ന്യൂഡൽഹി > ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് ആം ആദ്മി പാർട്ടി. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹിയിൽ നിന്നും നിലവിലെ മുഖ്യമന്ത്രി അതിഷി വീണ്ടും കൽക്കാജിയിൽ നിന്ന് ജനവിധി തേടും. 38 അംഗ സ്ഥാനാർഥി പട്ടികയാണ് പാർട്ടി പുറത്ത് വിട്ടത്.
സൗരഭ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷിൽ നിന്നാകും തെരഞ്ഞെടുപ്പിനെ നേരിടുക. കഴിഞ്ഞ ദിവസം ബിജെപി വിട്ട് ആം ആദ്മി പാർട്ടിയിലെത്തിയ രമേഷ് പെഹ്ൽവാനെ കസ്തൂർബ നഗറിൽ നിന്നുള്ള സ്ഥാനാർഥിയായി തീരുമാനിച്ചു. നിലവിൽ ആം ആദ്മിയുടെ മദൻലാൽ ആണ് അവിടെ എംഎൽഎ.
പൂർണ ആത്മവിശ്വാസത്തോടെയും തയ്യാറെടുപ്പോടെയുമാണ് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് അരവിന്ദ് കെജരിവാൾ പറഞ്ഞു. ബിജെപിയെ എവിടെയും കാണാനില്ല. അവർക്ക് കെജ്‌രിവാളിനെ പുറത്താക്കുക എന്ന ഒറ്റ മുദ്രാവാക്യം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി സ്ഥാനാർഥി ആയി ഉയർത്തിക്കാട്ടാൻ ഒരു മുഖം പോലും ഇല്ലെന്നും കെജ്‌രിവാൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..