തൂക്കുപാലം> കേരളത്തിന്റെ സർവതലവികസനവും വളർച്ചയും ലോകനിലവാരത്തിലെത്തിയത് ഇടതുഭരണത്തിലാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. നെടുങ്കണ്ടം ഏരിയ സമ്മേളനത്തിന്റെ സമാപനപൊതുസമ്മേളനം തൂക്കുപാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനാകെ മാതൃകയായി അടിസ്ഥാനമേഖലയിലുൾപ്പെടെ വമ്പിച്ച മാറ്റമുണ്ടാക്കിയത് പിണറായി വിജയൻ സർക്കാർ ഉൾപ്പെടെയുള്ള ഇടത് ഭരണമാണ്.
ദരിദ്രരില്ലാത്തതും ആയൂർദൈർഘ്യം കൂടുതലുള്ളവരുമായ രാജ്യത്തെ ഏകസംസ്ഥാനമാണ് കേരളം. ആരോഗ്യനിലവാരം, ശിശുമരണനിരക്കിലെ കുറവ്, ലോകോത്തര പൊതുവിദ്യാഭ്യാസം, മഹാമാരികളെ നേരിടൽ എന്നിവയിലെല്ലാം മുന്നിലായി.
രാജ്യത്ത് ആദ്യമായി 32 ലക്ഷം കുടുംബങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകിയത് ഇ എം എസ് സർക്കാരാണെങ്കിൽ നാല് ലക്ഷം കുടുംബങ്ങൾക്ക് ലൈഫിൽ പാർപ്പിടം നൽകിയത് പിണറായി സർക്കാരാണ്. നാടിനും ജനതയ്ക്കും നന്മചെയ്യുന്ന ഇടതുസർക്കാരിനും കമ്യൂണിസ്റ്റുകാർക്കുമെതിരെ സംഘടിതശക്തികൾ മാധ്യമ പിന്തുണയോടെ ഒത്തുചേർന്നു.
കോൺഗ്രസ് വർഗീയ–- -തീവ്രവാദ ശക്തികളെയാണ് കൂട്ടുപിടിച്ചത്. വിമോചനസമരക്കാർ പുതിയ രൂപത്തിലും സഖ്യത്തിലും പ്രവർത്തിക്കുന്നു. പുരോഗതിയിലേക്ക് നീങ്ങുന്ന നാടിനെ പിന്നോട്ടടിപ്പിക്കാൻ ഇരുട്ടിന്റെ ശക്തികളെ സിപിഐ എം അനുവദിക്കില്ല. കേരളത്തിന്റെ കരുത്ത് ഇന്ത്യയാകെ വ്യാപിപ്പിക്കും. സംസ്ഥാനത്തിന്റെ നേട്ടങ്ങളെ ഒന്നുകൂടി മെച്ചപ്പെടുത്തുന്ന ഭരണത്തിനാണ് ശ്രമിക്കുന്നത്.
മൂന്നാമതും എൽഡിഎഫ് വരുമെന്ന വെപ്രാളംകാരണമാണ് കോൺഗ്രസ് വർഗീയ ശക്തികളെ കൂട്ടുപിടിച്ചിരിക്കുന്നത്. അന്യമതവിദ്വേഷവും വൈരാഗ്യവും വ്യാപിപ്പിച്ച് സമൂഹത്തെ നശിപ്പിക്കുകയും വൻകിടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന ബിജെപി സർക്കാരിനെതിരെ അണിനിരക്കണമെന്നും എ വിജയരാഘവൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..