22 December Sunday

ചമയങ്ങളില്ലാത്ത കമ്യൂണിസ്റ്റ്‌ ; സ്‌മരണകളിൽ ജ്വലിച്ച്‌ ശങ്കരാടി

സ്വന്തം ലേഖകൻUpdated: Friday Jul 19, 2024

ശങ്കരാടിയും ഭാര്യ ശാരദയും


കൊച്ചി > ജന്മശതാബ്‌ദി വർഷത്തിൽ കമ്യൂണിസ്റ്റ്‌ പാർടിയുടെ ആദ്യകാലപ്രവർത്തകൻ എന്നനിലയിലും സ്‌മരണകളിൽ ജ്വലിച്ച്‌ ശങ്കരാടി. നാടക–-സിനിമ രംഗത്ത്‌ തിരക്കുള്ള നടനായി മാറുംമുമ്പ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെയും ഇടത്‌ കലാസംഘടനകളുടെയും സജീവപ്രവർത്തകനുമായിരുന്നു അദ്ദേഹം. പാർടി നേതൃത്വത്തിന്റെ നിർദേശം ശിരസാവഹിച്ചാണ്‌ പിന്നീട്‌ അദ്ദേഹം നാടക–-സിനിമ രംഗത്ത്‌ കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്. ശങ്കരാടിയുടെ ജന്മശതാബ്‌ദി സമ്മേളനം അദ്ദേഹത്തിന്റെ ജന്മനാടായ ചെറായിയിൽ  സാംസ്‌കാരികവകുപ്പിന്റെ നേതൃത്വത്തിൽ 20ന്‌ സംഘടിപ്പിച്ചിട്ടുണ്ട്‌.

ചെറായി മേമന പരമേശ്വരപിള്ളയുടെയും ചങ്കരാടിയിൽ ജാനകിയമ്മയുടെയും മകനായി 1924- ജൂലൈ 14നാണ്‌ ചന്ദ്രശേഖരമേനോൻ എന്ന ശങ്കരാടിയുടെ ജനനം. മഹാരാജാസ് കോളേജിലായിരുന്നു ഇന്റർമീഡിയറ്റ് പഠനം. തുടർന്ന്‌ മറൈൻ എൻജിനിയറിങ് പഠിക്കാൻ ബറോഡയ്ക്ക്‌ വണ്ടികയറി. അവിടെ എൻജിനിയറിങ്ങിനേക്കാൾ ആകർഷിച്ചത്‌ കമ്യൂണിസ്റ്റ്‌ ആശയങ്ങളായിരുന്നു. പാർടിയും ട്രേഡ്‌ യൂണിയനുകളുമായുള്ള ബന്ധം പഠനം തടസ്സപ്പെടുത്തി. കള്ളക്കേസിൽ അകപ്പെടുമെന്നായപ്പോൾ ബോംബെക്ക്‌ കടന്നു. ലിറ്റററി റിവ്യൂ എന്ന മാസികയിൽ പത്രപ്രവർത്തകനായി. ഒപ്പം ബോംബെ മലയാളികൾക്കിടയിൽ രാഷ്‌ട്രീയപ്രവർത്തനവും. ’52ലെ ആദ്യ പൊതുതെരഞ്ഞെടുപ്പുകാലത്ത്‌ പാർടി നിർദേശപ്രകാരം കേരളത്തിലേക്ക്‌ മടങ്ങി. എറണാകുളമായിരുന്നു പ്രവർത്തനകേന്ദ്രം. ആദ്യകാലനേതാവ്‌ പി ഗംഗാധരൻ പാർടി സെക്രട്ടറി. എറണാകുളം നോർത്ത്‌ റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ പാർടി ഓഫീസിന്റെ ചുമതല ശങ്കരാടിക്കായിരുന്നു.
രാഷ്‌ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി സാംസ്‌കാരികസംഘടനകളുമായി ബന്ധം സ്ഥാപിച്ചു. പി ജെ ആന്റണിയുടെ പ്രതിഭാ തിയറ്റേഴ്‌സുമായുള്ള സഹകരണത്തിന്റെ തുടർച്ചയിൽ അതിന്റെ സെക്രട്ടറിയായി. ഇക്കാലത്താണ്‌ ചങ്കരാടിയിൽ എന്ന വീട്ടുപേര്‌ പരിഷ്‌കരിച്ച്‌ ശങ്കരാടി എന്ന പേര്‌ സ്വീകരിച്ചത്‌. 1953ൽ പി ജെ ആന്റണി എഴുതി സംവിധാനം ചെയ്‌ത ‘ഇങ്ക്വിലാബിന്റെ മക്കൾ’ എന്ന നാടകത്തിലെ വേഷം ശ്രദ്ധേയനാക്കി. തോപ്പിൽ ഭാസിയുടെ വിശക്കുന്ന കരിങ്കാലി, മൂലധനം തുടങ്ങിയ നാടകങ്ങളിൽ വേഷമിട്ടു. 1963ൽ കുഞ്ചാക്കോ സംവിധാനം ചെയ്‌ത ‘കടലമ്മ’യാണ്‌ ആദ്യസിനിമ. 

എറണാകുളത്തെ പാർടിപ്രവർത്തനകാലത്ത്‌ സോവിയറ്റ്‌ യൂണിയനിൽനിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന സോവിയറ്റ്‌ നാടിന്റെ പ്രചാരകനായിരുന്നു. മുൻമന്ത്രി ടി കെ രാമകൃഷ്‌ണൻ, എരൂർ വാസുദേവ്‌ എന്നിവർക്കൊപ്പവും നാടകങ്ങൾ അവതരിപ്പിച്ചു. കൊച്ചി രാജ്യത്ത്‌ നിരോധിച്ച ‘ഇങ്ക്വിലാബിന്റെ മക്കൾ’ നാടകം പുഴയിൽ വള്ളം ചേർത്തുകെട്ടിയുണ്ടാക്കിയ അരങ്ങിൽ ശങ്കരാടി ഉൾപ്പെടെ നടന്മാർ അവതരിപ്പിച്ചത്‌  ടി കെ രാമകൃഷ്‌ണൻ പല പ്രസംഗവേദികളിലും പറഞ്ഞിരുന്നു.
സിനിമയിൽ കൊടുമുടികൾ കീഴടക്കിയപ്പോഴും താൻ കമ്യൂണിസ്റ്റാണെന്നതിൽ അദ്ദേഹം അഭിമാനിച്ചിരുന്നു. അന്ത്യംവരെ അങ്ങനെതന്നെയായിരുന്നു. 77–-ാംവയസ്സിൽ 2001 ഒക്‌ടോബർ ഒമ്പതിനാണ് ശങ്കരാടി അന്തരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top