24 November Sunday

വയനാടിനെ വഞ്ചിക്കാൻ 
ഗൂഢനീക്കം

ഒ വി സുരേഷ്‌Updated: Sunday Aug 25, 2024

തിരുവനന്തപുരം > ഉരുൾപൊട്ടലിൽ വിറങ്ങലിച്ചുനിൽക്കുന്ന വയനാടിനെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ച്‌ അട്ടിമറിക്കാൻ ഗൂഢനീക്കം. നേരത്തെ മുഖ്യമന്ത്രിയുമായുളള ചർച്ചയിൽ അഞ്ചു ദിവസത്തെ വേതനം നൽകാമെന്ന്‌ സമ്മതിച്ച കോൺഗ്രസ്‌– ബിജെപി അനുകൂല സർവീസ്‌ സംഘടനകൾ പെട്ടെന്ന്‌ നിലപാട്‌ മാറ്റിയതാണ്‌ ഇത്‌ വെളിപ്പെടുത്തിയത്‌. ഉന്നത രാഷ്‌ട്രീയ സമ്മർദം  പിന്നിലുണ്ടെന്നും വിവരമുണ്ട്‌. 

മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനവും ആദ്യഘട്ട താൽക്കാലിക പുനരധിവാസവും പരാതിക്കിടയില്ലാത്തവിധം യുദ്ധകാലാടിസ്ഥാനത്തിൽ  പൂർത്തീകരിച്ചത്‌ സർക്കാരിന്‌ നേട്ടമാകുമോയെന്ന ഭയവുമുണ്ട്. കേന്ദ്രം സഹായം നൽകാതിരിക്കുകയും സാലറിചലഞ്ച്‌ പരാജയപ്പെടുത്തുകയും ചെയ്‌താൽ മുണ്ടക്കൈ പുനരധിവാസം അട്ടിമറിക്കാമെന്നാണ്‌ കണക്കുകൂട്ടൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ജീവനക്കാരുടെ അഞ്ചുദിവസ വേതനം നിർബന്ധിതമായി പിടിക്കുന്നുവെന്നാണ്‌ ജീവനക്കാരെ എതിരാക്കാനുള്ള ആദ്യ പ്രചാരണം.  സമ്മതപത്രം നൽകാത്തവർക്ക്‌ പിഎഫ്‌ വായ്‌പ നിഷേധിക്കുമെന്നുമുള്ള വ്യാജപ്രചാരണം നടത്തുന്നു. 

അതേസമയം ദിവസക്കൂലിക്കാരും അല്ലാത്തവരുമായ സാധാരണക്കാരുൾപ്പെടെയുളളവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന ചെയ്യുന്നത്‌ തുടരുകയാണ്‌. ആഗസ്‌ത്‌ മൂന്നിന്‌ വിവിധ സംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ കുറഞ്ഞത്‌ അഞ്ചുദിവസത്തെ ശമ്പളം നൽകണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥനയോട്‌ സംഘടനകൾക്ക്‌ അനുകൂല നിലപാടായിരുന്നു. ഇതിനുള്ള നിർദേശങ്ങൾ  16ന്‌ ധനവകുപ്പ്‌ പുറപ്പെടുവിച്ചു. എന്നാൽ കഴിഞ്ഞ ദിവസമാണ്‌ കോൺഗ്രസ്‌ അനുകൂല ജീവനക്കാരുടെ സംഘടന  എൻജിഒ അസോസിയേഷൻ എതിർപ്പുയർത്തിയത്‌. സമ്മതപത്രം നൽകരുതെന്ന്‌ സെക്രട്ടറിയറ്റ്‌ അസോസിയേഷനും ജീവനക്കാരോട്‌ ആവശ്യപ്പെട്ടു. ബിജെപി അനുകൂല സംഘടനകൾക്കും ഇതേ നിലപാടാണ്‌.  

അതേസമയം വയനാടിനെ കൈപിടിച്ചുയർത്താനുള്ള പ്രവർത്തനങ്ങളെ ബഹുഭൂരിപക്ഷവും  ജീവനക്കാരും പിന്തുണയ്‌ക്കുന്നുണ്ട്‌.  കെഎസ്‌ടിഎ, എൻജിഒ യൂണിയനടക്കമുള്ള ഇടതുപക്ഷ അധ്യാപക, സർവ്വീസ്‌ സംഘടനകൾ പൂർണ പിന്തുണയുമായി രംഗത്തുണ്ട്‌. 2018ലെ പ്രളയകാലത്തും ഒരുമാസത്തെ ശമ്പളം നൽകണമെന്ന സർക്കാർ ഉത്തരവിന്റെ പകർപ്പ്‌ കത്തിച്ച്‌ കോൺഗ്രസ്‌–- ബിജെപി സർവീസ്‌ സംഘടനകൾ സാലറി ചലഞ്ചിന്‌ തുരങ്കംവച്ചിരുന്നു.  എന്നിട്ടും ബഹുഭൂരിപക്ഷം ജീവനക്കാരും സർക്കാരിനൊപ്പം നിന്നു.

സമ്മതപത്രം നൽകാത്തവരിൽനിന്ന്
ശമ്പളം പിടിക്കില്ല

സമ്മതപത്രം നൽകാത്ത ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ  ജീവനക്കാർ അഞ്ചു ദിവസത്തെ വേതനം നൽകണമെന്ന് സർക്കാർ അഭ്യർഥിച്ചിരുന്നു. സമ്മതപത്രം നൽകാത്തവർക്ക് പിഎഫ് ലോൺ അപേക്ഷ നൽകാൻ സ്പാർക്കിൽ തടസങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top