18 October Friday

മോഹഭവനത്തിൽ ജീവിച്ച്‌ കൊതിതീരാതെ മടക്കം

ഫെബിൻ ജോഷിUpdated: Sunday Jul 21, 2024

തലവടി (ആലപ്പുഴ)
‘ജോലി അവസാനിപ്പിക്കണം. നാട്ടിൽ എത്തണം. പിന്നീടുള്ള കാലം മണിമലയാറിന്റെ തീരത്ത്‌ ജീവിക്കണം സിബിച്ചായാ’ അവസാന കൂടിക്കാഴ്‌ചയിലും മാത്യൂസ്‌ സംസാരിച്ചത്‌ നീരേറ്റുപുറത്ത്‌ സ്ഥിരതാമസമാക്കുന്നതിനെക്കുറിച്ചാണെന്ന്‌ അടുത്തബന്ധു മുളയ്‌ക്കൽ വർഗീസ്‌ മാത്യു പറയുന്നു.

  രണ്ടുവർഷത്തിനകം പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിൽ തിരിച്ചെത്തണം. തുടർന്ന്‌ നാട്ടിൽ കഴിയണമെന്നായിരുന്നു മാത്യൂസിന്റെയും ലിനിയുടെയും ആഗ്രഹം. മഴക്കാലത്ത്‌ ജലനിരപ്പുയരുന്ന മണിമലയാറിന്‌ മീറ്ററുകൾ മാത്രം മാറി പുതിയ വീടുപണിയുമ്പോൾ ഉറ്റവരാകെ കഴിയാവുന്നത്ര എതിർത്തതാണ്‌.

  ഇത്ര പണം മുടക്കി വീട്‌ പണിയുന്നെങ്കിൽ അത്‌ തിരുവല്ലയിലോ മറ്റോ വെള്ളം കയറാത്ത ഇടത്ത്‌ പോരെയെന്നായിരുന്നു ചോദ്യം. എന്നാൽ  നീരേറ്റുപുറത്ത്‌ തന്നെ താമസിക്കണമെന്ന ആഗ്രഹമായിരുന്നു മാത്യൂസിന്‌. ലിനിയും പിന്തുണച്ചതോടെ 2022 ഒക്‌ടോബർ 27ന്‌ മണിമലയാറിന്റെ കരയിൽ പുതിയ വീടുയർന്നു.  വെള്ളം കയറാതിരിക്കാൻ തറനിരപ്പ് ഉൾപ്പെടെ ഉയർത്തിയാണ് വീട്‌ പണിതത്‌. ആഗ്രഹിച്ചു പണിത വീട്ടിൽ ഇതുവരെ രണ്ടു മാസത്തോളം മാത്രമേ  താമസിക്കാനായുള്ളൂ.  രണ്ടു തവണ നാട്ടിലെത്തിയെങ്കിലും അവധി  കുറവായിരുന്നതിനാൽ വേഗം മടങ്ങേണ്ടി വന്നു.

  ഒരുമാസത്തോളം താമസിക്കാനായത്‌ ഇക്കുറി അവധിക്ക്‌ എത്തിയപ്പോഴാണ്‌. ‘ജനിച്ച നാട്ടിൽ സ്വന്തമായി നിർമിച്ച വീട്ടിൽ ജീവിച്ചുതീർക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ്‌ അവനും കുടുംബവും പോയത്‌’ വിതുമ്പിക്കൊണ്ട്‌ വർഗീസ്‌ മാത്യു പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top