ആലപ്പുഴ > ആലപ്പുഴയിൽ ഭാര്യയും ബന്ധുക്കളും ചേർന്ന് യുവാവിനെ തലയ്ക്കടിച്ച് കൊന്നു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജൻ - ബീന ദമ്പതികളുടെ മകൻ വിഷ്ണു(34)വാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണുവിന്റെ ഭാര്യ ആതിര(31)യെ ഉൾപ്പെടെ നാലു പേരെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റു ചെയ്തു.
വിഷ്ണുവും ഭാര്യ തറയിൽ കടവ് തണ്ടാശ്ശേരിൽ ആതിരയുമായി പിണക്കത്തിലായിരുന്നു. ചൊവ്വ രാത്രി ഒമ്പതിനാണ് മകൾ തൻവിയോടൊപ്പം വിഷ്ണു ആതിരയുടെ വീട്ടിലെത്തിയത്. കുഞ്ഞ് വീട്ടിൽ നിൽക്കാൻ തയ്യാറാകാതെ വന്നപ്പോൾ ആതിര കുഞ്ഞിനെ അടിച്ചു. ഇത് വിഷ്ണു ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ആതിരയും ബന്ധുക്കളായ തണ്ടാശേരിൽ ബാബുരാജ് (54), പത്മൻ (41), പൊടിമോൻ (50) എന്നിവർ ചേർന്ന് ഇയാളെ ആക്രമിക്കുകയായിരുന്നു.
ഇവരെ പിടിച്ചുമാറ്റുന്നതിനിടെ വിഷ്ണുവിന്റെ ബന്ധുവായ കിഷോറിനും പരിക്കേറ്റു.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കായംകുളത്തെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യാത്രാ മധ്യേയായിരുന്നു മരണം. തലയ്ക്ക് ഏറ്റ അടിയാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. വിഷ്ണു മത്സ്യത്തൊഴിലാളിയായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധൻ രാത്രി എട്ടിന് പെരുമ്പള്ളിയിലെ വീട്ടു വളപ്പിൽ മൃതദേഹം സംസ്കരിച്ചു.
കായംകുളം ഡിവൈഎസ്‌പി എൻ ബാബുക്കുട്ടന്റെ നേതൃത്വത്തിൽ തൃക്കുന്നപ്പുഴ പൊലീസ് ഇൻസ്പെക്ടർ ഷാജിമോൻ, എസ് ഐ അജിത്ത്, എ എസ്ഐമാരായ ശ്രീകുമാർ, ഗോപകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷിജു,ശരത്, ഇക്ബാൽ,സജീഷ്, സിവിൽ പൊലീസ് ഓഫിസർ സഫീർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..