22 December Sunday

ധൈഷണികതയുടെ ഉയര്‍ന്ന തലങ്ങളിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തെ വളര്‍ത്തിയ വ്യക്തി: എ വിജയരാഘവന്‍

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

തിരുവനന്തപുരം> ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുന്‍ കണ്‍വീനര്‍ കൂടിയായ എംപി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.ദശകങ്ങളായി കേരളീയ പൊതുജീവിതത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വ മായിരുന്നു വീരേന്ദ്രകുമാര്‍.

 ധൈഷണികതയുടെ ഉയര്‍ന്ന തലങ്ങളിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തെ വളര്‍ത്തിയ അദ്ദേഹം തന്റെ പുരോഗമനപക്ഷപാതിത്വം എല്ലായ്പ്പോഴും ഉയര്‍ത്തിപ്പിടിച്ചു. നിലപാടുകളാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കാതല്‍ എന്ന് ഉറക്കെ പ്രഖ്യാപിച്ചു. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം അദ്ദേഹം ശോഭിച്ചു.

സൗമ്യദീപ്തമായ ആ സമീപനം അനീതിയുടെ മുമ്പില്‍ പ്രക്ഷോഭകാരിയാവും എന്ന് തെളിയിച്ചു. അടിയന്തരാവസ്ഥയ്ക്ക്് എതിരെ നടത്തിയ പോരാട്ടം അതിന് ഉദാഹരണമാണ്. ആഗോളവല്‍ക്കരണത്തിന്റെ തിന്മയ്ക്കെതിരെയും, പരിസ്ഥിതി പ്രശ്നങ്ങളിലും വിട്ടുവീഴ്ചയില്ലാതെ ആ തൂലിക വിശ്രമ രഹിതമായി പോരാടി.

നാനാവിഷയങ്ങളില്‍ അദ്ദേഹം രചിച്ച പുസ്തകങ്ങള്‍ ഒരു മഹാപ്രതിഭയുടെ സിദ്ധിവിശേഷമാണ് സമ്മാനിച്ചത്.ഊഷ്മളമായ സൗഹൃദവും കരുതലിന്റെ പരിഗണനയും വ്യക്തി ബന്ധങ്ങളില്‍ കാത്തുസൂക്ഷിച്ചു. ഇടതുപക്ഷ പ്രസ്ഥാനത്തിനൊപ്പം നിലയുറപ്പിച്ച് ജനപ്രതിനിധിയായും മാധ്യമ സാരഥിയായും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലപ്പെട്ടതായിരുന്നു.

 സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് വേണ്ടി ജീവിതകാലം മുഴുവന്‍ ഉഴിഞ്ഞുവച്ച അദ്ദേഹത്തിന്റെ വ്യക്തിത്വം പുരോഗമന പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകളെ ആദരപൂര്‍വ്വം ഓര്‍ക്കുന്നുവെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു.

--


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top