23 December Monday

യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

പത്തനംതിട്ട> അവിഹിതബന്ധമുണ്ടെന്ന സംശയം കാരണം യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചും കത്തികൊണ്ട് കുത്തിയും കൊല്ലാൻ ശ്രമിച്ച ഭർത്താവിനെ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിക്കൽ തെക്ക് എസ്എൻവി സ്‌കൂളിന് സമീപം കിഴക്കേചരുവിൽ വീട്ടിൽ കെ ദിനേശ്(46) ആണ് പിടിയിലായത്. ബുധനാഴ്‌ച  വൈകിട്ട് നാലരയോടെയാണ്‌ യുവതിയുടെ കുടുംബവീട്ടിൽ അതിക്രമിച്ചുകയറി പ്രതി പെട്രോളൊഴിച്ച് കത്തിച്ചുകൊല്ലാൻ ശ്രമിച്ചത്.

വീട്ടിലെ ഹാളിൽവച്ച് കൈയിൽ കരുതിയ പെട്രോൾ നിറച്ച കുപ്പി യുവതിയുടെയും വീട്ടുകാരുടെയും ദേഹത്തേക്ക് വീശി ഒഴിക്കുകയായിരുന്നു.  സിഗരറ്റ് ലാമ്പെടുത്ത് കത്തിക്കാൻ തുടങ്ങിയപ്പോൾ യുവതിയുടെ അച്ഛനും മകളും മറ്റും ചേർന്ന് തടയാൻ ശ്രമിച്ചു.  പ്രതി തലയിലിരുന്ന ഹെൽമെറ്റെടുത്ത് യുവതിയെ എറിഞ്ഞു തലയ്ക്ക് പരിക്കേൽപ്പിച്ചു. കത്തികൊണ്ടുള്ള കുത്ത് തടയാൻ ശ്രമിച്ച വീട്ടിലെ കാർ ഡ്രൈവർ നിർമലിന്റെ ഇടതുകൈയ്‌ക്കും പരിക്കേറ്റു. വീണ്ടും ഭാര്യയെ കുത്താനാഞ്ഞ ദിനേശിനെ തടഞ്ഞപ്പോൾ മകളുടെ കൈയ്‌ക്കും മുറിവേറ്റു. യുവതിയെയും നിർമലിനെയും പ്രതി മർദിക്കുകയും ചെയ്തു.

കൊടുമൺ പൊലീസ് ഇൻസ്‌പെക്ടർ പി വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ ഊർജിത അന്വേഷണത്തിൽ പ്രതിയെ കൊടുമൺ ജങ്‌ഷനിൽനിന്ന്‌ ഉടൻ പിടികൂടി. ശാസ്ത്രീയ അന്വേഷണസംഘവും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയുമായി സംഭവസ്ഥലത്തും ഇയാളുടെ വീട്ടിലും തെളിവെടുപ്പ് നടത്തി. പെട്രോൾ നിറച്ച കുപ്പി, ലൈറ്റർ, യുവതിയുടെയും ഇയാളുടെയും വസ്ത്രങ്ങൾ, ഇയാൾ സഞ്ചരിച്ച സ്കൂട്ടർ എന്നിവ കണ്ടെടുത്തു. പ്രതിയെ പെട്രോൾ വാങ്ങിയ കൊടുമണ്ണിലെ പമ്പിൽ എത്തിച്ചും തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അടൂർ ഡിവൈഎസ്‌പി ജി സന്തോഷ്‌കുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top