"ഉണ്ണി ആശുപത്രിയിൽ പോയതാണ്. പെട്ടെന്ന് വരും. അവനെക്കൂടി കണ്ടിട്ട് പോയാൽ പോരേ?’
രക്താർബുദം ബാധിച്ച് ചികിത്സയും വിശ്രമവുമായി കഴിയുമ്പോഴാണ്, 27 വർഷങ്ങൾക്കുമുമ്പ്, കോഴിക്കോട് മുത്തപ്പൻകാവിനടുത്തുള്ള വീട്ടിലിരുന്ന് ഇടറിയ ശബ്ദത്തിൽ ബാലൻ കെ നായർ ഇങ്ങനെ ചോദിച്ചത്.
"ഉണ്ണി...?’
‘അറിയില്ലേ, എന്റെ മകൻ മേഘനാദൻ.’
പഞ്ചാഗ്നി, ചമയം, ഈ പുഴയും കടന്ന് എന്നിങ്ങനെ വിരലിലെണ്ണാവുന്ന സിനിമകളിലൂടെമാത്രം എനിക്ക് കണ്ടുപരിചയമുണ്ടായിരുന്ന മേഘനാദൻ എന്ന നടൻ വീട്ടുകാർക്ക് ഉണ്ണിയായിരുന്നു.
കാഴ്ചയും രുചിയും ഗന്ധവുമെല്ലാം രോഗം ഇല്ലാതാക്കിയിട്ടും പാതി തുറന്നിട്ട ജാലകത്തിലൂടെ റോഡിലേക്ക് നോക്കി ബാലൻ കെ പറഞ്ഞു: "അൽപ്പസമയംകൂടി ഇരിക്കൂ... ഉണ്ണി വരും. അവനെ നിങ്ങൾക്ക് പരിചയപ്പെടുത്തിത്തരാം.’
ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഗേറ്റ് കടന്ന് വെളുത്ത ഒരു അംബാസഡർ കാർ വന്നു. അൽപ്പം പ്രയാസപ്പെട്ട് ഡോർ തുറന്ന് മേഘനാദൻ പുറത്തേക്കിറങ്ങി. അമ്മ മുറ്റത്തേക്കിറങ്ങി ചോദിച്ചു: ‘ഡോക്ടർ എന്തു പറഞ്ഞു, ഉണ്ണി?’
"കുഴപ്പമില്ല, അമ്മേ. രണ്ടുദിവസം കഴിയുമ്പോ ശരിയായിക്കോളും.’
ഒരുനിമിഷം ശാരീരിക അവശതകളെല്ലാം മറന്ന് ബാലൻ കെയും ചോദിച്ചു."കുഴപ്പമൊന്നുമില്ലല്ലോ ഉണ്ണി.’
"അച്ഛൻ സമാധാനമായിരിക്ക്, ഒരു കുഴപ്പവുമില്ല."
‘എന്തുപറ്റി കാലിന്?’ ഞാൻ ചോദിച്ചു.
"ഫൈറ്റിനിടയിൽ ചെറിയൊരു പരിക്ക്.’
സുന്ദർദാസ് സംവിധാനം ചെയ്ത ‘കുടമാറ്റം' സിനിമയുടെ ക്ലൈമാക്സ് സീനിൽ വിജയരാഘവനുമായുള്ള സംഘട്ടനത്തിന്റെ ചിത്രീകരണത്തിലായിരുന്നു ഗുരുതരമല്ലാത്ത ആ പരിക്ക്.
മേഘനാദനെ പരിചയപ്പെടുത്തിയശേഷം ബാലൻ കെ മുറിയിലേക്ക് പോയി. ‘കോളിളക്കം' സിനിമയുടെ ക്ലൈമാക്സ് സീനിൽ നടൻ ജയൻ മരിക്കാനിടയായ ഹെലികോപ്റ്റർ അപകടത്തിൽ കാലിന് പരിക്കേറ്റ് മദ്രാസിലെ വിജയാ ഹോസ്പിറ്റലിൽ കഴിഞ്ഞ ബാലൻ കെയുടെ അരികിൽ നിന്നിരുന്ന മേഘനാദന്റെ ചിത്രം പെട്ടെന്ന് ഓർമയിൽ തെളിഞ്ഞു.
"ആ അപകടത്തിന്റെ വേദന ഇപ്പോഴും അച്ഛനെ വേട്ടയാടുന്നുണ്ട്. ഷൂട്ടിങ്ങിന് പോകുമ്പോൾ അച്ഛൻ ചോദിക്കും–- ‘‘ഫൈറ്റ് സീനിലാണോ അഭിനയിക്കുന്നത്’’ പിന്നെ ഞാൻ വീട്ടിൽ തിരിച്ചെത്തുംവരെ അച്ഛന്റെ മനസ്സ് അസ്വസ്ഥമായിരിക്കും. അതാണ് ഇപ്പോൾ കണ്ടതും.’ മേഘനാദൻ പറഞ്ഞു.
