22 December Sunday

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

നിലമ്പൂർ ചന്തക്കുന്നിൽ സിപിഐ എം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യുന്നു


നിലമ്പൂർ
ജനങ്ങളാണ് പാർടിയുടെ കാവലെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ. നിലമ്പൂർ ചന്തക്കുന്നിൽ  സിപിഐ എം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടിയാണ്‌. മലപ്പുറം എന്നതിന് വേറെ അർഥമുണ്ടാക്കാൻ ശ്രമംനടക്കുന്നുണ്ട്‌. സംസ്ഥാനത്ത് കള്ളക്കടത്തും ഹവാലയുംപോലുള്ള എല്ലാ നിയമവിരുദ്ധ പ്രവർത്തനവും വേണമെന്ന് ചിന്തിക്കുന്നവരുണ്ട്. അവരുടെ കൈയടി കമ്യൂണിസ്റ്റ് പാർടിക്ക് വേണ്ട. അൻവറിന് അതാണ് വേണ്ടത്.

ചെങ്കൊടി തൊട്ട് കളിക്കണ്ട എന്നാണ് മലപ്പുറത്തിന്റെ നിലപാട്. അൻവർ അവകാശപ്പെട്ടത് നിലമ്പൂരിലെ കമ്യൂണിസ്റ്റ് പാർടി നേതാക്കളും അണികളും അദ്ദേഹത്തിന്റെ പിന്നിൽ അണിനിരക്കും എന്നായിരുന്നു. ഗൂഡല്ലൂരിൽനിന്ന്‌ കുറച്ചുപേർ വന്നതുകൊണ്ട്‌ അൻവർ നാണംകെടാതെ രക്ഷപ്പെട്ടു.

ഒരു വർഗീയവാദിക്കും ഇവിടെ സംഘർഷമുണ്ടാക്കാൻ സാധിക്കില്ല. ഒരുകാലത്ത് മാധ്യമങ്ങൾക്ക് കേരളത്തിലെ ഏറ്റവും വലിയ കള്ളൻ അൻവറായിരുന്നു. ഇപ്പോൾ മാധ്യമ സുഹൃത്തുക്കൾ രാവിലെമുതൽ അൻവറിന്റെ വീട്ടിലാണ്. സിപിഐ എമ്മിനും ഇടതുപക്ഷത്തിനും എതിരെ തിരിഞ്ഞപ്പോൾ അൻവർ മഹാനായി. കേരള സർക്കാരിനെ ദുർബലപ്പെടുത്തുക  എന്നത് ആർഎസ്എസ് അജന്‍ഡയാണ്. കമ്യൂണിസ്റ്റ് പാർടിയെ തകർക്കാൻ ആളെ കിട്ടിയെന്ന ആഘോഷത്തിലാണ് യുഡിഎഫും ആർഎസ്എസും മുസ്ലിം വർഗീയവാദികളും ഇടതുപക്ഷ വിരോധികളുമെന്നും എ വിജയരാഘവൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top