കൊച്ചി> എളമക്കരയില്‍ എഎസ്ഐയെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി വിഷ്ണു അരവിന്ദ് നടിയെ ആക്രമിച്ച കേസിലെയും പ്രതി. നടി കേസിലെ ഒന്നാം പ്രതി സുനില്‍കുമാറിനോടൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ സഹതടവുകാനായിരുന്നു വിഷ്ണു.
മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട വിഷ്ണു സുനില്‍കുമാറിനൊപ്പമാണ് ജയിലില്‍ കഴിഞ്ഞത്. രണ്ട് കോടി ആവശ്യപ്പെട്ട് ജയിലില്‍ വച്ച് സുനി (പള്‍സര്‍ സുനി) എഴുതിയ കത്ത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് നല്‍കിയത് പിന്നീട് ജാമ്യത്തിലിറങ്ങിയ വിഷ്ണുവായിരുന്നു. ദിലീപ് ആവശ്യപ്പെട്ട പ്രകാരമാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും വാഗ്‌ദാനം ചെയ്‌ത പണം ദിലീപ് നല്‍കിയില്ലെന്നും സുനി വിഷ്ണുവിനോട് വ്യക്തമാക്കി. തുടര്‍ന്നാണ് രണ്ട് കോടി ആവശ്യപ്പെട്ട് സുനി ദിലീപിന് കത്തെഴുതുന്നത്.
ജാമ്യത്തിലിറങ്ങിയ വിഷ്ണു കളമശേരിയില്‍ വച്ചാണ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് കത്ത് കൈമാറുന്നത്. സുനിക്ക് മൊബൈല്‍ ഫോണും സിം കാര്‍ഡും ഷൂവില്‍ ഒളിപ്പിച്ച് ജയിലിലെത്തിച്ചതും വിഷ്ണുവായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
മാപ്പു സാക്ഷിയായ വിഷ്ണു വിചാരണ കോടതിയില്‍ ഹാജരാകാത്തതിനെതുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പത്താം പ്രതിയായ വിഷ്ണു പിന്നീട് ജാമ്യത്തിലിറങ്ങി. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ബന്ധമുണ്ടെന്നും പള്‍സര്‍ സുനിയും ദിലിപുമായി പരിചയമുണ്ടെന്നും വ്യക്തമാകുന്നത് വിഷ്ണുവിന്റെ മൊഴിയിലൂടെയായിരുന്നു. 22 കേസുകളിലെ പ്രതിയായ വിഷ്ണുവിനെ ബുധനാഴ്‌ച ബൈക്ക് മോഷണ കേസില്‍ പിടികൂടുന്നതിനിടെയാണ് എളമക്കര എഎസ്ഐ പി എം ഗിരീഷിനെ കുത്തിയത്. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ വിഷ്ണുവിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കമ്മീഷണര്‍ സി എച്ച് നാഗരാജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..