മലപ്പുറം> മലപ്പുറത്ത് നിപാ രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാംപിള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചു. ഇത് കോഴിക്കോട്ടെ ലാബില്‍ പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പരിശോധന തുടങ്ങി. ബംഗളൂരുവില്‍ നിന്നും എത്തിയ ശേഷം, നിപാ ബാധിച്ചു മരിച്ച വിദ്യാർഥി എവിടെയെല്ലാം പോയി എന്നാണ് പരിശോധിക്കുന്നത്. മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
നിപാ ബാധിച്ച് മരിച്ച 24 കാരന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 15 സഹപാഠികളെയും നിരീക്ഷണത്തിലാക്കി. നിപാ സ്ഥിരീകരിച്ചതിനു പിന്നാലെ ബംഗളൂരുവിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. നിപാ സ്ഥിരീകരിച്ച മലപ്പുറം ജില്ലയില്‍ ആരോഗ്യവകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ 0483 2732010, 0483 2732060.
മരിച്ച യുവാവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 157 പേരുടെ പ്രാഥമിക പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. മരിച്ച വിദ്യാർഥിയുമായും, രോഗലക്ഷണങ്ങള്‍ സംശയിക്കുന്നരുമായും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള പരിശോധനയുടെ ഭാഗമായി സര്‍വേയും ആരംഭിച്ചിട്ടുണ്ട്. നിപാ ബാധിച്ച് മരിച്ച, ബംഗളൂരുവില്‍ വിദ്യാർഥിയായ യുവാവ് ആഗസ്ത് 23ന് പുലര്‍ച്ചെയാണ് നാട്ടിലെത്തുന്നത്. മരിച്ചത് ഈ മാസം ഒൻപതിനാണ്. ഇതിനിടെ യുവാവ് പുറത്തുപോയ വിവരങ്ങള്‍ അടക്കം ശേഖരിക്കുകയാണ്. യുവാവ് വിനോദയാത്രയ്ക്ക് പോയതായും വിവരം ലഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..