കൊച്ചി
നടിയെ ആക്രമിച്ച കേസിൽ പ്രതികളെ ചോദ്യംചെയ്യുന്നത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. നടൻ ദിലീപും പൾസർ സുനിയും ഉൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ വ്യാഴാഴ്‌ച ഹാജരായിരുന്നു.
ഒന്നാം പ്രതി പൾസർ സുനിയെയും എട്ടാംപ്രതി ദിലീപിനെയും കൂടാതെ രണ്ടാംപ്രതി മാർട്ടിൻ ആന്റണി, മൂന്നാംപ്രതി ബി മണികണ്ഠൻ, നാലാംപ്രതി വി പി വിജീഷ്, ആറാംപ്രതി പ്രദീപ്, ഒമ്പതാം പ്രതി സനിൽകുമാർ, പതിനഞ്ചാം പ്രതി ശരത് ജി നായർ എന്നിവരാണ് കോടതിയിൽ ഹാജരായത്. എന്നാൽ, അഞ്ച് സാക്ഷികളെ വീണ്ടും വിളിച്ചുവരുത്തി വിസ്‌തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് ചോദ്യംചെയ്യൽ വെള്ളിയാഴ്‌ചയിലേക്ക് മാറ്റിയത്.
പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം പൂർത്തിയായശേഷം പ്രതിചേർക്കപ്പെട്ടയാൾക്ക് ക്രോസ്‌വിസ്താരത്തിന് നിയമപരമായ അവകാശമുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സാക്ഷികളെ വിസ്തരിക്കേണ്ടതില്ലെങ്കിൽ അത് രേഖകളുടെ ഭാഗമാക്കണമെന്നും ഹർജിയിലുണ്ട്. കേസ്‌നടപടികളെ പിന്നീടിത് ബാധിക്കാതിരിക്കാനാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ പ്രതിഭാഗത്തോട് കോടതി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാകും ചോദ്യംചെയ്യലിലേക്ക് കടക്കുക. പൾസർ സുനിയോട് സിംകാർഡ് വിശദാംശങ്ങൾ വെള്ളിയാഴ്‌ച സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥപ്രകാരം ഇതുവരെ അത് നൽകാത്ത സാഹചര്യത്തിലാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..