തിരുവനന്തപുരം
ശ്രീനാരായണ ഗുരുവിനെ ബിജെപി വിചാരിച്ചാൽ ഹൈജാക്ക് ചെയ്യാനാകില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. സാമൂഹ്യ പുരോഗതിയുടെ അടിത്തറ പണിയാൻ മുൻകൈയെടുത്ത സാമൂഹ്യ നേതാവും പരിഷ്‌കർത്താവുമെന്ന നിലയിലാണ് മലയാളി മനസ്സിൽ ശ്രീനാരായണ ഗുരുവിന്റെ സ്ഥാനം.
ഗുരു പ്രതീകവൽക്കരിക്കുന്നത് കേരളം നേടിയ എല്ലാ സാമൂഹ്യ മുന്നേറ്റത്തിന്റെയും അടിത്തറ പാകിയ നവോത്ഥാന സമരത്തെയാണ്. നവോത്ഥാന സമരങ്ങളുടെ ഒരു മൂല്യത്തെയും ബിജെപി ഉൾക്കൊള്ളുന്നില്ല. അതിശക്തമായ ന്യൂനപക്ഷ, ദളിത്, പിന്നാക്കവിഭാഗ വിരുദ്ധ നിലപാടാണ് അവർ എക്കാലത്തും തുടരുന്നത്. ഈ ജനവിഭാഗങ്ങൾക്കുനേരെ വലിയ അതിക്രമങ്ങൾ ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനത്തും അരങ്ങേറുന്നു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിൽ എത്തിയതോടെ ഉത്തരേന്ത്യയിൽ നാട്ടിൻപുറങ്ങളിലാകെ സവർണ ജനവിഭാഗങ്ങളുടെ പ്രത്യേക യോഗങ്ങൾ വിളിച്ചു. ദളിതർക്കും പിന്നാക്കക്കാർക്കുംനേരെ അതിക്രമം കെട്ടഴിച്ചുവിടുന്നതിനുള്ള ആസൂത്രണം നടത്താൻ ഇത്തരം യോഗങ്ങൾക്ക് ഠാക്കൂർമാരും ബനിയമാരും ബ്രഹ്മണൻമാരും നേതൃത്വം നൽകുന്നു.
സവർണ കൂട്ടായ്‌മയുണ്ടാക്കി ദളിതരെയും പിന്നാക്കക്കാരെയും അടിച്ചമർത്താനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് ബിജെപിയാണ്. ബിജെപി സർക്കാരുകളെല്ലാം അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. നരേന്ദ്ര മോദിയുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമില്ലായ്‌മയാണ് ഇതിൽനിന്ന് വ്യക്തമാകുന്നതെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വിജയരാഘവൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..