയാണ്‌ നിരക്ക്‌. എന്നാൽ നിലവിൽ അനുവദിച്ച സ്‌പെഷ്യൽ ട്രെയിനിലെ എസി എക്കണോമി കോച്ചിൽ 1370 രൂപയാണ്. സാധാരണ ത്രീ ടയർ എസി കോച്ചിനേക്കാൾ കുറഞ്ഞ നിരക്കാണ്‌ എക്കണോമി കോച്ചുകളിൽ ഈടാക്കാറുള്ളത്. സാധാരണ ട്രെയിനുകളിൽ ത്രീടയർ എക്കണോമി എസിക്ക്‌ 1090, ത്രീടയർ എസിക്ക്‌ 1180 എന്നിങ്ങനെയാണ്‌ നിരക്ക്‌. ഇതിനെയൊക്കെ കടത്തിവെട്ടിയാണ്‌ സ്‌പെഷ്യൽ ട്രെയിനിൽ എക്കണോമി കോച്ചിൽ വലിയ തുക ഈടാക്കുന്നത്‌. മാത്രമല്ല, ഗരീബ്‌രഥിന്റെ ഏകദേശ സമയത്തുതന്നെയാണ്‌ സ്‌പെഷ്യലും സർവീസ്‌ നടത്തുന്നത്‌.

ആഗസ്‌ത്‌ 20 മുതൽ സെപ്‌തംബർ 19വരെയാണ്‌ ഗരീബ്‌രഥ്‌ റദ്ദാക്കിയിരിക്കുന്നത്‌. കൃത്യം ഓണത്തിന്റെ തിരക്ക്‌ കഴിയുന്നതുവരെ ട്രെയിൻ ഓടില്ല. ഇതേ സമയത്തുതന്നെ എസ്‌എംവിടിയിൽനിന്ന്‌ കൊച്ചുവേളിയിലേക്ക്‌ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചത്‌. നേരത്തെ ആഗസ്‌തിൽ മാത്രം ഓടുമെന്ന്‌ അറിയിച്ചിരുന്ന ട്രെയിൻ സെപ്‌തംബർ 25വരെ നീട്ടി.

ഓണം സീസണിന്റെ അവസാന തിരക്കിലാണ്‌ ഗരീബ്‌രഥിന്റെ റദ്ദാക്കിയത്. യശ്‌വന്ത്‌പുരിൽ പണിയുടെ പേരിലാണ്‌ റദ്ദാക്കിയതെന്ന്‌ പറയുന്നുണ്ടെങ്കിലും ഓണം സ്‌പെഷ്യൽ കൊള്ളയാണ്‌ ലക്ഷ്യമിട്ടത്‌. യശ്‌വന്ത്‌പുർ – കണ്ണൂർ കൃത്യമായി ഓടുന്നുണ്ട്‌. പണിയുടെ പേരിലായിരുന്നുവെങ്കിൽ യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത്‌ ട്രെയിൻ എസ്‌എംവിടിയിൽനിന്ന്‌ സർവീസ്‌ നടത്താമായിരുന്നു. എന്നാൽ ഇതൊക്കെ അവഗണിച്ചാണ്‌ ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള റെയിൽവേയുടെ നീക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top