ചെന്നൈ> സ്ത്രീകൾക്ക് നേരെ പെട്ടെന്നുണ്ടാകുന്ന ആക്രമണങ്ങളിൽ എങ്ങനെ തെളിവ് കാണിക്കുമെന്ന ചോദ്യവുമായി നടി ഷീല. ലൈംഗിക അതിക്രമങ്ങളിൽ തെളിവ് ചോദിക്കുന്നതിനെതിരെയായിരുന്നു ഷീലയുടെ പ്രതികരണം. സ്വന്തം കരിയർ പോലും നഷ്ടപ്പെടുത്തി നീതിക്കായി പോരാടിയ ഡബ്ല്യുസിസിയോട് ബഹുമാനമുണ്ടെന്നും ഷീല കൂട്ടിച്ചേർത്തു.
'ഇക്കാര്യങ്ങൾ ടിവിയിൽ കണ്ടപ്പോൾ ഭയങ്കര അത്ഭുതവും സങ്കടവുമാണ് എനിക്ക് തോന്നിയത്. ഉപദ്രവിച്ചുവെന്ന പരാതിയുമായി പൊലീസിൻ്റെ അടുത്ത് പോയാലും കോടതിയിൽ ചെന്നാലും തെളിവ് എന്താണെന്നാണ് ചോദിക്കുന്നത്. ഒരാൾ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാൽ നമ്മൾ ഉടനെ സെൽഫിയെടുക്കുമോ. ഒന്നുകൂടി ഉമ്മ വെക്കൂ, തെളിവിനായി സെൽഫി എടുക്കട്ടെ എന്ന് ചോദിക്കുമോ. അങ്ങനെയൊന്നും പറയില്ല. പണ്ടൊക്കെ ആരെങ്കിലും ലാൻഡ് ഫോണിലൂടെ വിളിച്ച് വല്ലതും പറഞ്ഞാൽ റെക്കോഡ് ചെയ്യാനുള്ള സംവിധാനം ഒന്നുമില്ല. ഇതിനൊക്കെ എങ്ങനെയാണ് തെളിവ് കാണിക്കുക - ഷീല ചോദിച്ചു.
ഒരു നടിയുടെ ജീവിതത്തിൽ കേറി ഇടപെടുന്നതും കരിയർ നശിപ്പിക്കുന്നതുമൊന്നും ചെറിയ കാര്യമല്ലെന്നും അവർ വ്യക്തമാക്കി. സ്ത്രീക്കും പുരുഷനും തുല്യ വേതനം വേണം. പ്രാധാന്യം നോക്കിയിട്ടല്ല സിനിമയിൽ വേതനം നൽകുന്നത്. സ്ത്രീപ്രാധാന്യമുള്ള സിനിമയാണെങ്കിലും പുരുഷനാണ് കൂടുതൽ വേതനം നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..