അഭിനയത്തിൽ അച്ഛൻ കൊളുത്തിയ ‘അഗ്നി’ അതുപോലെ ജ്വലിപ്പിച്ചുനിർത്താൻ സാഹചര്യങ്ങൾ അനുവദിച്ചില്ലെങ്കിലും നാലുപതിറ്റാണ്ടിനുള്ളിൽ മേഘനാദൻ കെട്ടിയാടിയ അമ്പതോളം കഥാപാത്രങ്ങളിൽ ഒരു നടന്റെ വലിയ സാധ്യതകൾ പ്രകടമാക്കിയ വേഷങ്ങളുമുണ്ടായിരുന്നു. കമലിന്റെ ‘ഈ പുഴയും കടന്ന്' സിനിമയിലെ രഘുവിനെ മേഘനാദൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. "പയ്യൻ ഗംഭീരമായി ചെയ്തിട്ടുണ്ടല്ലോ...’ ആ സിനിമയിലെ തന്റെ അഭിനയത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ അഭിപ്രായം എന്നും മേഘനാദന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നു.
അഭിനയിക്കുന്നത് ഒരു സീനിലാണെങ്കിലും അതിൽ ഒരു നല്ല നടന്റെ വൈഭവം പ്രേക്ഷകർക്ക് അനുഭവപ്പെടണം എന്ന ആഗ്രഹമായിരുന്നു മേഘനാദന്. 1990 മുതൽ 2000 വരെ നീണ്ട പത്തുവർഷങ്ങൾ അച്ഛന്റെ രോഗവും കിടപ്പും മേഘനാദനെ വല്ലാതെ അലട്ടി. അച്ഛനോടൊപ്പം ആശുപത്രിയിൽനിന്ന് ആശുപത്രിയിലേക്കുള്ള യാത്രകളായിരുന്നു അക്കാലം. ഈ വിഷമങ്ങൾക്കിടയിൽ നിന്നാണ് പല വേഷങ്ങളും അവതരിപ്പിച്ചത്.
2000ൽ ബാലൻ കെ നായർ വിടപറഞ്ഞു. പട്ടാമ്പിക്കടുത്ത് വാടാനംകുറിശ്ശിയിലുള്ള അമ്മയുടെ വീട്ടിൽവച്ചും മേഘനാദനെ ആ നാളുകളിൽ കണ്ടുമുട്ടി. സംസാരം മുഴുവനും അച്ഛന്റെ അസുഖത്തെക്കുറിച്ചുമാത്രമായിരുന്നു. ഒരിക്കലും തന്നെക്കുറിച്ചോ തന്റെ കഥാപാത്രങ്ങളെക്കുറിച്ചോ എഴുതണമെന്ന് ആവശ്യപ്പെട്ടില്ല. അപൂർവമായി കണ്ടുമുട്ടുമ്പോഴെല്ലാം മറക്കാതെ ചോദിച്ചത് ഒന്നുമാത്രം. "അച്ഛൻ എഴുതിയ കത്ത് ഇപ്പോഴും കൈയിലുണ്ടല്ലോ.’ ദേശാഭിമാനി വാരാന്തപ്പതിപ്പിനുവേണ്ടി 1996ൽ ബാലൻ കെ നായരുമായി നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചുവന്നപ്പോൾ സ്നേഹമറിയിച്ച് അദ്ദേഹം എനിക്കെഴുതിയതായിരുന്നു ആ കത്ത്.
ബാലൻ കെ നായരുടെ പേരിൽ ഷൊർണൂരിൽ വർഷംതോറും സംഘടിപ്പിച്ചുവരാറുള്ള നാടകോത്സവത്തിലേക്കും മേഘനാദൻ മറക്കാതെ ക്ഷണിച്ചു. അച്ഛന്റെ മരണത്തിന്റെ വേദന അധികമാരോടും പങ്കുവയ്‌ക്കാൻ ഇഷ്ടപ്പെടാതിരുന്ന മേഘനാദനെ സഹോദരൻ അജയകുമാറിന്റെ മരണവും വല്ലാതെ ഉലച്ചു. അഭിനയം അത്രയേറെ അഭയമായി കാണാനും കഴിഞ്ഞില്ല. അവസരങ്ങൾ കുറഞ്ഞുകുറഞ്ഞ് വന്നു. അപ്പോഴും മണ്ണിനെയും മനുഷ്യരെയും സ്നേഹിച്ചുകൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തിനായി. മികച്ചൊരു കർഷകനായി മാറിയിരുന്നു മേഘനാദൻ.
‘ആദി'യും ‘ആക്‌ഷൻ ഹീറോ ബിജു’വുമൊക്കെ സിനിമയുടെ മാറിയ കാലത്തും ആ നടന്റെ കഴിവുകൾ പ്രേക്ഷകർക്ക് കാണിച്ചുകൊടുത്തു. ഇനിയുമൊരുപാട് സാധ്യതകൾ മേഘനാദനിലുണ്ടായിരുന്നു. അച്ഛന്റെ വിയോഗം സംഭവിച്ച് രണ്ട് വ്യാഴവട്ടം പിന്നിടുമ്പോൾ മേഘനാദനും യാത്രയായി, അച്ഛനെപ്പോലെ അർബുദത്തിന് കീഴടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..