കോട്ടയം> കുമരകത്ത് കൈപ്പുഴ ആറ്റിലേക്ക് കാർ മറിഞ്ഞ് രണ്ടുപേർ മരിച്ചു. തിങ്കളാഴ്ച രാത്രി 8.45 ഓടെ ആർപ്പുക്കര കൈപ്പുഴമുട്ടിലാണ് സംഭവം. കോട്ടയം ഭാഗത്തുനിന്നും വന്ന കാർ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സർവീസ് റോഡിലൂടെ വന്നപ്പോൾ ആറ്റിൽ വീഴുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
കാറിന്റെ ഉള്ളിൽ നിന്നും ആളുകളുടെ നിലവിളി കേട്ട് ജനങ്ങൾ ഓടിയെത്തിയപ്പോഴേക്കും കാർ വെള്ളത്തിൽ മുങ്ങി. രക്ഷാപ്രവർത്തനത്തിൽ കാർ കണ്ടെത്തി കരയ്ക്കെത്തിക്കുകയും കാറിന്റെ ചില്ലുപൊട്ടിച്ച് ഇരുവരെയും പുറത്തെടുക്കുകയുമായിരുന്നു. മരണപ്പെട്ടത് മഹാരാഷ്ട്ര താനെ സ്വദേശികളാണെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. വൈക്കത്ത് നിന്നുമെത്തിയ അഗ്നിരക്ഷാസേനയും കുമരകം, വൈക്കം പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ കാർ പുറത്തെടുത്തു. കാർ ചെളി നിറഞ്ഞ നിലയിലായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന സ്ത്രീയേയും പുരുഷനയും മെഡി. കോളേജിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു. ഇവരുടെ കൂടെ ഒരു കുട്ടി ഉണ്ടായിരുന്നതായി സംശയിക്കുന്നു. വഴി അറിയാതെ വന്നപ്പോഴാണ് അപകടമെന്നാണ് കരുതുന്നത്. റെന്റ് എ കാർ സംവിധാനത്തിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. മന്ത്രി വി എൻ വാസവൻ അപകടസ്ഥലവും മെഡിക്കൽ കോളേജും സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..