23 November Saturday

കരുതലിന്റെ കട്ടിലൊരുക്കാൻ അബ്ദുൽ അസീസ്‌

സ്വന്തം ലേഖകൻUpdated: Wednesday Aug 7, 2024

കട്ടിൽ നിർമാണശാലയിൽ അബ്ദുൽ അസീസ്

പത്തനാപുരം
പെൻഷൻ പൈസയിൽനിന്ന്‌ സ്വരൂപിച്ച തുക ഉപയോഗിച്ച്‌ വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക്‌ കട്ടിൽ പണിതുനൽകാൻ ഒരുങ്ങുകയാണ്‌ ആരോഗ്യവകുപ്പ്‌ മുൻ ജീവനക്കാരൻ. പത്തനാപുരം നടുക്കുന്ന് ഷാലിമാർ മൻസിലിൽ അബ്ദുൽ അസീസാണ്‌ 100 കട്ടിൽ നൽകുന്നത്‌. ഒരു മാസംകൊണ്ട് കട്ടിലുകൾ വയനാട്ടിൽ എത്തിക്കും.

ഒരു കുടുംബത്തിന്‌ ഒരു കട്ടിൽ വീതം നൽകാനാണ്‌ അബ്ദുൽ അസീസിന്റെ തീരുമാനം. കുണ്ടയം വെള്ളാരമൺ ഭാഗത്തെ വർക്‌ഷോപ്പിൽ കട്ടിലിന്റെ പണിയും ആരംഭിച്ചു. എട്ട് തൊഴിലാളികളാണ് പണിയിൽ ഏർപ്പെട്ടിരിക്കുന്നത്. തേക്ക്‌, മാഞ്ചിയം, അക്കേഷ്യ തടികളാണ്‌ കട്ടിലിനായി ഉപയോഗിക്കുന്നത്‌. പ്ലൈവുഡ് വേണ്ടെന്നും അബ്ദുൽ അസീസിന്‌ നിർബന്ധമുണ്ട്. 10,000 മുതൽ 20,000 രൂപവരെ ഓരോ കട്ടിലിനും വിലവരും.

തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലും റീജണൽ ക്യാൻസർ സെന്ററിലും അബ്ദുൽ അസീസ്‌ മുമ്പ്‌ കട്ടിലുകൾ നൽകിയിരുന്നു. പ്രളയസമയത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ ഭക്ഷ്യസാധനങ്ങളും എത്തിച്ചു. എഴുപത്തഞ്ചുകാരനായ അബ്ദുൽ അസീസ് കൊല്ലം ഡിഎംഒ ഓഫീസിലെ പ്രോഗ്രാം ഓഫീസറായിരുന്നു. താഹിറയാണ്‌ ഭാര്യ. രണ്ടു മക്കളുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top