കൊച്ചി
പാലാരിവട്ടം ബൈപാസിൽ ചക്കരപ്പറമ്പിനുസമീപം വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു. ഡ്രൈവർ മുനീഷ് (39) ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. പ്രാഥമികചികിത്സയ്ക്കുശേഷം സംഘം മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.
കോയമ്പത്തൂർ എസ്എന്‍എസ് കോളേജിൽനിന്ന് 30 വിദ്യാർഥികളുമായി ഇൻഡസ്ട്രിയൽ വിസിറ്റിന് വർക്കലയിലേക്ക് പോയ തമിഴ്നാട് ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ശനി പുലർച്ചെ 2.45ഓടെയായിരുന്നു അപകടം.
വിദ്യാർഥികൾ സഞ്ചരിച്ച ബസിനെ വയനാട്ടിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മറ്റൊരു സ്വകാര്യ ബസ് ഇടതുവശത്തുകൂടി മറികടന്നപ്പോൾ ഇതിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ ടൂറിസ്റ്റ് ബസ് വലതുഭാഗത്തേക്ക് തിരിച്ചു. അപ്പോൾ ബസ് റോഡിന്റെ ഡിവൈഡറിൽ കയറിയശേഷം മരത്തിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു.
ബസിന്റെ മുൻവശം പൂർണമായും തകർന്നു. ടൂറിസ്‌റ്റ് ബസിനെ മറികടന്ന സ്വകാര്യ ബസ് അമിതവേഗത്തിലായിരുന്നുവെന്നാണ് നിഗമനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..