കോട്ടയം > തെക്കേ അമേരിക്കക്കാരനായ അബിയു പഴത്തിന്റെ പ്രീതി ഇങ്ങ് കേരളത്തിലും പ്രചരിച്ചു തുടങ്ങിയിട്ട് ഏറെക്കാലമൊന്നുമായിട്ടില്ല. നല്ല മധുരം ചേർത്ത കരിക്കിന്റെ കാമ്പ് പോലെ രുചിയുള്ള ഈ ഫലം പോഷകസമൃദ്ധികൊണ്ട് കൂടിയാണ് മലയാളിയുടെ പഴക്കൂടയിൽ ഇടം നേടിയത്. അതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫലവൃക്ഷ കൃഷിയും വ്യാപകമായി തുടങ്ങി.
കോട്ടയം കൊക്കയാർ പഞ്ചായത്തിലെ വെംബ്ലി പൊട്ടംകുളം തോട്ടത്തിൽ എത്തിയാൽ 28 ഏക്കറിൽ മഞ്ഞനിറത്തിൽ മനോഹരമായി വിളഞ്ഞു കിടക്കുന്ന അബിയു കാഴ്ച കാണാം. കൂട്ടിക്കൽ തേൻപുഴ പൊട്ടംകുളം ബോബി ടോമിന്റെ നേതൃത്വത്തിൽ നടത്തിയ കൃഷിയിലാണ് ഈ ആമസോണിയൻ പഴം ഇവിടെ വിളഞ്ഞത്. റബർ മുറിച്ചുമാറ്റിയായിരുന്നു അബിയു കൃഷി ആരംഭിച്ചത്. ഏഴായിരത്തോളം ചെടികൾ നട്ടു. രണ്ടു വർഷം പരിചരിച്ചപ്പോൾ നല്ലരീതിയിൽ വിളവെടുക്കാനായി. ഇപ്പോൾ നടക്കുന്ന വിളവെടുപ്പ് 2025 മാർച്ച് വരെ തുടരും. വെംബ്ലിയിൽനിന്ന് ബംഗളൂരുവിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. കിലോയ്‌ക്ക് നൂറു രൂപക്ക് മാർക്കറ്റിൽ കിട്ടും. അബിയു വാങ്ങാനും കാഴ്ചകൾ കാണാനും കൊക്കയാറിലെ തോട്ടത്തിലേക്ക് നിരവധി പേരാണ് എത്തുന്നത്. ഇവരെയെല്ലാം അബിയു രുചിയുടെ സാമ്പിൾ നൽകി ജോലിക്കാർ സ്വീകരിക്കും.
ഉഷ്ണമേഖല ഫലവൃക്ഷമായ അബിയു പോഷകങ്ങളുടെ ഒരു സൂപ്പർമാക്കറ്റാണ്. വിറ്റാമിനുകളും ധാതുക്കളും മറ്റ് ഘടകങ്ങളും സുലഭമായ പഴം. വിറ്റാമിൻ എ, വിറ്റാമിൻ സി, ഫോളേറ്റ്സ്, പാന്റോതെനിക് ആസിഡ്, നിയാസിൻ, കോളിൻ എന്നിവയെല്ലാ അബിയുവിലുണ്ട്. നാരുകൾ, സോഡിയം, പൊട്ടാസ്യം എന്നിവയും കാത്സ്യം, മാംഗനീസ്, കോപ്പർ, സെലിനിയം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും സുലഭം. അബിയു പഴത്തിന്റെ ഏറ്റവും നല്ല സവിശേഷത അതിൽ സീറോ കൊളസ്ട്രോൾ ആണ് എന്നതാണ്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും കണ്ണുകളുടെയും എല്ലുകളുടെ ചർമത്തിന്റെയും ആരോഗ്യത്തിനും ശ്വാസകോശ രോഗങ്ങൾക്കും ചുമ, ജലദോഷം, ബ്രോങ്കൈറ്റീസ്, ഡയേറിയ പോലുള്ള അസുഖങ്ങൾക്കും അബിയു വളരെ നല്ലതാണ്.
പൗട്ടീരിയ കൈമിറ്റോ എന്നതാണ് ശാസ്ത്രനാമം. 33 അടി ഉയരത്തിൽ വരെ അബിയു മരം വളരും. മഞ്ഞപ്പഴങ്ങൾ കാഴ്ചക്കും മനോഹരമാണ്. അകത്ത് വെളുത്ത, മധുരമുള്ള ജെല്ലിയുണ്ട്. പാൽ ചേർത്ത് ജ്യൂസായിട്ടും ഷേക്കായിട്ടും കഴിക്കാൻ ബെസ്‌റ്റാണ്. അബിയുവിനു യോജ്യമായ കാലാവസ്ഥയുള്ളതിനാലും പഴങ്ങൾക്ക് ആവശ്യക്കാർ ഏറുന്നതിനാലും കേരളത്തിൽ വാണിജ്യക്കൃഷി സാധ്യത ഏറെയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..