23 December Monday

ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ വിദ്യാർഥിനിയെ ആർപിഎഫ് കോൺസ്‌റ്റബിൾ രക്ഷപ്പെടുത്തി

സ്വന്തം ലേഖകൻUpdated: Saturday Sep 21, 2024

മംഗളൂരു
ഉഡുപ്പി സ്‌റ്റേഷനിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീണ വിദ്യാർഥിനിയെ സാഹസികമായി രക്ഷപ്പെടുത്തി  ആർപിഎഫ് കോൺസ്‌റ്റബിൾ. വെള്ളിയാഴ്‌ച രാവിലെ ഉഡുപ്പി റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് സംഭവം. കാർവാറിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനി നിഹാരിക ട്രെയിൻ നീങ്ങിയതിനുശേഷം കൈയിൽ സാധനങ്ങളുമായി ഓടിക്കയറാൻ ശ്രമിച്ചപ്പോൾ പിടിവിട്ട് വീഴുകയായിരുന്നു.

ഡ്യൂട്ടിയിലുണ്ടായ കോഴിക്കോട് താമരശേരി സ്വദേശിനിയായ ആർപിഎഫ് കോൺസ്‌റ്റബിൾകെ ടി അപർണയുടെ സമയോജിതമായ ഇടപെടലുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.   പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണ നിഹാരികയെ അപർണ വലിച്ച് പ്ലാറ്റ്ഫോമിലേക്കിട്ടു. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാരനും സഹായത്തിനെത്തി. അപ്പോൾതന്നെ ലോക്കോപൈലറ്റ് ട്രെയിൻ നിർത്തി. ചെറിയ പോറലേ നിഹാരികയ്ക്ക് പറ്റിയുള്ളു. അൽപ്പനേരം വിശ്രമിച്ചശേഷം അതേ ട്രെയിനിൽ  യാത്രതുടർന്നു.

കാർവാർ റീജണൽ റെയിൽ‌വേ മാനേജർ ആശാ ഷെട്ടി ഉഡുപ്പി സ്‌റ്റേഷനിൽ നേരിട്ടെത്തി കോൺസ്റ്റബിൾ അപർണയ്ക്ക് പാരിതോഷികമായി 5,000 രൂപയുടെ ചെക്ക് കൈമാറി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top