17 November Sunday

ന്യൂനപക്ഷങ്ങൾക്കിടയിൽ ഇടതുവിരുദ്ധത 
പടർത്താന്‍ ലീ​ഗ് ശ്രമം : എ വിജയരാഘവന്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024


മലപ്പുറം
ന്യൂനപക്ഷ സമുദായങ്ങളിൽ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിൽ ഇടതുവിരുദ്ധത രൂപപ്പെടുത്താൻ മുസ്ലിംലീ​ഗ് ബോധപൂർവം ശ്രമിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അം​ഗം എ വിജയരാഘവൻ. കേരളത്തിൽ വിവിധ ന്യൂനപക്ഷങ്ങൾക്കിടയിൽ ഇടതുപക്ഷ സ്വാധീനം വർധിച്ചിട്ടുണ്ടെന്നും ഇത്‌ ഇല്ലാതാക്കാനാണ്‌ ശ്രമമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മലപ്പുറം  ജില്ലയിലെ മുസ്ലിം സമുദായം മതനിരപേക്ഷ ചേരിയിലാണ്. ഇവർക്കിടയിൽ തെറ്റിദ്ധാരണ പരത്തി മുസ്ലിം വോട്ട് ബാങ്ക് ഉണ്ടാക്കുകയാണ് ലീ​ഗിന്റെ ലക്ഷ്യം. ഓരോ വിഷയത്തെയും വർ​ഗീയ വീക്ഷണത്തോടെയാണ് ലീ​ഗ് വിശകലനം ചെയ്യുന്നത്. ഇത് സമൂഹത്തിന് ​ഗുണംചെയ്യില്ല. യുഡിഎഫ് നേതൃത്വവും ഈ തെറ്റായ ശൈലിക്ക് പിന്തുണ നൽകുന്നു.

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രചാരണമാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ ജനസ്വീകാര്യത ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. ‌ഇത് ജനങ്ങൾ നിരാകരിക്കും. ദ ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തെക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ചില മാധ്യമങ്ങൾക്ക് ഇടതുവിരുദ്ധതയാണ്‌ താൽപ്പര്യം. പി വി അൻവർ സിപിഐ എം വിരുദ്ധനും കമ്യൂണിസ്റ്റ് വിരുദ്ധരുടെ കൈയിലെ ആയുധവുമാണ്. അൻവറിന്റെ പ്രവൃത്തികൾ രാഷ്ട്രീയപരമായി തെറ്റാണ്. സിപിഐ എം ജില്ലാ സെക്രട്ടറി ആർഎസ്എസുകാരനാണ്‌ എന്നുപറഞ്ഞാൽ ആരും വിശ്വസിക്കില്ല.

അൻവറിന്റെ പ്രയോ​ഗങ്ങൾ പരിഹാസ്യമാണ്. പി ശശിയുടെ പ്രവർത്തനത്തിൽ പരിമിതിയുണ്ടെന്ന് തോന്നിയിട്ടില്ല. സർക്കാരിന്റെ  പ്രവർത്തനവും  പാർടി പരിശോധിക്കുന്നുണ്ടെന്നും എ വിജയരാഘവൻ മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top