ന്യൂഡൽഹി
ഏതെങ്കിലും തരത്തിലുള്ള തെറ്റിനെയോ തെറ്റായ പ്രവണതകളെയോ പിന്താങ്ങുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന നിലപാട് സിപിഐ എമ്മിനോ എൽഡിഎഫ് സർക്കാരിനോ ഇല്ലെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പി വി അൻവർ എംഎൽഎ പറയുന്ന പല കാര്യങ്ങളും പാർടിയെ സഹായിക്കുന്നതല്ല. മുഖ്യമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്നതും പാർടിക്ക് ഗുണകരമല്ല. ഇക്കാര്യം പാർടി ചർച്ചചെയ്‌ത് ഉചിതമായ തീരുമാനം എടുക്കും.
പി വി അൻവർ തുടർച്ചയായി ഇത്തരത്തിൽ വാർത്താസമ്മേളനം നടത്തുന്നത് ഇടതുപക്ഷത്തെ എംഎൽഎയ്‌ക്ക് യോജിച്ചതല്ല. അൻവർ വിഷയങ്ങൾ പറയേണ്ടത് പാർടിയോടാണ്. ആ നിലയിൽ കാര്യങ്ങൾ പറയുമ്പോൾ സ്വാഭാവികമായും പരിശോധിക്കും. അദ്ദേഹം നേരത്തെ പറഞ്ഞ കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. തെറ്റുകൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കും. ചട്ടങ്ങൾ അനുസരിച്ചാണ് സർക്കാരിന് പ്രവർത്തിക്കാൻ കഴിയുക. പാർടിയും സർക്കാരും ജനങ്ങൾക്കിടയിലാണ് പ്രവർത്തിക്കുന്നത്. ആ രീതിക്ക് വ്യത്യാസമൊന്നും സംഭവിച്ചിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..