16 November Saturday

മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ട‌് ആസ്ഥാനങ്ങളിൽ റെയ‌്ഡ‌്

സ്വന്തം ലേഖകൻUpdated: Sunday Jul 8, 2018

മഞ്ചേരി > മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ‌്എഫ‌്ഐ പ്രവർത്തകനുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്  മലപ്പുറം ജില്ലയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പൊലീസ് റെയ‌്ഡ‌്. മഞ്ചേരി ചെരണിയിലെ സത്യസരണി, അരീക്കോട് കാരാപറമ്പിലെ  ഗ്രീൻവാലി, കാടാമ്പുഴ രണ്ടത്താണി പൂവൻചിനയിലെ  മലബാർ ഹൗസ‌് എന്നിവിടങ്ങളിലായിരുന്നു ഒരേസമയം പരിശോധന. മൂന്ന‌് സ‌്ക്വാഡായി ശനിയാഴ‌്ച രാവിലെ പത്തരയോടെ തുടങ്ങിയ റെയ‌്ഡ‌് പകൽ ഒന്നോടെയാണ‌് അവസാനിച്ചത‌്. 

മൂന്ന് കേന്ദ്രത്തിലെയും മിനുട്‌സ്, രജിസ്റ്ററുകൾ, അനുബന്ധ രേഖകൾ, കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പാഠപുസ്തകങ്ങൾ, സിലബസ് എന്നിവ പൊലീസ‌് സംഘം പരിശോധിച്ചു. ജീവനക്കാർ, ചുമതലയുള്ള പോപ്പുലർ ഫ്രണ്ട‌് നേതാക്കൾ, വിദ്യാർഥികൾ, താമസിക്കുന്നവർ എന്നിവരെ കുറിച്ച‌് ‌വിവരം  ശേഖരിച്ചു.
അരീക്കോട്ടെ ഗ്രീൻവാലി പോപ്പുലർ ഫ്രണ്ടിന്റെ ആസ്ഥാന കേന്ദ്രമാണ‌്. ചെരണിയിലെ സത്യസരണി അറിയപ്പെടുന്ന മതപരിവർത്തന കേന്ദ്രമാണ‌്. പൂവൻചിനയിലെ മലബാർ ഹൗസ് ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ട്രസ‌്റ്റിന്റെ ആസ്ഥാനമാണ‌്.

ഗ്രീൻവാലിയിൽ മലപ്പുറം ഡിവൈഎസ‌്പി  ജലീൽ തോട്ടത്തിലും സത്യസരണിയിൽ പെരിന്തൽമണ്ണ ഡിവൈഎസ‌്പി എംപി  മോഹനചന്ദ്രനും പൂവൻചിന മലബാർ ഹൗസിൽ തിരൂർ ഡിവൈഎസ‌്പി  ബിജു ഭാസ‌്കറും റെയ‌്ഡിന‌് നേതൃത്വം നൽകി.

 കണ്ണൂരില്‍ 15 പേര്‍ അറസ്റ്റില്‍
 

മതവർഗീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വിധ്വംസക ശക്തികൾക്കൊപ്പം പ്രവർത്തിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനുള്ള പൊലീസ് റെയ്ഡിൽ കണ്ണൂർ ജില്ലയിൽ 15 പേർ അറസ്റ്റിൽ. 70 പേർക്കെതിരെ 107ാം വകുപ്പ് പ്രകാരം കേസെടുത്തു. ക്രിമിനൽ കേസുകളിൽ തുടർച്ചയായി ഏർപ്പെടുന്നവർ എന്ന നിലയിലാണ് ഇവർക്കെതിരെ കേസ്.നിലവിലുള്ളവക്കുപുറമെ പുതിയ എഫ്ഐആറിട്ട് വീണ്ടും കേസ്ചാർജ്ചെയ്യും. മുൻകരുതൽ നടപടിയുടെ ഭാഗമാണിത്. അറസ്റ്റിലായവരിൽ അധികവും പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ്.

ജില്ലയിൽ ശനിയാഴ്ച 47 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. പൊലീസ് റെയ്ഡ് മണത്തറിഞ്ഞ് ഇവിടങ്ങളിൽനിന്നും ആയുധങ്ങളും മറ്റും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് നീക്കിയതായി സംശയമുണ്ട. ഏപ്രിലിൽ നടത്തിയ വാട്സ് ആപ്പ ഹർത്താൽ കേസിലെ പ്രതികളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
വർഗീയക്കേസുകളിൽ പ്രതികളായവരുടെ നീക്കം പൊലീസ് നിരീക്ഷിക്കുന്നുണ്ട്. മുമ്പ് കേസിൽപ്പെട്ട പലരും വിദേശത്തേക്ക് കടന്നിട്ടുണ്ട്. ചിലർ പ്രവർത്തന കേന്ദ്രം മാറ്റിയതും പൊലീസിനെ കുഴക്കുന്നു.

കുറ്റകൃത്യങ്ങൾ പതിവായി ചെയ്യുന്നവരെ ഗുണ്ടാലിസ്റ്റിൽപ്പെടുത്താനുള്ള സാധ്യതയും അന്വേഷിക്കുന്നുണ്ട്. വർഗീയകേസിൽൽപ്പെടുന്നവർക്ക് നിയമസഹായം ലഭ്യമാക്കുന്നവരെക്കുറിച്ചും അന്വേഷിക്കുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top